കൊച്ചി: തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് സ്വന്തം മണ്ണിലെ രണ്ടാം പോരാട്ടത്തിനിറങ്ങുന്നു. എതിരാളികള്‍ സാക്ഷാല്‍ ഡെല്‍ പിയറോയുടെ നേതൃത്വത്തിലിറങ്ങുന്ന ദല്‍ഹി ഡൈനാമോസ്. കലൂരിലെ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ രാത്രി 7നാണ് കളിയുടെ കിക്കോഫ്.
കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിയില്ലെങ്കിലും ദല്‍ഹി ഡൈനാമോസ് പരിശീലനത്തിനിറങ്ങി. രാവിലെ തൃപ്പൂണിത്തുറ ചോയ്സ് സ്കൂള്‍ ഗ്രൗണ്ടിലും വൈകിട്ട് ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലുമാണ് ടീം പരിശീലനം നടത്തിയത്.
പോയിന്റ് പട്ടികയില്‍ കേരള ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്തും ദല്‍ഹി ഡൈനാമോസ് ഏഴാം സ്ഥാനത്തുമാണ്. ബ്ലാസ്റ്റേഴ്സിന് ആറ് മത്സരങ്ങളില്‍ രണ്ട് വിജയവും ഒരു സമനിലയും മൂന്ന് പരാജയവുമടക്കം 7 പോയിന്റും ദല്‍ഹി ഡൈനാമോസിന് ആറ് കളികളില്‍ നിന്ന് ഒരു വിജയവും മൂന്ന് സമനിലയും രണ്ട് പരാജയവുമടക്കം ആറ് പോയിന്റുമാണുള്ളത്.
കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സ് സ്വന്തം മണ്ണിലെ ആദ്യ പോരാട്ടത്തില്‍ ഫുട്ബോള്‍ ഇതിഹാസം ബ്രസീലിന്റെ സീക്കോയുടെ പരിശീലനത്തിലിറങ്ങിയ ഗോവ എഫ്സിയെയാണ് 1-0ന് പരാജയപ്പെടുത്തിയത്.
ഏറെ ആവേശകരമായ ഈ പോരാട്ടത്തില്‍ മിലാഗ്രസ് ഗൊണ്‍സാല്‍വസാണ് ബ്ലാസ്റ്റേഴ്സിനായി വിജയഗോള്‍ നേടിയത്. മിലാഗ്രസിനൊപ്പം ആന്‍ഡ്രൂ ബാരിസിച്ചും ഇറങ്ങിയതോടെയാണ് ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തില്‍ കൃത്യത ഉണ്ടായത്. ഗോവക്കെതിരായ മത്സരത്തിന്റെ ആദ്യപകുതിയില്‍ 4-3-2-1 എന്ന ശൈലിയിലാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്.
എന്നാല്‍ രണ്ടാം പകുതിയില്‍ 4-4-2 എന്ന ശൈലിയിലേക്ക് മാറിയതോടെയാണ് ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയത്. സ്ട്രൈക്കറായി കളിക്കുന്ന മലയാളി താരം സബീത്ത് നിറം മങ്ങിയതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാകുന്നത്. കഴിഞ്ഞ ദിവസം ഗോവ എഫ്സിക്കെതിരെ ആദ്യ പകുതിയില്‍ നാലോളം സുവര്‍ണ്ണാവസരങ്ങളാണ് സബീത്ത് പാഴാക്കിയത്. ഇന്ന് തുടക്കം മുതല്‍ 4-4-2 ശൈലിയിലായിരിക്കും ബ്ലാസ്റ്റേഴ്സ് ഇറങ്ങാന്‍ സാധ്യത.
കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നിന്നായി ആറ് ഗോളുകള്‍ വഴങ്ങിയ ബ്ലാസ്റ്റേഴ്സ് അഞ്ച് ഗോളുകള്‍ മടക്കുകയും ചെയ്തു. പരിക്കുകാരണം കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന സൂപ്പര്‍താരം ഇയാന്‍ ഹ്യൂം ഇന്ന് കളിക്കുമെന്നാണ് കരുതുന്നത്. ഒപ്പം ന്യൂകാസില്‍ മുന്‍ താരം മൈക്കല്‍ ചോപ്രയും ഇന്ന് കളിച്ചേക്കാന്‍ സാധ്യതയുണ്ട്. ചോപ്ര കളിക്കാനിറങ്ങിയാല് ഒരുപരിധിവരെ മികച്ചൊരു സ്ട്രൈക്കറുടെ കുറവ് കുറെയൊക്കെ മാറുകയും ചെയ്യും. എന്നാലും പകരക്കാരന്റെ റോളിലായിരിക്കും ചോപ്രയെ കളത്തിലിറക്കുക.
കഴിഞ്ഞ മത്സരത്തി ല്‍ ഇറങ്ങിയ ടീമില്‍ നിന്ന് വലിയ വ്യത്യാസമൊന്നും ഇന്നത്തെ പോരാട്ടത്തിലും ബ്ലാസ്റ്റേഴ്സ് നടത്താന്‍ ഇടയില്ല. കഴിഞ്ഞ മത്സരത്തില്‍ മിന്നുന്ന പ്രകടനത്തിലൂടെ കാണികളുടെ മനംകവര്‍ന്ന പിയേഴ്സണൊപ്പം ഹ്യൂമും ഒപ്പം ക്യാപ്റ്റന്‍ പെന്‍ ഓര്‍ജിയും മൈതാനത്ത് ഇറങ്ങിയാല്‍ സ്റ്റേഡിയത്തിലെത്തുന്ന പതിനാരങ്ങള്ക്ക് തകര്‍പ്പന്‍ പ്രകടനം കാണാന്‍ കഴിയും.
റാഫേല്‍ റോമി, നിര്‍മ്മല്‍ ഛേത്രി, ഹെംഗ്ബാര്‍ട്ട്, സന്ദേശ് ജിന്ഗാന്, കോളിന് ഫാല്‍വേ, സൗമിക് തുടങ്ങിയവര്‍ അടങ്ങിയ മികച്ച പ്രതിരോധനിരയും ബ്ലാസ്റ്റേഴ്സിനുണ്ട്. എങ്കിലും ഡെല്‍പിയറോ, മാഡ്സ് ജുന്‍കര്‍ എന്നിവരടങ്ങിയ ഡൈനാമോസ് മുന്നേറ്റനിരയെ തടഞ്ഞുനിര്‍ത്തുക എന്നതാണ് ബ്ലാസ്റ്റേഴ്സിന് കനത്ത വെല്ലുവിളിതന്നെയാണ്.
എന്നാല്‍ ഇന്നത്തെ പോരാട്ടത്തിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം ഇറ്റാലിയന്‍ മുന്‍ സൂപ്പര്‍താരവും ടീം ക്യാപ്റ്റനുമായ ഡെല്‍ പിയറോ തന്നെയാണ്.
കഴിഞ്ഞ ആദ്യ ഇലവനില്‍ ഇറങ്ങാതിരുന്ന ഡെല്‍പിയറോ ഇന്ന് തുടക്കം മുതലേ കൡക്കളത്തിലുണ്ടാവാനാണ് സാധ്യത. എന്നാല്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഗോവയോടും മുംബൈ സിറ്റി എഫ്സിയോടും പരാജയപ്പെട്ടതിന്റെ ഞെട്ടലിലാണ് ദല്‍ഹി ഡൈനാമോസ്. ഈ പരാജയത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തിനേടി ബ്ലാസ്റ്റേഴ്സിനെ എവേ മത്സരത്തില്‍ കീഴടക്കുക എന്നതാണ് അവരുടെ ലക്ഷ്യം.
മധ്യനിരിയില്‍ ബ്രൂണോ ഹെരേരോ, ഹെന്റിക്വെ ഡിനിസ് തുടങ്ങിയവര്‍ മധ്യനിരയിലെ കരുത്തന്മാരാണ്. ഡെല്‍പിയറോക്ക് പുറമെ മോര്‍ട്ടന്‍ സ്കുബൊ, മാഡ്സ് ജുന്‍കര്‍ എന്നിവരാണ് ടീമിലെ പ്രധാന സ്ട്രൈക്കര്‍മാര്‍.
മാത്രമല്ല ഇന്ന് ജയിക്കുക എന്നത് ഡൈനാമോസിന് അഭിമാനപ്രശ്നം കൂടിയാണ്. അവരുടെ ടീം ക്യാപ്റ്റന്‍ ഡെല്‍പിയറോയുടെ നാല്പതാം പിറന്നാളാണ് ഇന്ന്. അതുകൊണ്ടുതന്നെ ക്യാപ്റ്റന്‍ സമ്മാനിക്കാനാവുന്ന ഏറ്റവും മികച്ച പിറന്നാള്‍ സമ്മാനവും ഇന്നത്തെ പോരാട്ടത്തിലെ വിജയം തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: