അഞ്ചല്‍: നന്മയുടെ നാല്വേലിക്കകത്തു നിന്ന് നാം ആട്ടിയിറക്കിയ കാര്‍ഷിക സ്മൃതികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുകയാണ് ഈ അധ്യാപകന്. സ്കൂളിലെ മട്ടുപ്പാവിലൊരുക്കിയ കൃഷിത്തോട്ടത്തില്‍ നാടന്‍പയറും വെണ്ടയും തക്കാളിയും ചീരയും കത്തിരിയും നൂറുമേനി വിളഞ്ഞുനില്ക്കുന്നത് കാണാന്‍ അഞ്ചല്‍ ശബരിഗിരി സ്കൂളിലെത്തണം.
സ്കൂളിലെ സംസ്കൃതാധ്യാപകനും എന്‍സിസി എയര്‍വിങ് പരിശീലകനുമായ കെ.വി. ഉണ്ണികൃഷ്ണന് കൃഷിയും പാഠ്യവിഷയമാണ്. കുട്ടികള്‍ മണ്ണിനെയും കൃഷിയെയും മനസ്സിലാക്കണമെന്നും മണ്ണിനെ വിഷലിപ്തമാക്കാതെ സ്വയം കൃഷിചെയ്ത് നമുക്കാവശ്യമുള്ള പച്ചക്കറികള്‍ വീട്ടുപരിസരത്ത് ഉല്പ്പാദിപ്പിച്ചെടുക്കാനാവുമെന്നും കുട്ടികളെ ബോധ്യപ്പെടുത്താനാണ് ഈ സംരംഭമെന്ന് ഉണ്ണി മാഷ് പറഞ്ഞു.
പതിവിലും അരമണിക്കൂര്‍ നേരത്തെ മാഷ് സ്കൂളിലെത്തും. പച്ചക്കറികള്‍ നനയ്ക്കും. കീടങ്ങളെ നശിപ്പിക്കും. പയര്‍ വള്ളികള്‍ കെട്ടിവയ്ക്കും. ചാക്കുകളില്‍ മണല്‍ നിറയ്ക്കും. സ്വമേധയാ വരുന്ന കുട്ടികളെ ഒപ്പം കൂട്ടും.
ജൈവകൃഷിയുടെ രീതികള്‍, ജൈവകീടനാശിനിനിര്മ്മാണം ഇവ ബോധ്യപ്പെടുത്തും. പിന്നീട് ക്ലാസിലേക്ക്. വൈകിട്ട് ക്ലാസ് കഴിഞ്ഞാല്‍ ഉടന്‍ കൃഷിയിടത്തിലേക്ക്. ചെടി നനയ്ക്കലും പരിചരണവും. ഒരുവിധ കീടനാശിനികളോ രാസവളങ്ങളോ ഉപയോഗിക്കാതെയാണ് കൃഷി. കൃഷിഭൂമി ഇല്ലെന്നും സമയമില്ലെന്നുമുള്ള അടക്കം പറച്ചിലുകള്‍ക്കിടയിലാണ് ഈ മാതൃകാ കൃഷി. കൃഷിഭവനില്‍ നിന്നെത്തിച്ച വിത്തും ബാഗില്‍ മണ്ണും കമ്പോസ്റ്റും നിറച്ച് മട്ടുപ്പാവിലെത്തിച്ചാണ് കൃഷി.
പച്ചക്കറി ആയതിന1ാല് നിത്യവും നന വേണമെന്ന് മാത്രം. ചാരവും ചാണകവും മാത്രം മതി നല്ല വിളവിന്. ആവശ്യമെങ്കില്‍ പുകയിലെ ചതച്ച് ജൈവകീടനാശിനിയും ഉണ്ടാക്കാം. ഉണ്ണിമാഷ് വാചാലനായി. അഞ്ചുസെന്റ് വീടുമാത്രമുള്ളവര്ക്കും ആവശ്യത്തിനുള്ള പച്ചക്കറി ഉല്പാദിപ്പിച്ചെടുക്കാം. പശുവും കൃഷിയും നാട്ടിന്‍പുറത്തെ നന്മകളുമില്ലാത്ത വരണ്ട കാലത്തിലേക്ക് പോകാന്‍ തയ്യാറെടുത്ത മലയാളി കൃഷിയിലേക്കും ഗോസംരക്ഷണത്തിലേക്കും കടക്കേണ്ട സമയമായതായി ഉണ്ണിമാഷ് പറഞ്ഞു.
രോഗാതുരമായ കേരളത്തിന്റെ സാമൂഹ്യപരിസരത്ത് കൃഷിയെ സ്നേഹിക്കുന്ന തലമുറ വളര്‍ന്നുവരേണ്ടിയിരിക്കുന്നു. സ്വയം കൃഷിചെയ്തും മണ്ണിനെയും മനുഷ്യനെയും സ്നേഹിച്ചും ജീവിക്കണമെന്നതാണ് ശരിയായ ജീവിതപാഠമെന്ന് കൃഷിയിലൂടെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ അതാണ് വിദ്യാഭ്യാസത്തിന്റെ ശരിയായ അര്‍ത്ഥമെന്ന് വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റെ സംയോജകന്‍ കൂടിയായ ഉണ്ണിമാഷ് പറഞ്ഞു നിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: