സാഹസിക നീന്തലില്‍ കേരളത്തിന്റെ സംഭാവന എസ്.പി മുരളീധരന്റെ ആത്മകഥ എന്തുകൊണ്ടും വേറിട്ട വായനാനുഭവമാണ്. ലോകം ശ്രദ്ധിച്ച നീന്തല്‍ പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരം വായനക്കാരെ നീന്തല്‍ നേരിട്ടു കാണുന്നവരാക്കി മാറ്റുന്നു.
ജീവിത മുന്നേറ്റത്തിനിടയില്‍ നേരിടേണ്ടിവന്ന വെല്ലുവിളികളും നീന്തല്‍ നേട്ടത്തിനായി നല്‍കേണ്ടിവന്ന സമര്‍പ്പണവും എല്ലാം ‘ ഒരു സാഹസിക നീന്തല്‍ താരത്തിന്റെ ജീവിതം’ എന്ന പുസ്തകത്തിലുണ്ട്.
കൗമാരകാലത്ത് നാട്ടിന്‍പുറത്തെ തോടുകളും പുഴകളും കൂട്ടുകാരോടൊപ്പം നീന്തിതുടിച്ച അനുഭവത്തോടൊപ്പം കഠിനപ്രയത്നവും കൂട്ടിചേര്‍ത്ത് ആര്‍ത്തലച്ചുവരുന്ന കൂറ്റന്‍ തിരമാലകളും അപകടകരമായ ചുഴികളും കടല്‍ജീവികളും യഥേഷ്ടമുള്ള കടലിടുക്കുകളില്‍ ഏകനായി വിശ്രമമില്ലാതെ നീന്തിത്തുടിക്കുന്ന അന്താരാഷ്ട്ര താരമായതെങ്ങനെ എന്ന സത്യസന്ധമായ വിവരണമാണ് മുരളി പുസ്തകത്തിലൂടെ നല്‍കുന്നത്.
പുസ്തകം അവതരിപ്പിച്ചുകൊണ്ട് നടന് മമ്മൂട്ടി എഴുതിയിരിക്കുന്നത് ഇങ്ങനെയാണ് ‘മുരളീധരന് തന്റെ സാഹസിക നീന്തലിന്റെ ലോകത്തേയ്ക്ക് വന്ന വഴിയും ആ യാത്രയില്‍ വിജയത്തിലും പരാജയത്തിലും കൈപിടിച്ച് സഹായിച്ചവരേയും ഒരേപോലെ ലളിതമായ ശൈലിയില്‍ ഓര്‍ത്തെടുത്ത് പരാജയപ്പെടുത്തുന്നുണ്ട്. ഓരോ അനുഭവങ്ങളും ഒരു തികഞ്ഞ കഥാകാരനെപ്പോലെ വിവരിക്കുമ്പോള്‍ വെള്ളത്തില്‍ നീന്തുന്നതുപോലെ വായനക്കാരും വായനയില്‍ നീന്തിത്തുടിക്കും എന്ന കാര്യത്തില്‍ സംശയമില്ല”
തന്റെ ജീവിതത്തിലെ ഓരോരോ സന്ദര്‍ഭത്തിലും ഓരോരോ സ്വപ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് മുരളീധരന് പറയുന്ന്. ആ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള പരിശ്രമത്തിനിടയില്‍ അനുഭവിച്ച കഷ്ടപ്പാടുകളും യാതനകളും അവഗണനകളും നേട്ടങ്ങളും കോട്ടങ്ങളും തെറ്റുകളും മണ്ടത്തരങ്ങളും എല്ലാം മായം ചേര്‍ക്കാതെ വിവരിച്ചിരിക്കുന്നു എന്നതാണ് പുസ്തകത്തിന്റെ പ്രത്യേകത.
പാക് കടലിടുക്ക് നീന്തിക്കടന്ന ആദ്യ മലയാളിയായതും കന്യാകുമാരിയിലെ വിവേകാനന്ദപാറയിലേക്കും പാറയ്ക്കു ചുറ്റും ശക്തമായ ചുഴലിയേയും തിരമാലകളെയും അതിജീവിച്ച് അതിസാഹസികമായി നീന്തിക്കയറിയതുമൊക്കെ തനി നാടന്‍ ഭാഷയില്‍ വായനാസുഖം നല്കി വിവരിക്കുമ്പോള്‍ നീന്തല്‍ നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്തുപോകും. ബോംബെ കടലിടുക്കും ഇംഗ്ലീഷ് ചാനലുമൊക്കെ നീന്തിയതിന്റെ വിവരം മുരളി നല്കുമ്പോള് വായനക്കാര്‍ക്ക് അഭിമാനബോധവും ഉണ്ടാകുന്നു.
നീന്തലിലെ നേട്ടങ്ങള്‍ എന്നതിനൊപ്പം ജീവിതത്തില്‍ നീന്തേണ്ടിവന്ന ദുരിതക്കയങ്ങളെക്കുറിച്ചും മുരളി തുറന്നെഴുതുന്നു. ക്ഷേത്രത്തിലെ ശാന്തിക്കാരനായും വെളിച്ചപ്പാടായും കെട്ടിടനിര്‍മ്മാണത്തൊഴിലാളിയായും ഹോട്ടല്‍ വെയിറ്ററായും നീന്തല്‍ക്കുളം ക്ലീനറായും ഒക്കെ വേഷങ്ങള്‍ കെട്ടിയാടുമ്പോഴും ദുര്‍ഘടമായ കടലിടുക്കുകളായിരുന്നു മുരളിയുടെ മനസ്സില്‍. ജീവിതത്തിന്റെ ഏതു മേഖലയിലുള്ളവര്‍ക്കും അവരുടെ സ്വപ്ന സാക്ഷാത്കാരത്തിലേയ്ക്കുള്ള അഗ്നിപാതയില്‍ കാലിടറുമ്പോള്‍ ആത്മവിശ്വാസത്തിന്റെ ഒരു തിരിവെളിച്ചമായി തന്റെ പുസ്തകം ഉപകരിക്കണമെന്ന മുരളീധരന്റെ ഉറച്ച വിശ്വാസം സത്യമാകുമെന്ന് പുസ്തകം വായിച്ചു തീരുമ്പോള്‍ വ്യക്തമാകും.
ഒരു സാഹസിക നീന്തല്‍ താരത്തിന്റെ ജീവിതം
എസ്. പി. മുരളീധരന്
പ്രസാധകര്: ഡി.സി. ബുക്സ്
വില: 210 രൂപ
പ്രതികരിക്കാൻ ഇവിടെ എഴുതുക: