വടക്കാഞ്ചേരി: വടക്കാഞ്ചേരിയില്‍ മോഷണ പരമ്പര. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഓഫിസ് തകര്‍ത്ത് പതിനായിരം രൂപ കവര്‍ന്നു. മൂന്നിടത്ത് മോഷണ ശ്രമവും നടന്നിട്ടുണ്ട്.കുമ്പളങ്ങാട് റോഡിലുള്ള ഗേള്‍സ് സ്കൂളിലെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ പതിനായിരം രൂപയാണ് കവര്‍ന്നത്.ഓഫീസ് മുറിയിലേയും തൊട്ടടുത്ത സ്റ്റാഫ് റൂമിലേയും അലമാരയും ലോക്കറും തകര്‍ത്തിട്ടുണ്ട്. ലോക്കറില്‍ സൂക്ഷിച്ചിരുന്ന 7000 രൂപയും കാന്‍സര്‍ രോഗികളെ സഹായിക്കുന്നതിനുവേണ്ടി കുട്ടികളില്‍ നിന്നും കാരുണ്യനിധിയായി സൂക്ഷിച്ചിരുന്ന ചാരിറ്റി ബോക്സ് തകര്‍ത്ത് അതിലുണ്ടായിരുന്ന പണവുമാണ് കവര്‍ന്നത്.ഓഫിസ് മുറിയിലെ എല്ലാ അലമാരകളും കുത്തി ത്തുറന്ന് വാരി വലിച്ചിട്ട നിലയിലാണ്.
ഇന്നലെ കാലത്ത് സ്കൂളിന് മുന്‍വശത്ത് താമസിക്കുന്നവരാണ് മോഷണ വിവരം അറിഞ്ഞത്. 8 മണിയോടെ ഓഫീസ് തുറന്നിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഓഫീസ് തകര്‍ത്തനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ സ്കൂള്‍ അധികൃതരെ വിവരം അറിയിച്ചു. പ്രധാന അധ്യാപകന് കെ.ആര്.രാജു സ്ഥലത്തെത്തി വടക്കാഞ്ചേരി പോലീസ് പരാതി നല്കി. എസ്.ഐ.കെ.വിശ്വനാഥന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
ഉപജില്ലാ കലോത്സവത്തിന് സ്കൂള്‍ വേദിയാകാനിരിക്കെയാണ് മോഷണം. വിരലടയാള വിദഗ്ധര്‍ സ്കൂളിലെത്തി പരിശോധന നടത്തി. തൊട്ടടുത്തുള്ള പ്രശസ്ത കണ്ണ് ഡോക്ടറുടെ വീട്ടിലും മോഷണശ്രമം നടന്നിരുന്നു. കൂടാതെ വടക്കാഞ്ചേരി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സില്‍ക് ഗാര്ഡന് ടെക്സ്റ്റയില്‍സിന്റെ ഷട്ടറിന്റെ പൂട്ട് തകര്‍ത്തിട്ടുണ്ട്. കൂടാതെ പഴയ റെയില്‍വെ ഗെയ്റ്റ് റോഡിലുള്ള ജി.ജി. ജ്വല്ലറിയുടെ ഓഫീസിലും മോഷ്ടാക്കളെത്തി. ഇവിടുത്തെ ലോക്കര്‍ തുറക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സി.സി.ടിവി ക്യാമറയില്‍ മോഷ്ടക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെങ്കിലും വ്യക്തമല്ല. മൂന്ന് പേരാണ് മോഷണ സംഘത്തില്‍ ഉണ്ടായിരുന്നതെന്നും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.കഴിഞ്ഞ കുറെ നാളുകളായി ഈ മേഖലയില്‍ നിരവധി മോഷണങ്ങളാണ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: