മാന്നാര്‍: കേടായ വൈദ്യുത മീറ്റര്‍ മാറ്റി സ്ഥാപിക്കുന്നില്ല. ഉപഭോക്താക്കള്‍ അമിത വൈദ്യുതി ചാര്‍ജ് അടയ്ക്കേണ്ടിവരുന്നു. മാന്നാര്‍ വൈദ്യുതി സെക്ഷന്‍ ഓഫീസിന്റെ പരിധിയില്‍പ്പെട്ട പ്രദേശങ്ങളിലാണ് പരാതികള്‍ വ്യാപകമായിരിക്കുന്നത്. മീറ്റര്‍ മാറ്റി സ്ഥാപിക്കണമെന്നുള്ള എണ്ണൂറോളം പരാതികളാണ് തീര്‍പ്പുകല്‍പ്പിക്കാതെ ഓഫീസില്‍ കെട്ടിക്കിടക്കുന്നത്. മിനിമം ചാര്‍ജ് അടച്ചിരുന്ന വീട്ടുകാര്‍ പോലും 700 മുതല്‍ 945 വരെ അടയ്ക്കേണ്ടിവന്നു. അമിത ബില്ല് വന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മീറ്റര്‍ തകരാര്‍ കണ്ടെത്തിയത്. ഇതോടെ പരാതി നല്കി ഓഫീസില്‍ കയറി ഇറങ്ങിയിറങ്ങുകയാണ് വീട്ടുകാര്‍.
പരാതി ലഭിച്ചുകഴിഞ്ഞാല്‍ എത്രയും വേഗം ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തണമെന്നാണ് നിയമം. ടെസ്റ്റിങ് മീറ്റര്‍ ഉപയോഗിച്ച് പ്രവര്‍ത്തന ക്ഷമത നിര്‍ണയിക്കും. തകരാര്‍ ബോദ്ധ്യമായാല്‍ ഉടന്‍ തന്നെ നിലവിലുള്ളവ മാറ്റി പുതിയ മീറ്റര്‍ സ്ഥാപിക്കണം. എന്നാല്‍ മാസങ്ങളായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. മാന്നാര്‍ മേജര്‍ സെക്ഷന്‍ ഓഫീസ് നിര്‍ത്തലാക്കി കൊല്ലകടവിലേക്ക് മാറ്റി. സെക്ഷന്‍ ഓഫീസായി ചുരുങ്ങിയതു മുതല്‍ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നുള്ള ആരോപണം ശക്തമാണ്. മാന്നാറില്‍ അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസം വ്യാപാരികളെ ഉള്‍പ്പെടെ വിഷമത്തിലാക്കിയിട്ടുണ്ട്. മാന്നാര്‍, ചെന്നിത്തല സെക്ഷന്‍ കേന്ദ്രീകരിച്ച് മേജര്‍ ഓഫീസ് നിലവില്‍ വന്നാല്‍ മാത്രമെ ഇപ്പോഴത്തെ അവസ്ഥക്ക് മാറ്റം ഉണ്ടാവുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: