ആലത്തൂര്‍: ഇരുപത്തഞ്ചോളം പട്ടികവര്‍ഗ വിഭാഗം കുടുംബങ്ങള്‍ താമസിക്കുന്ന കടപ്പാറ മൂര്‍ത്തിക്കുന്നില്‍ കക്കൂസില്ല. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നത് മംഗലംഡാമിന്റെ പ്രധാന നീരൊഴുക്കായ കടപ്പാറ തോടിന്റെ കരകളില്‍.
പട്ടികവര്‍ഗ വിഭാഗത്തിനായി കോടികളുടെ ഫണ്ടുകള്‍ ഒഴുകുമ്പോഴാണ് മൂര്‍ത്തിക്കുന്ന് കോളനിക്കാരുടെ ദുരവസ്ഥ. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളും യുവതികളുമൊക്കെ കാര്യം നടത്തുന്നത് തോടിന്റെ കരകളിലുള്ള പൊന്തക്കാടുകളിലാണ്.എട്ടോ പത്തോ പൊതുകക്കൂസുകളെങ്കിലും വേണമെന്ന ആവശ്യത്തിനുപോലും ഇവിടെ പരിഹാരമില്ല. അടുത്തടുത്താണ് ഇവിടെ വീടുകളുള്ളത്.
രാത്രികാലങ്ങളിലാണ് കക്കൂസില്ലാത്തതിന്റെ ബുദ്ധിമുട്ട് സ്ത്രീകളെ വലയ്ക്കുന്നത്. മലമൂത്ര വിസര്‍ജനം ബക്കറ്റുകളിലോ കവറുകളോ നടത്തി പകല്‍സമയം ഈ മാലിന്യമെല്ലാം തോട്ടിന്കരയില് തള്ളും. മഴ പെയ്താല്‍ വിസര്‍ജ്യമെല്ലാം ഒഴുകിയെത്തുന്നത് മംഗലംഡാമിലും. മംഗലംഡാം സ്രോതസാക്കി 63 കോടി രൂപയുടെ ബൃഹത്തായ കുടിവെള്ളപദ്ധതി വരാനിരിക്കെ മനുഷ്യവിസര്‍ജ്യം ഡാമിലെ വെള്ളത്തില്‍ കലരുന്നത് വലിയ ആരോഗ്യപ്രശ്നത്തിനു കാരണമാകും.
കഴിഞ്ഞ ജൂണിലാണ് മൂര്‍ത്തിക്കുന്ന് കോളനിയില്‍ ഛര്‍ദിയും വയറിളക്കവും പടര്‍ന്നുപിടിച്ചത്. കുടിക്കാന്‍ ശുദ്ധജലത്തിന്റെ കുറവാണ് രോഗം പടരാന്‍ കാരണമായെന്ന് അന്നു മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനുശേഷവും അധികൃതരുടെ അനാസ്ഥ തുടരുകയാണ്.
കടപ്പാറ തോട്ടിലെ വെള്ളം കാണുമ്പോള്‍ നല്ലതാണെങ്കിലും വെള്ളത്തില്‍ ക്വാളിഫോം ബാക്ടീരിയയുടെ അളവ് അനുവദനീയമായതിലും കൂടുതലാണെന്നാണ് കണ്ടെത്തല്‍. ഈ വെള്ളം കുടിച്ചാല്‍ ഛര്‍ദിയും വയറിളക്കവും മൂലം മരണംവരെയും സംഭവിക്കാമെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പു നല്‍കിയിരുന്നു. വേനല്‍ക്കാലങ്ങളില്‍ തോട്ടില്‍ കുഴിയുണ്ടാക്കി അതില്‍ ഊറിവരുന്ന വെള്ളമാണ് കോളനിക്കാര്‍ കുടിക്കാന്‍ ഉപയോഗിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: