അമ്പലപ്പുഴ: ഊമയും ബധിരയുമായ മൂന്ന് വയസുകാരിയുടെ ചികിത്സക്കായി ദരിദ്രകുടുംബം കാരുണ്യവതികളുടെ സഹായം തേടുന്നു. പുന്നപ്ര വടക്ക് പഞ്ചായത്ത് 16-ാം വാര്‍ഡ് വാടക്കല്‍ പഴമ്പാശേരി വീട്ടില്‍ പ്രകാശ്-മിനി ദമ്പതികളാണ് മകള്‍ മീനു (ഓള്‍ഗ)വിന്റെ ചികിത്സക്കായി പണമില്ലാതെ മനംനൊന്ത് കഴിയുന്നത്. ശാസ്ത്രക്രിയ നടത്തിയാല്‍ കുട്ടിയുടെ സംസാരശേഷി വീണ്ടെടുക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
എറണാകുളത്തെ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തണമെങ്കില്‍ ഏഴ് ലക്ഷം രൂപയോളം ചെലവ് വരും. പണമില്ലാതിരുന്നതുമൂലം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പറഞ്ഞുവിടുകയായിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഈ ശസ്ത്രക്രിയക്കുള്ള സൗകര്യമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പകരം ഇയര്‍ഫോണ്‍ വെക്കാനാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഈ ഉപകരണത്തിന് 35.000 രൂപയോളം ചെലവുവരും. മത്സ്യത്തൊഴിലാളിയായ പ്രകാശിന്റെ തുച്ഛമായ വരുമാനത്തിലാണ് മൂന്ന് കുട്ടികള്‍ അടങ്ങിയ കുടുംബം ജീവിതം തള്ളിനീക്കുന്നത്. കടപ്പുറം വറുതിയിലായതിനാല്‍ അടുപ്പില്‍ തീപുകയുന്നത് തന്നെ വല്ലപ്പോഴുമാണ്. മൂന്ന് സെന്റ് സ്ഥലത്തെ ഷീറ്റ് മേഞ്ഞ വീട് ഏത് സമയത്തും നിലംപൊത്താറായ അവസ്ഥയിലാണ്.
മൂന്ന് മാസത്തിനുള്ളില്‍ ഓപ്പറേഷന് നടത്തിയില്ലെങ്കില്‍ ചികിത്സ ഫലപ്രദമാകില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ രോഗ വിവരമറിയാതെ ചിരിച്ചും കുറുമ്പുകാട്ടിയും നടക്കുന്ന കുഞ്ഞിന്റെ മുഖത്തുനോക്കുമ്പോള്‍ നെഞ്ചില്‍ കനല് ഏരിയുകയാണെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. എങ്കിലും മനസില്‍ നന്മയുടെ ഉറവ വറ്റാത്തവരുടെ കാരുണ്യമുണ്ടാകുമെന്ന പ്രതീക്ഷയും കൈവെടിഞ്ഞിട്ടില്ല. പ്രകാശന് സേവ്യറിന്റെ പേരില്‍ എസ്ബിഐ കളര്‍കോട് ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍ 31592151534. ഐഎഫ്എസ് കോഡ്: 0012871. ഫോണ്‍: 8086913614.
പ്രതികരിക്കാൻ ഇവിടെ എഴുതുക: