പരവൂര്‍: മുനിസിപ്പാലിറ്റിയിലെ വിവിധ പ്രദേശങ്ങളില്‍ ആടുമാടുകളുടെയും ഇറച്ചിക്കോഴികളുടെയും മാലിന്യം തള്ളുന്നു. കഴിഞ്ഞദിവസം മണിയംകുളം സ്കൂളിന് കുറച്ചകലെ രാജേന്ദ്രന്‍പിള്ളയുടെ വീടിന് സമീപം എരുമയുടെ തലയും കാലും എല്ലിന്‍കഷണങ്ങളും പുല്പായിലും ചാക്കിലുമായി രാത്രിയില്‍ ഇവിടെ കൊണ്ടുതള്ളുകയാണ്.
മണിയംകുളം പാലത്തിന് സമീപവും കട്ടാകുളം ജംഗ്ഷന്, തെക്കുംഭാഗം റോഡ് എന്നിവിടങ്ങളിലാണ് കൂടുതലായും മാംസാവശിഷ്ടങ്ങള്‍ തള്ളുന്നത്. മണിയംകുളം സ്കൂള്‍ മുതല്‍ ശാസ്താ ക്ഷേത്രം വരെയുള്ള റോഡിന് ഒരു വശത്ത് മുഴുവന്‍ കാടുപിടിച്ച് കിടക്കുന്നത് മാലിന്യം തള്ളാന്‍ അനുകൂലമായിട്ടുണ്ട്.
ദിവസങ്ങളോളം ഇവിടെ കിടന്ന് ചീഞ്ഞളിഞ്ഞ് പരിസരം മുഴുവന്‍ ദുര്‍ഗന്ധം പരത്തുന്നു. ഇക്കാരണത്താല്‍ പലര്‍ക്കും അലര്‍ജിയും മറ്റ് പകര്ച്ചവ്യാധികളുമുണ്ടാകുകയാണ്. നഗരങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ അനധികൃതമായിട്ടാണ് മാടുകളെ കശാപ്പ് ചെയ്യുന്നത്. നഗരസഭക്ക് സ്വന്തമായി ഇറച്ചിവെട്ടുന്നതിന് പ്രത്യേകസ്ഥലം ഉള്ളപ്പോഴാണ് അനധികൃത കശാപ്പുശാലകള്‍ പലയിടത്തും സജീവമായി പ്രവര്‍ത്തിക്കുന്നത്.
നഗരസഭ ഉദ്യോഗസ്ഥരും ഹെല്‍ത്ത് വിഭാഗത്തിന്റെയും അനുമതിയും പരിശോധനയും കഴിഞ്ഞ ആടുമാടുകളെ മാത്രമെ ഇറച്ചിക്ക് വേണ്ടി ഉപയോഗിക്കാവു എന്ന നിയമം ഉള്ളപ്പോഴാണ് അനധികൃത കേന്ദ്രങ്ങളില്‍ അസുഖം ബാധിച്ച അറവുമാടുകളെ വെട്ടുന്നത്. കോങ്ങാല്‍, പൊഴിക്കര, തെക്കുംഭാഗം എന്നീ പ്രദേശങ്ങളിലാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
മിക്കപ്പോഴും രാത്രിയാണ് ഇവര്‍ മാടുകളെ അറക്കുന്നത്. അറവ് മാലിന്യം സംസ്കരിക്കാതെ പൊതുനിരത്തില്‍ തള്ളി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സാമൂഹ്യദ്രോഹികള്‍ക്കെതിരെ ബന്ധപ്പെട്ടവര്‍ ശക്തമായ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: