ഇടുക്കി : കുമളി വള്ളക്കടവില്‍ സഹോദരങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന യുവാവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തു. വള്ളക്കടവ് പൊന്നഗര് സ്വദേശി മുരുകേശനെയാണ് കോട്ടയം ക്രൈംബ്രാഞ്ചിലെ ഹര്‍ട്ട് ആന്റ് ഹോമിസൈഡ് വിഭാഗം സി.ഐ. കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. 2012ല്‍ വള്ളക്കടവ് പൊന്നഗര് സ്വദേശികളായ ഭഗവതി (17), സഹോദരന് ശിവ (11) എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ചത്. ശിവയെ ആശുപത്രിയില്‍ എത്തിച്ചയുടന്‍ മരിച്ചു. രണ്ട് ദിവസം കഴിഞ്ഞാണ് ഭഗവതി മരിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് പലതവണ ഭഗവതിയോട് ചോദിച്ചെങ്കിലും തൃപ്തികരമായ മൊഴി ലഭിച്ചില്ല. 2012/13 കേസ് നമ്പര്‍ പ്രകാരം അസ്വാഭാവിക മരണത്തിന് വണ്ടിപ്പെരിയാര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. പോലീസ് അന്വേഷണം നടക്കുന്നതിനിടെ മരിച്ച ഭഗവതിയുമായി അടുത്ത ബന്ധമുള്ള മുരുകേശനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. ഇത് നാട്ടുകാരില്‍ സംശയത്തിന് ഇടനല്കി. പിന്നീട് നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് കോട്ടയം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഇന്നലെ രാവിലെ രണ്ട് വര്‍ഷത്തിന് ശേഷം മുരുകേശന് കട്ടപ്പനയിലെത്തിയതായി വണ്ടിപ്പെരിയാര്‍ പോലീസിന് വിവരം ലഭിച്ചു. ഉടന്‍ തന്നെ പോലീസ് സംഘം മുരുകേശനെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് ക്രൈംബ്രാഞ്ചിന് കൈമാറി. കുമളിയിലെ മറ്റൊരു കേസ് അന്വേഷിക്കുന്നതിനായി ക്രൈം ബ്രാഞ്ച് സംഘം രണ്ട് ദിവസമായി ഇടുക്കിയില്‍ ഉണ്ടായിരുന്നു. മുരുകേശനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇയാള്‍ക്ക് കേസുമായി ബന്ധമുണ്ടെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് സി.ഐ. രവീന്ദ്രനാഥ് ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: