ഇരിങ്ങാലക്കുട : പോട്ട മൂന്നുപീടിക സംസ്ഥാന പാതയിലെ എടതിരിഞ്ഞി സെന്ററിന് സമീപം കക്കൂസ് മാലിന്യം തള്ളി. വെള്ളിയാഴ്ച്ച രാത്രിയിലാണ് കക്കൂസ് മാലിന്യം റോഡരികില്‍ നിക്ഷേപിച്ചിട്ടുള്ളത്. റോഡരികില്‍ തള്ളിയ മാലിന്യം റോഡിലും പരിസരത്തുമായി വ്യാപിച്ച നിലയിലായിട്ടും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി ബ്ലീച്ചിംഗ് പൗഡറും ഫിനോയിലും ഉപയോഗിച്ച് മാലിന്യം നിര്വീര്യമാക്കാത്തത്തില് നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. പടിയൂര്‍ പഞ്ചായത്തിലെ കാക്കാത്തുരുത്തി, ചെട്ടിയാല്‍, കോതറ തുടങ്ങിയ ഇടങ്ങളില്‍ കക്കുസ്, അറവ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പതിവായിരിക്കുകയാണ്.
ഇത്തരത്തില്‍ മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ പതിവായി തള്ളുന്നവരെ കണ്ടെത്തിയിട്ടും നിയമ നടപടി സ്വീകരിയ്ക്കാത്തതാണ് വീണ്ടും ആവര്‍ത്തിക്കുന്നതിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. പഞ്ചായത്ത് അധികൃതര്‍ നല്കിയ പരാതിപ്രകാരം കാട്ടൂര്‍ പോലീസ് സ്ഥലത്തെത്തിയെങ്കിലും മാലിന്യം തള്ളിയവരെ കണ്ടെത്താനായിട്ടില്ല. ദിനംപ്രതി നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡ് മലിനമാക്കിയ സാമൂഹിക ദ്രോഹികളെ കണ്ടത്തി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ലോഹിതാക്ഷന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: