കാക്കനാട്: തൃക്കാക്കര നഗരസഭയില്‍ ഫയലുകള്‍ ചാക്കില്‍ കെട്ടിയ നിലയില്‍. പഴയ പിഎസ്സി ഓഫീസ് സ്ഥിതി ചെയ്തിരുന്ന മുനിസിപ്പല്‍ കെട്ടിടത്തിനുള്ളിലെ വെറും തറയിലാണ് ഫയലുകളടങ്ങിയ ചാക്കുകെട്ടുകള്‍ കാണപ്പെട്ടത്. കൂടാതെ ഗ്രാമപഞ്ചായത്തായിരുന്നപ്പോഴുള്ള എം ബുക്കുകളും, അക്കൗണ്ട് ബുക്കുകളും, അപേക്ഷകളും തറയില്‍ ചിതറിക്കിടപ്പുണ്ട്.
ഇതേക്കുറിച്ച് ബന്ധപ്പെട്ടവരോട് ചോദിച്ചപ്പോള്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ഇത് അടുക്കിവെക്കാന്‍ കഴിഞ്ഞില്ല എന്നും, ലോക്കല്‍ ഫണ്ട് ഓഡിറ്റിങ്ങിനായി എത്തിയ ഉേദ്യാഗസ്ഥര്‍ പഴയ ഫയലുകള്‍ തപ്പിയപ്പോള്‍ അലക്ഷ്യമായി വലിച്ചിട്ടെന്നുമാണ് മറുപടി കിട്ടിയത്. മുനിസിപ്പല്‍ ഓഫീസിലേക്ക് കയറാനുള്ള വഴിയല്ലാതെ, മറ്റൊരു വഴികൂടി ഫയലുകള്‍ കിടക്കുന്ന ഹാളിലേക്കുള്ളതിനാല് ആര്‍ക്കും അകത്തു കയറി ഫയലുകളും മറ്റും എടുത്തുകൊണ്ടുപോകാമെന്ന അവസ്ഥയാണ്.
തൃക്കാക്കര നഗരസഭയിലെ 2011-12 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തൃക്കാക്കര നഗരസഭയില്‍ പൊതുമരാമത്ത് വര്‍ക്കുകളുടെ 240 ഫയലുകളില്‍ 30 എണ്ണം മാത്രമാണ് നഗരസഭ ഓഡിറ്റര്‍ മുമ്പാകെ, നഗരസഭ അധികൃതര്‍ക്ക് ഹാജരാക്കാനായത്. ജില്ലയിലെ ഏറ്റവും കൂടുതല്‍ ഫഌാറ്റുകളുളള തൃക്കാക്കര നഗരസഭയില്‍ പല വന്‍കിട ഫഌാറ്റ് സമുച്ചയങ്ങളുടെ നികുതിയിനത്തില്‍ ലക്ഷങ്ങള്‍ ലഭിക്കാനുണ്ടെങ്കിലും ഫയലുകളുടെ അഭാവം മൂലം ഫ്ലാറ്റുകളുടെ നികുതി പിരിച്ചെടുക്കാന്‍ സാധിക്കുന്നില്ല. ഇതുമൂലം വന്‍ സാമ്പത്തിക നഷ്ടമാണ് നഗരസഭക്ക് ഉണ്ടായിരിക്കുന്നത്. ഗ്രാമപഞ്ചായത്തായിരുന്നപ്പോള്‍ മുതലുള്ള പ്രാധാന്യമുള്ള ഫയലുകളും രേഖകളുമാണ് അധികൃതരുടെ അനാസ്ഥമൂലം നശിച്ചുപോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: