കരുനാഗപ്പള്ളി: ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തെയും പ്രവര്‍ത്തകരേയും അക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തതിലും സംഘപരിവാര്‍ പ്രവര്‍ത്തകരോടുള്ള നീതിനിഷേധത്തിനെതിരെയും കരുനാഗപ്പള്ളി എസിപി ഓഫീസിലേക്ക് നടന്ന മാര്‍ച്ചില്‍ ബിജെപി പ്രതിഷേധമിരമ്പി.
കരുനാഗപ്പള്ളി ഹൈസ്ക്കൂളില്‍ നിന്നാരംഭിച്ച പ്രതിഷേധമാര്‍ച്ച് പോലീസ് സ്റ്റേഷന് മുന്‍വശത്തുവച്ച് വന്‍പോലീസ് സന്നാഹം തടഞ്ഞു. മാര്‍ച്ചിന്റെ ഉദ്ഘാടനം ബിജെപി സംസ്ഥാനവൈസ്പ്രസിഡന്റ് എം.ടി.രമേശ് നിര്‍വഹിച്ചു. കരുനാഗപ്പള്ളിയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ നടന്ന അക്രമം ഒരു വഴിപ്പോക്കന്റെ ഒറ്റയാന് പോരാട്ടമായി കണക്കാക്കാന്‍ കഴിയില്ലെന്നും നാട്ടില്‍ സംഘര്‍ഷമുണ്ടാക്കി സമാധാനം ഇല്ലാതാക്കാന്‍ ആസൂത്രിതമായ നീക്കമായേ ഇതിനെ കണക്കാക്കാന്‍ കഴിയുവെന്നും അദ്ദേഹം പറഞ്ഞു. കേരളാ ഗവണ്മെന്റിനെക്കുറിച്ചും പോലീസിനെകുറിച്ചും വളരെ മോശമായ അഭിപ്രായമാണ് നിലനില്‍ക്കുന്നത്. ഇതിനുകാരണം അക്രമികളോടും വര്ഗീയവാദികളോടുമുള്ള ഗവണ്മെന്റിന്റെ മൃദുസമീപനമാണ്.
സംസ്ഥാനത്തെ ഭരണകൂടം രാജ്യദ്രോഹികളുടെ ചട്ടുകമായിട്ടുമാറിയാല് പോലീസിനോടും തീവ്രവാദികളോടും ഒരേ സമീപനമായിരിക്കും ബിജെപി പുലര്‍ത്തുക. നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്നതിനുപകരം കലാപത്തിന് ഇരയാകുന്നവരുടെ പേരില്‍ കേസെടുക്കുന്ന സമീപനമാണ് പോലീസ് കാട്ടുന്നത്. കേരളത്തിലെ പോലീസ് സംവിധാനത്തെ നിയന്ത്രിക്കുന്നത് ചില തീവ്രവാദസംഘടനകളാണ്. പോലീസാകട്ടെ രാജാവിനെക്കാള്‍ വലിയ രാജഭക്തി പുലര്‍ത്തുന്നവരും. ഇക്കൂട്ടരെ കണ്ടെത്തി കരുനാഗപ്പള്ളിയില്‍ തന്നെ സ്ഥാപിച്ചിരിക്കുകയാണ്. ഈ പ്രവണത അപകടകരമാണെന്നും കൂട്ടിച്ചേര്‍ത്തു.
ബിജെപി പ്രവര്‍ത്തകരെ അക്രമിച്ച് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാവാത്തപക്ഷം കേരളത്തിന്റെ മുഴുവന്‍ സംഘപരിവാര്പ്രവര്ത്തകരേയും അണിനിരത്തി വന്‍പ്രക്ഷോഭം ആരംഭിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. നേതാക്കളായ മാലുമേല്‍ സുരേഷ്, ആര്.മോഹനന്, ഉത്തമന് ഉണ്ണൂലേത്ത്, എസ്.രാജേഷ്, തഴവ ഉണ്ണി, സനല്‍, അനില്‍ നമ്പരുവിക്കാല, അനീഷ്, ഓച്ചിറ രവി, ഓമനക്കുട്ടന്, സതീഷ് തേവനത്ത്, രാധാകൃഷ്ണന് വരവിള, എസ്.കാര്ത്തികേയന്, മംഗളാനന്ദന്‍, സതീഷ് നമ്പരുവിക്കാല, ചേരിയില്‍ ശ്രീകുമാര്‍, സുരേന്ദ്രന് നായര്‍, ശരത്കുമാര്, ശ്രേയസ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: