കാക്കനാട്: രണ്ടു പതിറ്റാണ്ടിലേറെയായി ആയുധ വില്പനക്കടയില് വിശ്രമം കൊണ്ട നാടന്‍ തോക്കുകള്‍ പോലീസ് എയര്‍ ക്യാമ്പിലേക്ക് മാറ്റാന്‍ ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം ഉത്തരവിട്ടു. തോക്ക് ലൈസന്‍സ് പുതുക്കാത്ത ഉടമകള്‍ക്ക് ഇതുമായി ബന്ധപ്പെട്ട നോട്ടീസ് നല്കിയ ശേഷമാണ് കളക്ടര്‍ നിര്‍ദേശം നല്‍കിയത്. ഇത്തവണ തെക്കന്‍ ആര്‍മറിയുടെ 34 നാടന്‍ തോക്കുകളാണ് മാറ്റുന്നത്. ലൈസന്‍സ് പുതുക്കാത്ത ഉടമകളുടെ തോക്കുകള്‍ സൂക്ഷിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നു കാണിച്ച് കളക്ടര്‍ക്ക് ആര്‍മറി അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.
ലൈസന്‍സ് കാലാവധി കഴിഞ്ഞ 1992മുതല്‍ സൂക്ഷിച്ചിട്ടുള്ള 34 പേരുടെ നാടന്‍ തോക്കുകളാണിവ. തൃപ്പൂണിത്തുറയിലുള്ള പോലീസ് എയര്‍ ക്യാമ്പിലായിരിക്കും ഈ തോക്കുകള്‍ സൂക്ഷിക്കുക. ലൈസന്‍സ് നേടിയിട്ടുള്ള ആളുകള്‍ക്ക് സാധാരണയായി മൂന്ന് വര്‍ഷം വരെയാണു തോക്ക് കൈവശം വെക്കാന്‍ അനുമതിയുള്ളത്. ഇതു പുതുക്കി ലഭിക്കുന്നതുവരെ സര്‍ക്കാര്‍ അംഗീകാരമുള്ള തോക്ക് വില്പനക്കടയില് തിരികെ ഏല്‍പ്പിക്കണം. ഇത്തരത്തില്‍ ഏല്‍പ്പിച്ചിട്ടുള്ള 34 തോക്കുകള്‍ രണ്ടു പതിറ്റാണ്ടിലേറെയായിട്ടും തിരിച്ചെടുത്തിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ആര്‍മറി അധികൃതര്‍ ജില്ലാ ഭരണകൂടത്തെ സമീപിച്ചത്. മുന്‍പ് കൊച്ചിന് ആര്‍മറിയുടെ 68 നാടന്‍ തോക്കുകളും പോലീസ് ക്യാമ്പിലേക്ക് മാറ്റിയിരുന്നു.
തോക്ക് ലൈസന്‍സ് പുതുക്കുന്നതില്‍ കളക്ടര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതിനാലാണു ഉടമകള്‍ ലൈസന്‍സിന് വീണ്ടും മെനക്കെടാതിരുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ തോക്ക് ലൈസന്‍സ് തരപ്പെടുത്തുന്നുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് കളക്ടര്‍ കര്‍ശന നടപടിയിലേക്ക് നിങ്ങിയത്. കൂടാതെ ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷകളിന്മേല് പ്രതികൂലമായ റിപ്പോര്‍ട്ടുകളാണ് ഭൂരിഭാഗവും പോലീസ് നല്‍കുന്നത്. കൂടാതെ പോലീസിലെ തന്നെ ചില ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ലൈസന്‍സ് തരപ്പെടുത്തുന്നുവെന്ന പരാതിയുമുണ്ട്. ഒരു രേഖയുമില്ലാതെ നാടന്‍ തോക്ക് എന്ന പേരില്‍ അപകടകാരികളായ തോക്കുകളും ചിലര്‍ കൈവശം വെച്ചിട്ടുണ്ട്.
കൃഷിയുടെയും സ്പോര്ട്സിന്റെയും പേരില്‍ സമ്പാദിക്കുന്ന ലൈസന്‍സുകള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ദുരുപയോഗം ചെയ്യുന്നതായി നേരത്തെ ആരോപണം ഉണ്ട്. ജില്ലയില്‍ തോക്ക് കൈവശമുണ്ടായിരുന്നവരില് പകുതി പേരുടെയും ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്നു രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധി പേരുടെ ലൈസന്‍സ് റദ്ദാക്കി. ജില്ലയില്‍ ഇനി രണ്ടായിരത്തോളം പേര്‍ക്കാണു തോക്ക് ലൈസന്‍സ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: