ഭാരതത്തിലെ ഗ്രാമീണ മേഖലകളില്‍ സാധാരണക്കാര്‍ നേരിട്ടിരുന്ന ആരോഗ്യപ്രശ്നങ്ങളെ കൈകാര്യം ചെയ്തിരുന്ന പരമ്പരാഗത വൈദ്യന്മാര്. പ്രകൃതിയോടിണങ്ങി ജീവിച്ചിരുന്ന അവര്‍ക്ക് എല്ലാത്തിനുമുള്ള ഉത്തരവും പ്രകൃതിതന്നെയായിരുന്നു.
ആ അറിവുകള്‍ പങ്കുവയ്ക്കാനും വിദഗ്ദ്ധ ചര്‍ച്ചകളില്‍ ഭാഗമാഭാക്കാകാനും ആയുര്‍വേദ കോണ്‍ഗ്രസില്‍ പരമ്പരാഗത വൈദ്യന്മാര്ക്കും അവസരമൊരുക്കിയിരുന്നു. രണ്ടുദിവസങ്ങളിലായി നടന്ന പാരമ്പര്യവൈദ്യന്മാരുടെ സംഗമത്തില്‍ ആസ്ത്മ മുതല്‍ അസ്ഥികള്‍ക്കുണ്ടാകുന്ന ക്ഷതവും മൂത്രാശയക്കല്ലും ഉള്‍പ്പെടെയുള്ള അനവധി രോഗങ്ങള്‍ക്ക് കഷായം പോലുള്ള ഔഷധക്കൂട്ടുകള്‍കൊണ്ട് ശമനം വരുത്തിയിരുന്ന പരമ്പരാഗത ചികിത്സാ രീതികള്‍ അവര്‍ പുതുതലമുറയ്ക്ക് പകര്‍ന്നു നല്കി.
പ്രഗതി മൈതാനിലെ ആയുര്‍വേദ കോണ്‍ഗ്രസ് വേദിയില്‍ നടന്ന സംഗമത്തില്‍ ആറു സെഷനുകളിലായി ആദിവാസി വൈദ്യന്മാരുള്പ്പെടെ 200 പാരമ്പര്യ വൈദ്യന്മാരാണ് പങ്കെടുത്തത്. കേന്ദ്ര ഗോത്രകാര്യ മന്ത്രി ജ്യുവല്‍ ഓറാം സംഗമം ഉദ്ഘാനം ചെയ്തു.
പരമ്പരാഗത വൈദ്യന്മാരുടെ അറിവും അനുഭവപരിചയവും ദേശീയ, രാജ്യാന്തര പ്രതിനിധികളുമായി പങ്കിടുകയാണ് ഈ സംഗമത്തിലൂടെ ലക്ഷ്യമിട്ടത്.
പ്രാഥമികാരോഗ്യവുമായി ബന്ധപ്പെട്ട് ലോകാരോഗ്യസംഘടന 1978ല്‍ നടത്തിയ പ്രഖ്യാപനത്തില്‍ പറയുന്ന എട്ട് ഘടകങ്ങളില്‍ ഒന്നാണ് പാരമ്പര്യവൈദ്യവുമായി ബന്ധപ്പെട്ട ഭാരതത്തിന്റെ നയമെന്ന് ലോകത്തിനു മുന്നില്‍ പ്രഖ്യാപിക്കുകകൂടിയാണ് ഇതിലൂടെ ചെയ്തത്. ആധുനിക വൈദ്യശാസ്ത്രത്തിനുമുന്നില്‍ ചെറുതായിക്കൊണ്ടിരിക്കുന്ന ഭാരതത്തിന്റെ തനത് ചികിത്സാ സമ്പ്രദായത്തിന് പുനരുജ്ജീവനത്തിനുള്ള സാധ്യതയാണ് ഇതിലൂടെ തെളിയുന്നത്.
ഇന്ത്യയിലെ വ്യത്യസ്ത ചികില്സാരീതികളെല്ലാം പ്രാദേശിക ചികില്‍സകരുടെ രീതികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണെന്ന് ആയുര്‍വേദ ഫൗണ്ടേഷന് സെക്രട്ടറി ജനറല്‍ എ. ജയകുമാര്‍ പറയുന്നു.
രാജ്യത്തെ ഓരോ പൗരനും ആരോഗ്യപരിരക്ഷ പ്രാപ്യവും ചെലവുകുറഞ്ഞതുമായി മാറാന്‍ ഇതാവശ്യമാണെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
സംഗമത്തില്‍ അവതരിപ്പിക്കപ്പെടുന്ന 15ല്‍ പരം അവതരണങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞ നിരീക്ഷണങ്ങളും നിര്‍ദ്ദേശങ്ങളും കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിക്കും. ദേശീയ ആരോഗ്യ നയത്തില്‍ വരുത്താനുദ്ദേശിക്കുന്ന ഭേദഗതികള്‍ക്ക് ഇതു സഹായകമാകും.
ഭാരതത്തിലെ ഗ്രാമങ്ങളിലെ പരമ്പരാഗത വൈദ്യന്മാരുടെ എണ്ണം പത്തു ലക്ഷത്തിലേറെ വരും. ചെറിയ പനി മുതല്‍ അസ്ഥിക്ഷതവും വിഷബാധയും പോലുള്ള വലിയ പ്രശ്നങ്ങള്‍ വരെ ചികില്സിക്കുന്ന അവരുടെ കഴിവ് വളരെ വലുതുമാണ്. പരമ്പരാഗത മരുന്നുകളെ സംബന്ധിച്ച അറിവ് ഇപ്പോള്‍ വാമൊഴിയായി പകരുകയാണെന്നും സുരക്ഷിതവും കൂടുതല്‍ ഫലപ്രദവുമായ രീതിയില്‍ ഇത് പ്രചരിപ്പിക്കപ്പെടാന്‍ അവ രേഖപ്പെടുത്തപ്പെടേണ്ടത് അനിവാര്യമാണെന്നും സംഗമത്തിന്റെ ഏകോപകനും ബാംഗ്ലൂര്‍ സ്വദേശിയുമായ പ്രൊഫ. ജി. ഹരിരാമമൂര്ത്തി പറഞ്ഞു. വളരെപ്പെട്ടെന്ന് ഇവ ഇല്ലാതായിക്കൊണ്ടിരിക്കുന്നത് തടയാനും ഇതനിവാര്യമാണ്. നിലവില്‍ ഒമ്പതു സംസ്ഥാനങ്ങളില്‍ സംസ്ഥാന, ജില്ലാ, താലൂക്ക്, ബ്ലോക്ക് തലങ്ങളില്‍ പരമ്പരാഗത വൈദ്യന്മാരുടെ സംഘടനയുടെ ശൃംഖലയുണ്ട്.
2002ലെ ആയുഷ് നയ പ്രസ്താവനയിലും 2005ലെ ദേശീയ ഗ്രാമീണാരോഗ്യ ദൗത്യ പ്രസ്താവനയിലും പതിനൊന്നാം പഞ്ചവല്‍സര പദ്ധതിക്കു കീഴിലുള്ള പ്രചരണ പദ്ധതികളിലും പരാമര്‍ശിക്കുന്ന പ്രാദേശിക ആരോഗ്യ പാരമ്പര്യങ്ങളെ കൂടുതല്‍ ജനകീയമാക്കി അവതരിപ്പിക്കലാണ് ലോക ആയുര്‍വ്വേദ കോണ്‍ഗ്രസ് സംഘാടകര്‍ ലക്ഷ്യമിടുന്നത്.
കേരളം, തമിഴ്നാട്, ആന്ധ്ര പ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്, ഛത്തീസ്ഗഡ്, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഒഡീഷ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പാരമ്പര്യവൈദ്യന്മാരാണ് പരിപാടിയില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: