വടക്കഞ്ചേരി: മിനിപമ്പ എന്നറിയപ്പെടുന്ന മംഗലംപാലം ശബരിമല സീസണിനായി ഒരുങ്ങി. വൃശ്ചികം മൂന്നോടെ ഇവിടെ അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്ള തീര്‍ഥാടക പ്രവാഹമാകും. തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനത്തുനിന്നുള്ളവരാണ് ഇവിടെ കൂടുതലായും എത്തുക.നേന്ത്രക്കായ ചിപ്സ്, ഹല്‍വ, ഈന്തപ്പഴം എന്നിവയാണ് തീര്‍ഥാടകരുടെ ഇഷ്ടപ്പെട്ട ഇനങ്ങള്‍.
പ്രസാദമായി നാട്ടില്‍ കൊണ്ടുപോകാന്‍ പത്തും പതിനഞ്ചും കിലോവീതം ചിപ്സ് വാങ്ങിക്കുന്ന തീര്‍ഥാടകരും ഏറെയാണ്. 240 രൂപ മുതല്‍ 260 രൂപവരെയാണ് ഒരുകിലോ നേന്ത്രക്കായ ചിപ്സിന്റെ വില. വെളിച്ചെണ്ണയുടെയും നേന്ത്രക്കായയുടെയും വിലകളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ചിപ്സിന്റെ വിലയിലും മാറ്റംവരുത്തും. വയനാടന്‍ നേന്ത്രക്കായയാണ് ഇവിടെ ഇപ്പോള്‍ കൂടുതലായി എത്തുന്നത്. നല്ല വലിപ്പമുള്ള കായയാണ് ഇത്. ഇതിനാല്‍ ചിപ്സ് കാണാന്‍ ഭംഗിയും രുചിയും കൂടുതലാണ്.
തമിഴ്നാട്ടില്‍നിന്നുള്ളവരാണ് കൂടുതലായി ചിപ്സ് വാങ്ങുകയെന്ന് നെന്മാറ റോഡിലെ ചിപ്സ് കടക്കാരന് റിനു പറഞ്ഞു. ആന്ധ്രാപ്രദേശില്നിന്നുള്ളവര്ക്ക് ചായയോടാണ് പ്രിയം. മൂന്നുമാസത്തോളം ഇനി ലക്ഷങ്ങളുടെ ബിസിനസ് മംഗലംപാലത്ത് നടക്കും. സീസണ് ആരംഭിക്കാന്‍ ഒരാഴ്ച മാത്രം ശേഷിക്കേ മംഗലാപാലത്തെ കടകളെല്ലാം മോടപിടിപ്പിച്ച് മനോഹരമാക്കി.
ചിപ്സ് കടകള്‍ എഴുപതോളമുണ്ട്. ദേശീയപാതയോരത്തും നെന്മാറ റോഡിലും പഴയ റോഡിലുമാണ് ചിപ്സ് കടകള്‍. പത്തിലേറെ ഹോട്ടലുകളുമുണ്ട്.. ഒരു കിലോമീറ്ററിനുള്ളിലാണ് ഇതെല്ലാം. മുന്‍വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം കടകള്‍ക്കെല്ലാം ഭംഗി കൂടുതലാണ്. തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയാണ് കച്ചവടം ഉറപ്പിക്കുന്നത്.
തീര്‍ഥാടകര്‍ക്ക് ആവശ്യമായ പ്രാഥമിക സൗകര്യങ്ങള്‍ ഇന്നും ഇവിടെയില്ല. ഇതിനാല്‍ മലമൂത്ര വിസര്‍ജ്യങ്ങളെല്ലാം ഇവിടത്തെ ടാര്‍ റോഡുകളിലാണ്. ദുര്‍ഗന്ധം മൂലം വഴിനടക്കാനും കഴിയാത്ത സ്ഥിതിയാകും. മഴ പെയ്താല്‍ ഈ മാലിന്യമെല്ലാം ഒഴുകി മംഗലംപുഴയിലെത്തും. നിരവധി കുടിവെള്ളപദ്ധതികള്‍ മംഗലംപുഴ സ്രോതസായുണ്ട്. ഇത് പരിഹരിക്കാന്‍ പ്രാതമിക സൗകര്യമൊരുക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: