പാറകള്‍ നിരയിട്ട കുന്നിന്‍പുറം
കൊത്തളം കുന്നെന്നു പേര് പതിഞ്ഞു
കുത്തനെയുള്ള കയറ്റമാണ്
കുട്ടികള്‍ ഞങ്ങള്‍ കടന്നു കേറും
ഒട്ടു കിതച്ചു വിയര്‍ത്തിരിക്കും
താഴേയ്ക്കും നോക്കി രസിച്ചിരിക്കും
ദൂരെ പുഴയൊരു ചാലു പോലെ
വെള്ളിക്കൊലുസ്സ് തിളങ്ങു പോലെ
അതിദൂരം തീവണ്ടി പാതയുണ്ട്
കുഞ്ഞനെറുമ്പുകള് വരികണക്കെ
കരിതുപ്പി പോകുന്ന തീവണ്ടിയില്‍
പുലര്‍കാല സ്വപ്നത്തിന് പൂമിഴികള്‍!
വെയില് കൊണ്ട് നരച്ച പാടങ്ങളില്‍
പതിവുപോല്‍ മേയുന്നു പൈക്കിടാങ്ങള്‍
മുണ്ടകന്കോടൊക്കെ കൊയ്തൊഴിഞ്ഞോ
കറ്റമെതി തന് തിരക്കൊഴിഞ്ഞോ?
വേനലിന് കുന്ന് ചുമന്നിരിക്കും
ചെമ്മണ് പുതപ്പ് പുതച്ചിരിക്കും
മഴ പെയ്തു മാനം തെളിഞ്ഞു നിന്നാല്‍
മഴവില്ല് പോലെ മനം ഉണരും
കൊത്തളം കുന്ന് നനഞ്ഞു നിന്നാല്‍
ഈറനുടുത്ത പെങ്കിടാവ് പോലെ
പാറിക്കളിക്കുന്ന തുമ്പികളെ
ഓടിപ്പിടിക്കാന്‍ കൊതിച്ച നേരം
പാറപ്പുറത്ത് കാല് തല്ലിവീണ്
വേദനയോടെ കരഞ്ഞെണീക്കും
പോക്ക് വെയിലിന് മഞ്ജിമയില്‍
സ്വര്‍ണ പ്രഭയില്‍ തിളങ്ങി നില്ക്കും
സായന്തനങ്ങളില്‍ കുന്നിന്‍പുറം
ഏറെ മുഖരിതമായിരിക്കും
കുട്ടികള്‍ ഞങ്ങള്‍ വളര്‍ന്നു വലുതായ്
കൊത്തളം കുന്നോ വിളര്‍ന്നു ചെറുതായി
മറന്നില്ല ചിലര്‍ അവര്‍ മാഫിയക്കാര്‍
വെട്ടി മുറിച്ചു പറിച്ചെടുത്തു
കൊത്തളം കുന്നും തുരന്നെടുത്തു
വെട്ടേറ്റഗാധ ഗര്‍ത്തമായി, ക്ഷണം
കല്‍വെട്ട് ക്വാറിയായി മാറിപ്പോയി
കൊത്തിയടര്‍ത്തിയ ചെങ്കല്ലുകള്‍
വെട്ടേറ്റു മൂകം വിതുമ്പിടുന്നു
മണ്ണും മനസ്സും പകുത്തെടുത്തോ
കരളും അകച്ചൂടും പിടിച്ചെടുത്തോ
കനിവാര്‍ന്ന നയനങ്ങള്‍ പിഴുതെടുത്തോ
കഴിയും കഴുക്കോലും പറിച്ചെടുത്തോ
പിഴയൊടുങ്ങും ഈ നാള് വഴിയില്‍
മരണവും ഒരുനാള്‍ ഗ്രസിച്ചിരിക്കും, നിന്നെ
മരണവും ഒരുനാള്‍ ഗ്രസിച്ചിരിക്കും
കൊത്തളം കുന്ന് വലിയൊരോര്‍മ്മ
നാട്ടുകാര്‍ നമ്മള് മറന്നൊരോര്‍മ്മ
പ്രതികരിക്കാൻ ഇവിടെ എഴുതുക: