കാസര്‍കോട്: മധൂര്‍ ഗ്രാമപഞ്ചായത്തിനുകീഴില്‍ ചെട്ടുംകുഴിയില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടി ഗ്രേഡ് ലേണിംഗ് സെന്റര്‍ സ്കൂള്‍ അവഗണനയുടെ വക്കില്‍. സര്‍ക്കാര്‍ മിച്ചഭൂമിയായ 2.20 ഏക്കര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയത്തെ സര്‍ക്കാര്‍ സ്കൂളാക്കി അംഗീകരിക്കണമെന്ന സ്കൂള്‍ അധികൃതരുടെ ആവശ്യങ്ങള്‍ ഇന്നും പ്രാവര്‍ത്തികമായിട്ടില്ല.
സ്കൂളിനെ അപ്പര്‍ പ്രൈമറി വിഭാഗത്തിലേക്ക് അപ്ഗ്രേഡ് ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യങ്ങള്‍ക്കും ഏറെ പഴക്കമുണ്ട്. 2000ല്‍ ആരംഭിച്ച സ്കൂളിലെ അധ്യാപകര്‍ക്ക് ഇന്ന് കൃത്യമായി ശമ്പളം പോലും ലഭിക്കുന്നില്ല.
സ്കൂള്‍ തുടങ്ങിയ കാലത്ത് വിരലിലെണാവുന്ന വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഇവിടെ പഠിച്ചിരുന്നത്. എന്നാല്‍ 2005 മുതല്‍ 2008 വരെയുള്ള അധ്യയന വര്‍ഷങ്ങളില്‍ നൂറില്‍പ്പരം വിദ്യാര്‍ത്ഥികള്‍ ഇവിടെ നിന്നും പഠിച്ചിറങ്ങി.
അന്ന് സ്കൂളിന് ഒരു അധ്യാപിക മാത്രമാണുണ്ടായിരുന്നത്. ഇന്ന് 42 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപികമാരും ഉള്ള ലേണിംഗ് സെന്റര്‍ തീര്‍ത്തും അവഗണനയുടെ പാതയിലാണ്.
സമൂഹത്തിലെ നിര്‍ധനരായ കുടുംബങ്ങളില്‍ നിന്നും നിരവധി കുട്ടികളാണ് ഇവിടെ പഠിക്കാനെത്തുന്നത്.
പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ കൂടുമ്പോഴും അധ്യാപികമാര്‍ക്ക് ലഭിക്കുന്ന ശമ്പളം വളരെ തുച്ഛമാണ്. മൂവായിരം രൂപ മാത്രമാണ് ഒരധ്യാപികയ്ക്ക് ലഭിക്കുന്ന മാസ വരുമാനം. ചിലപ്പോള്‍ മാസങ്ങള്‍ കഴിഞ്ഞാണ് ശമ്പളം ലഭിക്കാറെന്നും അധ്യാപികമാര്‍ പറയുന്നു.
എല്‍എസ്എസ് സ്കോളര്‍ഷിപ്പ് ലഭിക്കാറുള്ള സമര്‍ത്ഥരായ നിരവധി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂളാണിത്. എങ്കിലും അധ്യാപികമാര്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കാത്തത് സ്കൂളിന്റെ നിലനില്‍പ്പിനെ തന്നെ അപകടത്തിലാക്കുന്നു.
കലാകായിക മേളയില്‍ 2008 വരെയും മികവ് പുലര്‍ത്തിയിരുന്ന അനേകം വിദ്യാര്‍ത്ഥികളെ എംജിഎല്‍സി സ്കൂള്‍ സംഭാവന ചെയ്തിട്ടുണ്ട്. എന്നാല്‍ അവിടുന്നിങ്ങോട്ട് കഴിഞ്ഞ ആറ് വര്‍ഷമായി ഇത്തരം പരിപാടികളിലൊന്നും തന്നെ കുട്ടികളെ മനപൂര്‍വ്വം പങ്കെടുപ്പിക്കാത്ത സ്ഥിതി വിശേഷമാണുള്ളതെന്ന് അധ്യാപകര്‍ പറയുന്നു.
ഓടിട്ട കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മധൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള എംജിഎല്‍സി വിദ്യാലയത്തിന്റെ പരാധീനതകള്‍ക്ക് ഉടന്‍ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് സ്കൂള്‍ അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: