മട്ടാഞ്ചേരി: കൊച്ചിക്കായലില്‍ രക്ഷകനായെത്തി മുങ്ങിതാഴ്ന്ന നാവികന് വിഷ്ണു പി.ഉണ്ണിയെ കാണാതായിട്ട് മുപ്പത് ദിവസങ്ങള്‍ പിന്നിടുന്നു. കൊച്ചി കായലില്‍ കാണാതായ വിഷ്ണുവിന്റെ മൃതദേഹം ഇന്നും കണ്ടെത്തനായിട്ടില്ല. പാലക്കാട് തൃത്താലയില്‍ ഒക്ടോബര്‍ 28ലെ പിറന്നാള്‍ ദിനത്തിലെങ്കിലും എത്തുമെന്ന് കരുതി കാത്തിരുന്ന വിഷ്ണുവിന്റെ കുടുംബം പ്രതീക്ഷയുടെ ദിനങ്ങള്‍ എണ്ണി നീക്കുമ്പോള്‍, നാവിക സേനാധികൃതരും, രക്ഷാ ഏജന്‍സികളും മൃതദേഹം കണ്ടെത്താനാകാതെ കുഴയുകയുമാണ്.
കൊച്ചിനാവികസേനയിലെ ഐഎന്‍എസ് ശാരദയിലെ നാവികനായ വിഷ്ണു പി. ഉണ്ണി ഒക്ടോബര്‍ മൂന്നിനാണ് കൊച്ചിക്കായലില്‍ മുങ്ങിതാഴ്ന്നത്. ആത്മഹത്യയ്ക്കായി കായലില്‍ ചാടിയ യുവതിയെയും, കുഞ്ഞിനെയും രക്ഷിക്കാനുള്ള ദൗത്യത്തില്‍ ഇരുവരെയും നാവികസേനാ ബോട്ടിലെത്തിച്ച് രക്ഷിച്ച ശേഷമാണ് വിഷ്ണു മുങ്ങിതാഴ്ന്നത്. തുടര്‍ന്ന് നാവികസേനയും, കോസ്റ്റ്ഗാര്‍ഡും, കോസ്റ്റല്‍ പോലീസുമടക്കമുള്ളവര് ദിവസങ്ങളോളം നടത്തിയ തിരച്ചിലില്‍ വിഷ്ണുവിനെ രക്ഷിക്കാനോ മൃതദേഹം കണ്ടെത്താനോ കഴിഞ്ഞിട്ടില്ല.
കായലിനോടൊപ്പം കടലില്‍ 18 നോട്ടിക്കല്‍ മൈല്‍വരെ നടത്തിയ തിരിച്ചില്‍ ഒരാഴ്ച പിന്നിട്ടതോടെ നിര്‍ത്തി നാവികസേന പിന്മാറുകയും ചെയ്തു. ഇതിനിടെ കായലിലും, കടലിലും ചിലയിടങ്ങളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയെങ്കിലും അത് വിഷ്ണുവിന്റെതായിരുന്നില്ല.
പാലക്കാട് തൃത്താല പണ്ടാരകുന്നില് പട്ടിക്കരവളപ്പില് സൈനികനായ ഉണ്ണി- പ്രദായിനി ദമ്പതികളുടെ മകനാണ്. നന്ദു എന്ന് 23 കാരന് വിഷ്ണു പഠനത്തോടൊപ്പം, കായിക തലത്തിലും ശ്രദ്ധേയനായിരുന്നു.
മൂന്ന് വര്‍ഷം മുമ്പ് കൊച്ചി നാവികസേനയില്‍ ജോലിനേടിയപ്പോള്‍ സഹോദരി വിനയയുടെ സിഎ പഠിനവും, നല്ലൊരുവീടും സ്വപ്നം കണ്ട വിഷ്ണുവിന്റെ വേര്‍പാട് അപ്പുപ്പനും അമ്മൂമ്മയുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ് ഇല്ലാതാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: