പത്തനാപുരം: പാറുകുട്ടിയെന്ന വയോധികയുടെ ദാരുണഅന്ത്യം മനുഷ്യമനസാക്ഷിയെ ഞെട്ടിച്ചു. ജന്മം നല്കിയ മാതാപിതാക്കളെ അവസാനഘട്ടത്തില്‍ ഉപേക്ഷിച്ചു കടന്നുകളയുന്ന പുത്തന്‍ തലമുറയിലെ മക്കളുടെ ഇരയും രക്തസാക്ഷിയുമാവുകയായിരുന്നു കടയ്ക്കാമണ്‍ രേവതിഭവനില്‍ പാറുകുട്ടി (80). ജീവിതത്തിന്റെ പുഷ്കരകാലങ്ങള് സ്വന്തം മക്കള്‍ക്കായി ചെലവഴിച്ചശേഷം സംരക്ഷണം ആവശ്യമായി വരുമ്പോള്‍ ഉപേക്ഷിക്കപ്പെടുന്നവരില്‍ ഒരാളായി പാറുക്കുട്ടിയമ്മ മടങ്ങി.
കഴിഞ്ഞദിവസമാണ് ദിവസങ്ങള്‍ പഴക്കം ചെന്ന പാറുക്കുട്ടിയമ്മയുടെ മൃതശരീരം പുഴുവരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. പനിപിടിച്ച് കിടന്ന മാതാവിനെ എന്തിന്റെ പേരിലോ ആശുപത്രിയില്‍ എത്തിച്ചശേഷം കുടുംബവീട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചയായി ഇവരുടെ വിവരം അന്വേഷിക്കാന്‍ നൊന്തുപെറ്റ മക്കളോ മരുമക്കളോ എത്തിയില്ല.
രണ്ട് ദിവസങ്ങള്‍ക്കുമുമ്പ് നാല് മക്കളില്‍ ഒരാളെത്തി വീട്ടുവളപ്പില്‍ നിന്ന് തേങ്ങയും വാഴക്കുലയും കൊണ്ടുപോയിട്ടും ഒന്നു തേങ്ങാനോ ഞരങ്ങാനോ പോലും കഴിയാതെ വീടിനുള്ളില്‍ കിടന്ന അമ്മയെ ശ്രദ്ധിച്ചില്ല. ഒടുവില്‍ മരണമറിഞ്ഞ് എത്തിയ മക്കള്‍ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകാനോ ഫോട്ടോഗ്രാഫര്‍ക്ക് പണം നല്‍കാനോ തയ്യാറായില്ല.
ആരോഗ്യവകുപ്പില്‍ ജോലിയുള്ള മകനും ഗള്‍ഫില്‍ ഉയര്‍ന്ന ജോലിയുള്ള മകനും ഉണ്ടായിട്ടും ഈ അമ്മയുടെ ഗതി ഈ നിലയിലായിരുന്നു. സ്വത്തിനും പണത്തിനുംവേണ്ടി മാത്രം മാതാപിതാക്കളെ സ്നേഹിച്ച് കൈവിരല്‍ പതിപ്പിക്കുന്നവര്‍ക്കെതിരെ പല നിയമങ്ങളും നിലനില്‍ക്കുന്നുണ്ട്. എങ്കിലും ഇതൊന്നും ഫലം കാണാറില്ല. ഇവരും ഓര്‍ക്കുക, നാളെ വൃദ്ധരാകും എന്ന സത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: