കൊല്ലം: ജില്ലയില്‍ സിപിഎമ്മില്‍ കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തിനുശേഷവും വിഭാഗീയത കൊടികുത്തി വാഴുന്നു. നെടുവത്തൂര്‍, കുന്നത്തൂര്‍, ശൂരനാട്, കരുനാഗപ്പള്ളി ഏരിയാകമ്മിറ്റികള്‍ പുനര്‍നിര്‍ണയിച്ച് നേതൃനിരയില്‍ അടിമുടി മാറ്റം വരുത്താനുള്ള നീക്കം തുടങ്ങി. പാര്‍ട്ടി ലോക്കല്‍, ഏരിയ ജില്ലാസമ്മേളനങ്ങള്ക്കുശേഷം മാറ്റംവരുത്താനുള്ള നീക്കമാണ് നടക്കുന്നത്.
വര്‍ഷങ്ങളായി പാര്‍ട്ടി ആധിപത്യം കയ്യടക്കിവച്ചിരുന്ന ചില നേതാക്കന്മാരുടെ പദവികള്‍ കേന്ദ്രകമ്മിറ്റിയുടെ പുതിയ സംഘടനാതീരുമാനപ്രകാരം നഷ്ടപ്പെട്ടു.
പദവികള്‍ നഷ്ടപ്പെട്ടാലും ആധിപത്യം നിലനിര്‍ത്താനുള്ള സംഘടനാഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ എല്ലാ ഏരിയാകമ്മിറ്റികളിലും രണ്ടുമൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞുള്ള പ്രവര്‍ത്തനം നടക്കുകയാണ്.
സിപിഎം കൊല്ലം ജില്ലാസെക്രട്ടറി കെ. രാജഗോപാല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും മാറുന്നതോടെ പുതിയ നേതൃത്വത്തിനുള്ള ഒരു വലിയ ഗ്രൂപ്പ് രംഗത്ത് വന്നു. രണ്ടുജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ബലത്തിലാണ് കെ. രാജഗോപാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു മുതല്‍ ജില്ലാസെക്രട്ടറി പദം നിലനിര്‍ത്തിയിരിക്കുന്നത്. ഇത് സംസ്ഥാനനേതൃത്വത്തിന് ബോധ്യപ്പെട്ടതോടെയാണ് പൊളിച്ചടുക്കല്‍ നീക്കം തുടങ്ങിയത്.
1964 മുതല്‍ പാര്‍ട്ടിയുടെ തലപ്പത്ത് നില ഉറപ്പിച്ച് തലങ്ങും വിലങ്ങും വെട്ടിനിരത്തി പലരേയും കൂടെക്കൂട്ടി കിട്ടാവുന്നതെല്ലാം നേടിയവര്‍ പദവികള്‍ നഷ്ടപ്പെട്ടാലും പാര്‍ട്ടിയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള നീക്കത്തിലാണ്. ഇനിയുള്ള കാലം തുടര്‍ന്നുവന്ന നയം അണികള്‍ ഏറ്റെടുക്കുകയില്ലെന്ന് ബോധ്യപ്പെട്ടതോടെ പാര്‍ട്ടിയും അങ്കലാപ്പിലാണ്. നിലവില്‍ നേതൃനിരയിലുള്ളവരുടെ സമ്പാദ്യവും നേടിയെടുത്ത മറ്റ് സൗകര്യങ്ങളും പാര്‍ട്ണര്‍ഷിപ്പിലുള്ള ബിസിനസുകളും റിയല്‍ എസ്റ്റേറ്റ് മാഫിയകളുമായി ചേര്‍ന്ന് ബിനാമി ഭൂമി ഇടപാടുകളും മറ്റ് വിവിധ സാമ്പത്തിക അഴിമതികളും അന്വേഷിക്കണമെന്നും അത്തരക്കാരെ പാര്‍ട്ടി നേതൃനിരയില്‍ നിന്ന് ഒഴിവാക്കണമെന്നും സിപിഎമ്മിന്റെ ബ്രാഞ്ച് തലത്തിലുള്ള അണികള്‍ വാദിച്ചതോടെ പാര്‍ട്ടി ഗുരുതര പ്രതിസന്ധി നേരിടുകയാണ്.
വിവിധ പദവികളും പഞ്ചായത്ത്, മുനിസിപ്പല്‍, നഗരസഭ തെരഞ്ഞെടുപ്പുകളിലെ പ്രത്യേക സ്ഥാനങ്ങളും ജോലി, ബിസിനസ് പങ്കാളിത്വം തുടങ്ങി നിരവധി വാഗ്ദാനങ്ങളുമായി നേതാക്കള്‍ ഒറ്റയ്ക്കും കൂട്ടായും ഗ്രൂപ്പുതിരിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
ചവറ ഏരിയയില്‍ ഒരു സംസ്ഥാന കമ്മിറ്റിഅംഗം മൂന്നുമാസം മുമ്പേ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഏരിയായിലൊട്ടാകെ ബ്രാഞ്ച് തലത്തിലുള്ള സഖാക്കളെ സംഘടനാബലം, ജാതി മുതല്‍ ഭീഷണി വരെ പ്രയോഗിച്ച് കൂടെനിര്‍ത്താനാണ് ശ്രമം.
ഏരിയാസമ്മേളനം കഴിയുന്നതോടെ ചവറയില്‍ സിപിഎമ്മിന്റെ പ്രവര്‍ത്തനം താറുമാറാകുമെന്ന ഭയപ്പാടിലാണ് അണികള്‍. ജില്ലാനേതൃത്വം ഇത് കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നതായി ആക്ഷേപമുണ്ട്.
നെടുവത്തൂര്‍ ഏരിയയില്‍ രണ്ടുചേരികളായി തിരിഞ്ഞുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ചില നേതാക്കള്‍ക്ക് ഇഷ്ടമില്ലാത്തവരെ പാര്‍ട്ടിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം തുടങ്ങിയതോടെ അണികള്‍ നിര്‍ജ്ജീവമായിരിക്കുന്നു.
കഴിഞ്ഞ സമ്മേളത്തിനുശേഷം വിഎസ് പക്ഷത്തിന്റെ സംഘടനാശക്തി കുറച്ച് വിഭാഗീയപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കാനുള്ള സംസ്ഥാനനേതൃത്വത്തിന്റെ തീരുമാനപ്രകാരം കരുനാഗപ്പള്ളി ഏരിയായിലുള്ള ഓച്ചിറ, തഴവാ പഞ്ചായത്തുകളുംകൂടി ഉള്‍പ്പെടുത്തി, കുന്നത്തൂര്‍ കമ്മിറ്റിയെ വിഭജിച്ച് ശൂരനാട് ഏരിയാ രൂപീകരിച്ചു.
എന്നാല്‍ അതുകൊണ്ടൊന്നും വിഭാഗീയ പ്രവര്‍ത്തനങ്ങളും ഗ്രൂപ്പും ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല.
2014ലെ അടവുനയത്തിന്റെ ഭാഗമായി ക്ലാപ്പന, ഓച്ചിറ, തഴവ ലോക്കല്‍കമ്മിറ്റികളെ രണ്ട് ലോക്കല്‍ കമ്മിറ്റികളാക്കി. പാവുമ്പാ ലോക്കല്‍കമ്മിറ്റിയും ചേര്‍ത്ത് ഏഴ് ലോക്കല്‍ കമ്മിറ്റികള്‍ ഉള്‍പ്പെടുത്തി പുതിയ ഒരു ഏരിയാകമ്മിറ്റി രൂപീകരിക്കാനുള്ള നീക്കത്തിലാണ്. തഴവ, പാവുമ്പാ, ഓച്ചിറ ലോക്കല്‍ കമ്മിറ്റികള്‍ ശൂരനാട് ഏരിയയില്‍ നിന്നും മാറ്റുന്നതോടെ കുന്നത്തൂര്‍ ഏരിയയിലും പുനര്‍നിര്‍ണയത്തിലൂടെ മാറ്റം വരുത്തുകയും മൈനാഗപ്പള്ളി ശൂരനാട് ഏരിയയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കവും തുടങ്ങി.
ജില്ലയില്‍ ബ്രാഞ്ചുസമ്മേളനങ്ങള്‍ പൂര്‍ത്തീകരിച്ച് നവംബര്‍ മുതല്‍ ലോക്കല്‍ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങിയെങ്കിലും ബ്രാഞ്ചുസമ്മേളനങ്ങള്‍ പേരിനുമാത്രം നടത്തിത്തീര്ത്തതായിട്ടാണ് അണികളുടെ അഭിപ്രായം. പല ബ്രാഞ്ചുകളിലും സെക്രട്ടറി സ്ഥാനങ്ങള്‍ ഏറ്റെടുക്കുന്നതിന് സഖാക്കള്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്.
കൊല്ലം, ആലപ്പുഴ, പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥികളെ സംസ്ഥാന ജില്ലാനേതാക്കളുടെ ഗ്രൂപ്പ് കളിയില്‍ തോല്ക്കാന് ഇടവരുത്തിയവര്‍ ഇപ്പോഴും തോല്‍വിക്ക് കാരണങ്ങള്‍ സംസ്ഥാനസെക്രട്ടറിയുടെ അക്കൗണ്ടില്‍ ഉള്‍പ്പെടുത്തി രക്ഷപ്പെടാനാണ് നീക്കം. ഈ പരിശ്രമങ്ങള്‍ക്ക് ജില്ലാസമ്മേളനം കഴിയുന്നതോടെ തിരിച്ചടിയുണ്ടാകുമെന്നും കാരണക്കാരായ നേതാക്കള്‍ ഒറ്റപ്പെടുമെന്നുമാണ് ഒരുവിഭാഗത്തിന്റെ വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: