വടക്കാഞ്ചേരി: നാട്ടുകാരുടെ ജനകീയ പ്രതിഷേധത്തെത്തുടര്‍ന്ന് അടച്ച കള്ള്ഷാപ്പ് തുറക്കാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥയില്‍ കലാശിച്ചു.
ഓട്ടുപാറയില്‍ രണ്ടുവര്‍ഷം മുമ്പ് നിര്‍ത്തലാക്കിയ കള്ളുഷാപ്പ് വിനോദസഞ്ചാര കേന്ദ്രമായ വാഴാനിയിലേക്കുള്ള പാതയ്ക്കരികിലായി വീണ്ടും സ്ഥാപിക്കാന്‍ ശ്രമം നടത്തിയിരുന്നു.
കള്ളുഷാപ്പ് ആരംഭിക്കുന്നതിന് ആവശ്യമായ അനുമതികള്‍ ലഭിക്കാതെയാണ് പ്രവര്‍ത്തനം തുടങ്ങാന്‍ ശ്രമമുണ്ടായത്.
വ്യാപാര സ്ഥാപനങ്ങളും വീടുകളുമുള്ള പ്രദേശത്തെ കള്ളുഷാപ്പ് തുറക്കുന്നത് സൈ്വര്യജീവിതത്തെ ബാധിക്കുമെന്നുള്ളതിനാല്‍ ജനങ്ങള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.
ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ഷാപ്പു തുറക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇന്നലെ വീണ്ടും ഉടമകള്‍ സംഘം ചേര്‍ന്ന് കള്ളുഷാപ്പ് തുറക്കാന്‍ ശ്രമിക്കുകയായിരുന്നു.
എക്സൈസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടുകൂടിയായിരുന്നു നീക്കമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
അധികൃതര്‍ക്കും രാഷ്ട്രീയ കക്ഷികള്‍ക്കും പണം നല്കി പ്രവര്‍ത്തിക്കുന്ന സംഘമാണ് കള്ളുഷാപ്പിന് പിന്നില്‍.
പ്രദേശത്തെ വീടുകളിലെ താമസക്കാരും ജനപ്രതിനിധികളും ഇന്നലെ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് പ്രതിഷേധക്കാരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കള്ള് ഷാപ്പ് അടച്ചിടുന്നതിന് തീരുമാനമെടുത്തു.
പി.ജി.രവീന്ദ്രന്, അഡ്വ. റോയ് ഫ്രാന്‍സിസ്, രാഘവന്, അനില്‍കുമാര്‍, എം.വി. ഗോവിന്ദന്‍കുട്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: