ചേര്‍ത്തല: തുറവൂര്‍-തൈക്കാട്ടുശേരി പാലത്തിന്റെ അപ്രോച്ച് റോഡിനായുള്ള ഏറ്റെടുത്ത സ്ഥലത്തിന്റെ പണം തട്ടിയെടുക്കാനുള്ള ഭൂമാഫിയയുടെ നീക്കം പൊളിയുന്നു. സര്‍ക്കാര്‍ ഭൂരഹിതര്‍ക്കായി പതിച്ചു നല്കിയ സ്ഥലം നിയമവിരുദ്ധമായി കുറഞ്ഞ വിലയ്ക്ക് ഭൂമാഫിയ കൈക്കലാക്കിയിരുന്നു. അപ്രോച്ച് റോഡിനായി ഈ ഭൂമി ഏറ്റെടുക്കുകയും പൊന്നും വില പ്രകാരം അര്‍ഹരായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്തു.
എന്നാല്‍ അനധികൃതമായി ഭൂമി തട്ടിയെടുത്ത ഭൂമാഫിയക്ക് സര്‍ക്കാര്‍ ആവശ്യപ്പെട്ട രേഖകള്‍ നല്കുവാന് കഴിയാത്തതിനാല്‍ പ്രതിഫലം ലഭിച്ചില്ല. പട്ടികജാതിക്കാരെ മുന്നില്‍ നിര്‍ത്തി സര്‍ക്കാരില്‍ നിന്നും പണം തട്ടാനുള്ള നീക്കം പൊളിഞ്ഞതോടെയാണ് കുടില്‍കെട്ടി സമരം ചെയ്യുമെന്ന ഭീഷണിയുമായി രംഗത്തെത്തിയത്. ഭരണ മുന്നണിയിലെ ചില നേതാക്കളുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ഇവര്‍ കൃത്രിമ രേഖയുണ്ടാക്കി ഭൂമി തട്ടിയെടുത്തത്.
നിര്‍ദ്ദിഷ്ട തുറവൂര്‍-തൈക്കാട്ടുശേരി പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഇരുവശങ്ങളിലുമായി തുറവൂര്‍ തെക്ക് വില്ലേജിന്റെ പരിധിയില്‍ വന്ന ഏക്കറു കണക്കിന് ഭൂമിയാണ് ഭൂമാഫിയ കൈവശപ്പെടുത്തിയിരിക്കുന്നത്. അപ്രോച്ച് റോഡിനായി നിലം നികത്തലിന്റെ മറവില്‍ ഇതിനോട് ചേര്‍ന്നുള്ള വയലുകള്‍ നികത്തുവാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: