കായംകുളം: പ്രതികള്‍ കുടുങ്ങിയത് മാസങ്ങളായി നടത്തിയ അന്വേഷണത്തിനൊടുവില്‍. ജില്ലാ പോലീസ് മേധാവി കെ.കെ.ബാലചന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം രൂപികരിച്ച വൈറ്റ് പാന്തേഴ്സ് എന്ന ആന്റി തെഫ്റ്റ് സ്ക്വാഡ് മാസങ്ങളായി നടത്തിയ അനേ്വഷണത്തിന് ഒടുവിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളില്‍ ഭൂരിപക്ഷവും നേരത്തെ വിവിധ ക്വട്ടേഷന്‍ സംഘങ്ങളുമായി ചേര്‍ന്ന് നിരവധി അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ്.
ഇവര്‍ കൊല്ലം, ആലപ്പുഴ സ്വദേശികളാണ്. നിരവധി ക്വട്ടേഷന്‍ അക്രമണ കേസുകള്‍ വിവിധ സ്റ്റേഷനുകളില്‍ ഇവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒന്‍മ്പത് പേരടങ്ങുന്ന സംഘമായാണ് ഇവര്‍ അക്രമങ്ങള്‍ നടത്തിയിരുന്നത്. കരിയിലക്കുളങ്ങര സ്വദേശി ഇതിയാന് വിഷ്ണു എന്ന വിഷ്ണുവിനെയും പുതുപ്പള്ളി സ്വദേശി മല്ലി സുരയ്യയേയും കായംകുളം പോലീസ് നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ഇവരുടെ പക്കല്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബാക്കിയുള്ളവര്‍ കുടുങ്ങിയത്. കവര്‍ന്നെടുക്കുന്ന സ്വര്‍ണാഭരണങ്ങള്‍ ഹരിപ്പാട്, കരുനാഗപ്പള്ളി, പത്തനാപുരം, പുനലൂര്‍, ചാരുംമൂട് തുടങ്ങിയ സ്ഥലങ്ങളില്‍ വിറ്റതായും അനേ്വഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. സംഘത്തലവനായ റിയാസ്ഖാന്റെ കാമുകിയും പുനലൂര്‍ സ്വദേശിനിയുമായ ഒരു സ്ത്രീ മുഖേനയും മോഷണ മുതലുകള്‍ വിറ്റതായും തെളിഞ്ഞിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളിലും കാറിലും കറങ്ങി നടന്നാണ് ഈ സംഘം പിടിച്ചുപറി നടത്തിയിരുന്നത്.
പ്രതികള്‍ അറസ്റ്റിലാകുമ്പോള്‍ വടിവാളുകള്‍, മുഖംമൂടികള്‍, മുളക്പൊടി, ഗ്ലൗസുകള്‍, ഇരുമ്പുവടി, ഗൂര്‍ഖാ കത്തി എന്നിവ പ്രതികളുടെ പക്കല്‍ നിന്നും കണ്ടെടുത്തു. പുതിയ കവര്‍ച്ചകള്‍ക്ക് പ്രതികള്‍ പദ്ധതി തയ്യാറാക്കി ഒരുങ്ങുമ്പോഴാണ് പോലീസ് പിടിയിലാവുന്നത്. കവര്‍ച്ച ചെയ്തെടുക്കുന്ന മുതലുകള്‍ മദ്യപിക്കാനും, ആഡംബര ജീവിതത്തിനും സ്ത്രീകളോടൊത്ത് സഹവസിക്കുന്നതിനുമാണ് ഉപയോഗിച്ചിരുന്നത്. കായംകുളം കാപ്പില്‍ സ്വദേശി റിയാസ്ഖാനാണ് സംഘത്തലവന്. രാത്രി 7.30നും പതിനൊന്നിനും ഇടയ്ക്കാണ് കവര്‍ച്ച നടത്തുന്നത്. കടയടച്ചു പോകുന്ന വ്യാപാരികളെയാണ് പ്രധാനമായും നോട്ടമിട്ടിരുന്നത്.
രാത്രി ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്തിരുന്ന ദമ്പതികളെയും സംഘം ലക്ഷ്യം വയ്ക്കാറുണ്ടന്നും ഇരകളെയും അവരുടെ പോക്കുവരവും നേരത്തെ മനസിലാക്കി പ്രതേ്യക രൂപരേഖ തയ്യാറാക്കി വിവിധ സംഘങ്ങളായി തിരിഞ്ഞ് ആളൊഴിഞ്ഞ സ്ഥലം നോക്കിയായിരുന്നു കൊള്ള നടത്തിയരുന്നത്. അനേ്വഷണ സംഘത്തില്‍ കായംകുളം ഡിവൈഎസ്പി: ബി.കൃഷ്ണകുമാര്‍, സിഐ: ഉദയഭാനു, എസ്ഐമാരായ രജീഷ്കുമാര്, ഉണ്ണിക്കൃഷ്ണന്, സന്ദീപ്, അശോകന്, എഎസ്ഐ: ജമാല്‍, പോലീസുകാരയ സിയാദ്, ഷാനവാസ്, ഇല്യാസ്, ജയചന്ദ്രന്, സന്തോഷ്, റെജി, അലക്സ്, ബിജുരാജ്, ബിജു സതീഷ് എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: