അമ്പലപ്പുഴ: തോട്ടില്‍ പോള നിറഞ്ഞു; വള്ളത്തില്‍ നെല്ല് കയറ്റാനാവാതെ കര്‍ഷകര്‍ ദുരിതത്തില്‍. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡിലെ കര്‍ഷകരാണ് ദുരിതത്തിലായത്. പ്രദേശത്തെ പാടശേഖരങ്ങളില്‍ നിന്നും വിളവെടുക്കുന്ന ടണ്‍ കണക്കിന് നെല്ല് കൊപ്പാറക്കടവ്-മുക്കേല്‍ തോടു വഴി വലിയ വള്ളങ്ങളിലാണ് വില്‍പ്പന കേന്ദ്രങ്ങളില്‍ എത്തിക്കുന്നത്. മുന്‍കാലങ്ങളില്‍ കൃഷി തുടങ്ങും മുമ്പേ പഞ്ചായത്ത് അധികൃതര്‍, വാര്‍ഡ് മെമ്പര്‍ എന്നിവരുടെ നേതൃത്വത്തില്‍ തോടുകളിലെ പോള പൂര്‍ണമായും വാരി മാറ്റി വള്ളങ്ങള്‍ക്ക് സഞ്ചരിക്കാന്‍ പാത ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ കര്‍ഷകര്‍ സ്വന്തമായി നീക്കട്ടെയെന്ന നിലപാട് സ്വീകരിച്ച് പഞ്ചായത്ത് അധികൃതര്‍ കര്‍ഷകരെ വെട്ടിലാക്കുകയായിരുന്നു.
നിലവില്‍ കാട്ടുകോണം, പട്ടത്താനം, നാലുപാടം എന്നിവിടങ്ങളില്‍ നിന്നായി 1,250 ഓളം ടണ്‍ നെല്ലാണ് കൊയ്ത് കൂട്ടിയിട്ടിരിക്കുന്നത്. ഈ നെല്ല് വള്ളങ്ങളില്‍ നെടുമുടി കടത്ത് കടവ്, പള്ളാത്തുരുത്തി ലോറി കടവ് എന്നിവിടങ്ങളില്‍ എത്തിച്ചാണ് സപ്ലൈകോ ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്കി വരുന്നത്. എന്നാല്‍ നാല് കിലോമീറ്ററോളം നീളമുള്ള തോട്ടില്‍ പോള നിറഞ്ഞ് കര്‍ഷകരെ ദുരിതത്തിലാക്കിക്കഴിഞ്ഞു. അടിയന്തരമായി വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ ഇടപെടണമെന്നും കൊയ്തെടുത്ത നെല്ല് പാടങ്ങളില്‍ നിന്നും കയറ്റിക്കൊണ്ടു പോകുവാന്‍ നടപടിയുണ്ടാകണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: