ചേര്‍ത്തല: താലൂക്ക് സപ്ലൈ ഓഫീസില്‍ സംഘര്‍ഷം; റേഷന്‍ വ്യാപാരികള്‍ ജീവനക്കാരെ കൈയേറ്റം ചെയ്ത് ഫയലുകള്‍ വലിച്ചെറിഞ്ഞതായി പരാതി. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമെന്ന് റേഷന്‍ വ്യാപാരികള്‍. താലൂക്ക് സപ്ലൈ ഓഫീസില്‍ 13്റ രാവിലെയായിരുന്നു സംഭവം. റേഷന്‍ വ്യാപാരികളുടെ സമരം ഒത്തുതീര്‍പ്പായതിനെ തുടര്‍ന്ന് സാധനങ്ങള്‍ എടുക്കാനെത്തിയ വ്യാപാരികള്‍ സമരവുമായി ബന്ധപ്പെട്ട് നേരത്തെ സസ്പെന്‍ഡ് ചെയ്ത കടയുടെ സ്റ്റോക്ക് പാസാക്കിയ ശേഷം മറ്റുള്ളവര്‍ക്ക് നല്കിയാല് മതിയെന്ന് ആവശ്യപ്പെട്ടു.
എന്നാല്‍ ജില്ലാ സപ്ലൈ ഓഫീസര്‍ സസ്പെന്‍ഡ് ചെയ്ത കടയ്ക്കെതിരെയുള്ള നടപടികള്‍ പിന്‍വലിക്കാന്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് കഴിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാലിത് റേഷന്‍ വ്യാപാരികള്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് ജീവനക്കാരും വ്യാപാരികളുമായി തര്‍ക്കമായി. ഇതിനിടെ ജീവനക്കാരെ കൈയേറ്റം ചെയ്ത് ഫയലുകള്‍ പിടിച്ചെടുത്തതായി പരാതിയുയര്‍ന്നു. തുടര്‍ന്ന് പോലീസ് എത്തുകയും താലൂക്ക് സപ്ലൈ ഓഫീസര്‍ ജില്ലാ സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് സസ്പെന്‍ഡ് ചെയ്ത കടയ്ക്കെതിരെയുള്ള നടപടി പിന്‍വലിച്ച് ഇ-മെയിലിലൂടെ ഉത്തരവ് വാങ്ങി. ഇതോടെയാണ് പ്രശ്നം അവസാനിച്ചത്.
ജീവനക്കാരെ കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് സംയുക്ത സമിതി പ്രകടനം നടത്തി. റേഷന്‍ കടയ്ക്കെതിരെ നടപടിയെടുത്തതില്‍ വ്യാപാരികളും പ്രതിഷേധിച്ചു. റേഷന്‍ വ്യാപാരികളുമായുള്ള പ്രശ്നം പരിഹരിച്ചെന്നും പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നും സപ്ലൈ ഓഫീസര്‍ നസീമാ ബീവി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: