ചാലക്കുടി: വര്‍ഷങ്ങളായി ചാലക്കുടി സൗത്ത് ജംഗ്ഷനില്‍ ഉപയോഗിക്കാതെ കിടന്നിരുന്ന കംഫര്‍ട്ട് സ്റ്റേഷന് സ്വച്ച് ഭാരത് പദ്ധതിയുടെ ഭാഗമായി ബിജെപിയുടെ നേതൃത്വത്തില്‍ ശുചീകരിച്ച് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തു. കാടു പിടിച്ച് വൃത്തിഹീനമായി കിടന്നിരുന്ന നഗരസഭയുടെ കംഫര്‍ട്ട് സ്റ്റേഷന് കാടുവെട്ടി തെളിച്ച്, പെയിന്റടിച്ച്, ശുചീകരിക്കുകയായിരുന്നു.
ചാലക്കുടി ടൗണിലെ പ്രധാന കേന്ദ്രങ്ങളിലെ മുഴുവന്‍ ശൗചാലയങ്ങളും വൃത്തിഹീനമായി അടച്ചിട്ടിരിക്കുകയാണ്.
മുന്‍സിപ്പല്‍ ബസ്സ് സ്റ്റാന്റ് ബില്‍ഡിംഗ്, മിനിസിവില്‍ സ്റ്റേഷന്, ആനമല ജംഗ്ഷന് എന്നിവിടങ്ങളിലെ കംഫര്‍ട്ട് സ്റ്റേഷനുകളെല്ലാം പ്രവര്‍ത്തിക്കാതെ അടച്ചിട്ടിരിക്കുകയാണ്. സ്ത്രീകളടക്കം പ്രാഥമിക ആവശ്യങ്ങള്‍ നടത്തുവാന്‍ ബുദ്ധിമുട്ടുകയാണ്. ഇതിനു പരിഹാരമായാണ് സൗത്ത് ജംഗ്ഷനിലെ നഗരസഭയുടെ കംഫര്‍ട്ട് സ്റ്റേഷന് വൃത്തിയാക്കി തുറന്ന് കൊടുത്തത്.
എംഎല്‍എ, എംപി അടക്കമുള്ള ജനപ്രതിനിധികളോ നഗരസഭയിലെ ഭരണ-പ്രതിപക്ഷമോ ഇക്കാര്യത്തില്‍ ഒന്നും തന്നെ ചെയ്യുന്നില്ല. നഗരത്തിലെ അടച്ചിട്ടിരിക്കുന്ന മുഴുവന്‍ കംഫര്‍ട്ട് സ്റ്റേഷനുകളും ശുചീകരിച്ച് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കും.
ശുചീകരണയജ്ഞം ചാലക്കുടി എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി കെ.എ.ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡന്റ് ടി.വി.ഷാജി അദ്ധ്യഷത വഹിച്ചു. ദേശീയ സമിതിയംഗം പി.എസ്.ശ്രീരാമന് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന കൗണ്‍സില്‍ അംഗം കെ.ജി.സുന്ദരന്‍, മണ്ഡലം സെക്രട്ടറിമാരായ കെ.എ.സുരേഷ്, ബൈജു ശ്രീപുരം, അഡ്വ.സജി കുറുപ്പ്, കെ.വി.അശോകന്, ടി.എസ്.മുകേഷ്, രാധ ബാലകൃഷ്ണന്, പി.എസ്.സുമേഷ്, സി.പി.സെബാസ്റ്റ്യന്‍, പി.സി.പ്രവീണ്‍, വി.കെതങ്കച്ചന്, എം.എസ്.രജ്ജിത്, സുകുപാപ്പാരി, പി.ലതിക, വിസന്റ് വില്സന് തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: