പരവൂര്‍: പരവൂരിലും പരിസരപ്രദേശങ്ങളിലും കള്ളനോട്ട് വ്യാപകമാകുന്നു. ബാങ്കുകളില്‍ പണമിടപാട് നടത്തുമ്പോള്‍ അവിടെ നിന്നുപോലും കള്ളനോട്ട് കിട്ടുന്നതായി പരാതി. ബാങ്കിലെ പല ജീവനക്കാര്‍ക്കും കള്ളനോട്ടിനെക്കുറിച്ച് അറിവില്ലാത്തതും ബാങ്കില്‍ കള്ളനോട്ട് തിരിച്ചറിയുന്ന മെഷീന്റെ അഭാവവും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
പാരിപ്പള്ളിയിലെ പെട്രോള്‍ പമ്പിലും മൊബൈല്‍ കടയിലും കള്ളനോട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വഴിമുട്ടിയതാണ് ഇതിന്റെ പ്രചാരം വീണ്ടും വര്ധിക്കുവാനിടയാക്കിയത്. നൂറ്, അഞ്ഞൂറ്, ആയിരം എന്നിവയുടെ കള്ളനോട്ടുകളാണ് കൂടുതലായും ഇവിടെ മറിയുന്നത്. അഞ്ഞൂറിന്റെ യഥാര്‍ത്ഥ നോട്ട് കൊടുത്ത് സാധനം വാങ്ങി കഴിയുമ്പോള്‍ ബാക്കി കിട്ടുന്ന തുകയില്‍ ഒന്നോ രണ്ടോ നൂറിന്റെ കള്ളനോട്ടാണ് കിട്ടുന്നത്.
പരവൂര്‍ സ്വദേശിനികളായ രണ്ട് സ്ത്രീകള്‍ കൊല്ലത്തെ പ്രമുഖ ജുവലറിയില്‍ നിന്ന് സ്വര്‍ണം വാങ്ങി കള്ളനോട്ട് നല്കി പറ്റിക്കുവാന്‍ ശ്രമിച്ചിരുന്നു. ജുവലറി ഉടമയുടെ സമയോചിതമായ ഇടപെടലില്‍ ഈ സ്ത്രീകള്‍ പോലീസ് പിടിയിലായി. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഇവര്‍ പുറത്തിറങ്ങുകയും അന്വേഷണം മരവിപ്പിക്കുകയും ചെയ്തു. ഇവരെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താത്തതില്‍ ദുരൂഹത ഉള്ളതായി അറിയുന്നു. തുടക്കത്തിലെ അന്വേഷിച്ച് കണ്ടെത്താവുന്ന പല കേസുകളും ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം നിഷ്ക്രിയമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: