ആലപ്പുഴ: കുട്ടനാട്ടിലെ സിപിഎമ്മില്‍ കാലങ്ങളായി വിഎസ് പക്ഷം തുടരുന്ന ആധിപത്യം തകരുന്നു. പിണറായി പക്ഷം കരുത്തുകാട്ടി, മുട്ടാറിന് പിന്നാലെ പുളിങ്കുന്ന് ലോക്കല്‍ സമ്മേളനവും വിഭാഗീയതയെ തുടര്‍ന്ന് നിര്‍ത്തിവച്ചു. നേരത്തെ നടന്ന കാവാലം, വെളിയനാട്, നീലംപേരൂര്‍ സമ്മേളനങ്ങളില്‍ നേരിയ മുന്‍തൂക്കം മാത്രമേ വിഎസ് പക്ഷത്തിനുള്ളൂ. ആറ്, ഏഴ് തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള രാമങ്കരി ലോക്കല്‍ സമ്മേളനം തമ്മിലടി രൂക്ഷമായ സാഹചര്യത്തില്‍ മാറ്റിവയ്ക്കാന്‍ സാദ്ധ്യത. ഇവിടെ ലോക്കല്‍ സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട റിപ്പോര്‍ട്ടിനെ കുറിച്ച് പോലും തങ്ങള്‍ക്ക് യാതൊരു അറിവുമില്ലെന്നാണ് എല്‍സി അംഗങ്ങള്‍ പറയുന്നത്.
വിഭാഗീയത രൂക്ഷമായതിനെ തുടര്‍ന്നാണ് തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി നടക്കേണ്ടിയിരുന്ന പുളിങ്കുന്ന് ലോക്കല്‍ സമ്മേളനം തിങ്കളാഴ്ച രാത്രി പതിനൊന്നോടെ നിര്‍ത്തിവച്ചത്. തിങ്കളാഴ്ച രാവിലെ മുതല്‍ തന്നെ ചേരിതിരിഞ്ഞ് ആരോപണ പ്രത്യാരോപണങ്ങള്‍ ഉയര്‍ന്നു. വിഎസ് പക്ഷക്കാരായ ഏരിയ സെന്റര്‍ അംഗത്തിനെതിരെയും ഗ്രാമപഞ്ചായത്ത് ഭാരവാഹിക്കുമെതിരെയാണ് അതിരൂക്ഷമായ ആരോപണങ്ങള്‍ ഉയര്‍ന്നത്.
നേതാവിന്റെ മകന് ചതുര്‍ത്ഥ്യാകരി സഹകരണ ബാങ്കില്‍ നിയമനം നല്‍കിയതിലെ അഴിമതി, പുളിങ്കുന്ന് താലൂക്ക് ആശുപത്രിക്ക് സമീപം ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച പാലത്തിന്റെ പേരില്‍ സ്വകാര്യ വ്യക്തിയില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ വാങ്ങിയത്, പഞ്ചായത്തിന്റെ പഴയ കെട്ടിടം പൊളിച്ചപ്പോള്‍ ലഭിച്ച മണ്ണ് വില്‍പ്പന നടത്തിയത്, എന്‍സിപി ജില്ലാ നേതാവിന്റെ സാമ്പത്തിക ഇടപാടില്‍ മദ്ധ്യസ്ഥനായി നിന്ന് പണം വാങ്ങിയത്, ഗ്രാമപഞ്ചായത്ത് ജീവനക്കാരെ മര്‍ദ്ദിച്ചത് തുടങ്ങി നിരവധി ആരോപണങ്ങളാണ് വിഎസ് പക്ഷത്തെ പ്രമുഖര്‍ക്കെതിരെ ഉയര്‍ന്നത്.
എന്നാല്‍ ചര്‍ച്ചയ്ക്ക് മറുപടി നല്കിയ എല്‍സി സെക്രട്ടറി ഷാജി ഈ വിഷയങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാതിരുന്നത് പ്രതിനിധികളെ രോഷാകുലരാക്കി. ആരോപണ വിധേയരായ ഇരുനേതാക്കളെയും ലോക്കല്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തരുതെന്നും ബഹുഭൂരിപക്ഷം പേര് ആവശ്യപ്പെട്ടു. ഇതംഗീകരിക്കാതെ ഇവരെ ഉള്‍പ്പെടുത്തി 15 അംഗങ്ങളുടെ പാനല്‍ അവതരിപ്പിച്ചതോടെ പിണറായി പക്ഷത്തെ 15പേര് കൂടി മത്സരിക്കാ ന് തയാറായി. മത്സരം ഒഴിവാക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എം. സുരേന്ദ്രന്, ഡി. ലക്ഷ്മണന്, ഏരിയ സെക്രട്ടറി അശോകന് എന്നിവര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ രാത്രി പതിനൊന്നോടെ സമ്മേളനം നിര്‍ത്തിവയ്പിക്കുകയായിരുന്നു.
നേരത്തെ മുട്ടാറിലും പിണറായി പക്ഷം മത്സര രംഗത്തെത്തിയതോടെ സമ്മേളനം നിര്‍ത്തിവച്ചിരുന്നു. പതിമൂന്നംഗ കമ്മറ്റിയെ തെരഞ്ഞെടുക്കാന്‍ പതിനാറുപേര്‍ മത്സര രംഗത്തുണ്ടായിരുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഇന്നലെ തുടങ്ങിയ തലവടി നോര്‍ത്ത് ലോക്കല്‍ കമ്മറ്റിയിലും ഇരുവിഭാഗങ്ങള്‍ തമ്മില്‍ കടുത്ത ഭിന്നതയാണുള്ളത്. ഇവിടെയും വിഎസ് പക്ഷത്ത് നിന്ന് കമ്മറ്റി പിടിച്ചെടുക്കാന്‍ പിണറായി പക്ഷം ശ്രമം തുടങ്ങി. ഇതോടെ കുട്ടനാട് ഏരിയ കമ്മറ്റി ഇത്തവണ വിഎസ് പക്ഷത്തിന് നഷ്ടമാകാനാണ് സാദ്ധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: