യോഗയും നൃത്തവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? രണ്ടും മനസ്സിനും ശരീരത്തിനും ഏറെ നല്ലതുതന്നെ. നൃത്തത്തേയും ഈ യോഗയേയും തമ്മില്‍ സമന്വയിപ്പിച്ചാല്‍ എങ്ങനെയുണ്ടാവും. ശരീരത്തിലേക്കും മനസ്സിലേക്കും ഒരു പോസിറ്റീവ് എനര്‍ജിയുടെ പ്രവാഹം തന്നെയുണ്ടാകും എന്ന് ചിന്തിക്കുന്നതിലും തെറ്റില്ല. യോഗയേയും നൃത്തത്തേയും കൂട്ടിയിണക്കിക്കൊണ്ട് ശരീരത്തിന്റേയും മനസ്സിന്റേയും ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നല്കുന്ന യോഗാനൃത്തവുമായി ശ്രദ്ധയാകര്‍ഷിക്കുകയാണ് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍.
ദല്‍ഹിയില്‍ നടക്കുന്ന ആയുര്‍വേദ കോണ്‍ഗ്രസിലാണ് യോഗാനൃത്തം ഇവര്‍ അവതരിപ്പിച്ചത്. മൊറാര്‍ജി ദേശായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗയിലെ ആറു യുവ വിദ്യാര്‍ത്ഥികളാണ് യോഗാസനങ്ങളും നൃത്തവും സമന്വയിപ്പിച്ച യോഗാനൃത്തവുമായി രംഗത്തെത്തിയത്.
ആരോഗ്യ പരിരക്ഷയെക്കുറിച്ചുള്ള ശ്ലോകങ്ങളാണ് ശ്വസന നിയന്ത്രണത്തിന് പ്രാധാന്യം നല്കുന്ന അറുപത്തിനാലു യോഗാസനങ്ങളുടെ നൃത്താവിഷ്കാരത്തിന് പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്നത്.
രണ്ടായിരത്തിലേറെ വരുന്ന സദസിന് മുന്നില്‍, ഹിന്ദുസ്ഥാനിയിലെ യമന്‍ രാഗത്തില്‍ ആലപിച്ച സര്‍വ്വ മംഗള മംഗല്യേ എന്ന ശ്ലോകത്തിനൊപ്പം ധ്യാനാവസ്ഥയിലാണ് ഹൃദ്യമായ വ്യായാമമുറകള്‍ ആരംഭിച്ചത്. യോഗാനൃത്തത്തിലെ ഏറ്റവും പുതിയ ചുവടുകളാണ് ആരോഗ്യ പ്രദര്‍ശനത്തില്‍ അവതരിപ്പിച്ചതെന്ന് മൊറാര്‍ജി ദേശായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗ ഡയറക്ടര്‍ ഈശ്വര്‍ ബസവ റെഡ്ഡി പറഞ്ഞു.
പതിനഞ്ചു ദിവസത്തെ പരിശീലനത്തിലൂടെയാണ് അദ്ദേഹത്തിന്റെ ശിഷ്യര്‍ ഈ പുതുമയേറിയ യോഗാനൃത്തം ചിട്ടപ്പെടുത്തിയതത്രെ. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആയുഷിന്റെ ആംഗീകാരമുള്ള സ്ഥാപനമാണ് മൊറാര്‍ജി ദേശായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗ.
നൃത്തസംഘത്തിന്റെ മെയ് വഴക്കവും ഏകാഗ്രതയും ഒത്തൊരുമയും പ്രതിഫലിപ്പിച്ച സൗന്ദര്യാത്മകമായ പ്രകടനം പ്രഗതി മൈതാനത്തെത്തിയ കാണികള്‍ കരഘോഷത്തോടെയാണ് ആസ്വദിച്ചതും. ആരോഗ്യമുള്ള ശരീരത്തിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. യോഗ ശീലമാക്കുന്നത് രോഗങ്ങളില്‍ നിന്നകറ്റി ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായകരമാണെന്ന് പരിപാടിയില്‍ പങ്കെടുത്ത പലരും അനുഭവ ജ്ഞാനംകൊണ്ടും സാക്ഷ്യപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: