തൃപ്രയാര്‍: ഹരേ രാമ മന്ത്രം ജപിച്ച് ഏകാദശി വ്രതമെടുത്ത് പതിനായിരങ്ങള്‍ ഇന്ന് തൃപ്രയാറിലെ രാമപുരിയിലെത്തും. ഏകാദശി ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ച് ഇന്നലെ വൈകീട്ട് ശാസ്താവിനെ പുറത്തേക്ക് ഏഴുന്നള്ളിച്ചതോടെ ക്ഷേത്ര പരിസരം ഉത്സവ ലഹരിയിലായി. തൃപ്രയാര്‍ രമേശന് മാരാരുടെ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് ശാസ്താവിനെ പുറത്തേക്ക് എഴുന്നള്ളിച്ചത്. തിരുവമ്പാടി ചന്ദ്രശേഖരന് തിടമ്പേറ്റി. തുടര്‍ന്ന് ആനച്ചമയ പ്രദര്‍ശനം, നൃത്താഞ്ജലി, 7ന് സംഗീത സായാഹ്നം എന്നിവയുമുണ്ടായി.
ദര്‍ശനപുണ്യം നല്കുന്നപകര്ന്ന് ദശമി വിളക്ക് എഴുന്നള്ളിപ്പും നടന്നു. ഇന്ന് പുലര്‍ച്ചെ നിര്‍മാല്യ ദര്‍ശനത്തോടെ ഏകാദശി ചടങ്ങുകള്‍ക്ക് തുടക്കമാകും. 8ന് നടക്കുന്ന ശീവേലി എഴുന്നള്ളിപ്പില്‍ 30 ആനകള്‍ അണിനിരക്കും. ദേവസ്വം സീതാരാമന് ഭഗവാന്റെ തിടമ്പേറ്റും.
കിഴക്കൂട്ട് അനിയന്മാരാരുടെ മേളം അകമ്പടിയാകും. ഉച്ചക്ക് 2ന് ഓട്ടംതുള്ളല്‍, 3ന് നടക്കുന്ന കാഴ്ചശീവേലിക്ക് പെരുവനം സതീശന്മാരാര് മേളത്തിന് നേതൃത്വം നല്‍കും. വൈകീട്ട് 6ന് കെ.പി.രാമചന്ദ്രന്റെ പാഠകം, 6.30ന് ദീപാരാധന, രാത്രി 11ന് വിളക്കെഴുന്നള്ളിപ്പ്, തുടര്‍ന്ന് വെടിക്കെട്ട് എന്നിവ നടക്കും. പുലര്‍ച്ചെ 2ന് പഞ്ചവാദ്യം, നാലിന് ദ്വാദശി പണസമര്‍പ്പണം, 8ന് ദ്വാദശി ഊട്ട് എന്നിവയാണ് ചടങ്ങുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: