കോട്ടയം: കോട്ടയം താഴത്തങ്ങാടി തളിക്കോട്ട ശ്രീകൃഷ്ണ നിവാസില്‍ രാമകൃഷ്ണക്കുറുപ്പിനെ കാണാതായിട്ട് നാളെ ഏഴുവര്‍ഷം പൂര്‍ത്തിയാകുന്നു. ആള് മരിച്ചതാണെന്ന് കണക്കുകൂട്ടി അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്.
ഒരിക്കല്‍ പോലും പോലീസ് അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്ന് മകനും ജന്മഭൂമി കൊച്ചി യൂണിറ്റിലെ ജീവനക്കാരനുമായ ആര്. രാധാകൃഷ്ണന് പറഞ്ഞു. ആലപ്പുഴ വടക്കന്‍ വെളിയനാട് മാറപ്പാടില് കുടുംബാംഗമായ രാമകൃഷ്ണക്കുറുപ്പ് സിന്‍ഡിക്കേറ്റ് ബാങ്ക് റിട്ട. ഉദ്യോഗസ്ഥനായിരുന്നു. വിരമിച്ച് അധികകാലമാകും മുന്‍പാണ് രാമകൃഷ്ണക്കുറുപ്പിനെ കാണാതായത്. 2007സപ്തംബര്‍ 22ന് രാവിലെ തളിക്കോട്ടയിലെ വീട്ടില്‍ നിന്ന് കോട്ടയം നഗരത്തിലേക്ക് പോയതാണ്. വൈകിയും മടങ്ങിയെത്തിയില്ല.
തുടര്‍ന്ന് 23നു തന്നെ കോട്ടയം വെസ്റ്റ് പോലീസില്‍ ക്രൈം നമ്പര്‍ 695/07 ആയി പരാതിയും നല്കി. ബന്ധുക്കള്‍ മാസങ്ങളോളം അന്വേഷണങ്ങളും തെരച്ചിലും നടത്തിയെങ്കിലും വിഫലമായി. വഴിക്കണ്ണുമായി കാത്തുകാത്തിരുന്നെങ്കിലും ഭര്‍ത്താവിനെ, കാണാന്‍ കഴിയാതെ ഭാര്യ പി.കെ. രാജമ്മ 2011 ജനുവരി 11 ന് മരിച്ചു.
രാമകൃഷ്ണക്കുറുപ്പിനെ കാണാതായതു സംബന്ധിച്ച കേസ് തെളിയിക്കപ്പെടാത്ത കേസുകളുടെ പട്ടികയിലാക്കി അവസാനിപ്പിക്കാനായിരുന്നു പോലീസിന് തിരക്ക്. കാണാതായ ആദ്യ നാളുകളില്‍ പോലീസ് കൃത്യമായ രീതിയില്‍ വിപുലമായി അന്വേഷിച്ചിരുന്നെങ്കില്‍ ഫലമുണ്ടാകുമായിരുന്നുവെന്നാണ് താന്‍ കരുതുന്നതെന്ന് രാധാകൃഷ്ണന് പറഞ്ഞു.
രാമകൃഷ്ണക്കുറുപ്പിന്റെ ഭാര്യ രാജമ്മ കൂടി മരിച്ചതോടെ സിന്‍ഡിക്കേറ്റ് ബാങ്കില്‍ നിന്ന് ലഭിക്കേണ്ട റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ എല്ലാം വെള്ളത്തിലായ അവസ്ഥയിലാണ്. സംസ്ഥാനത്ത് കാണാതാകുന്നവരുടെയെല്ലാം അവസ്ഥ ഇതുതന്നെയാണ്. മിക്ക കേസുകളിലും കാര്യമായ അന്വേഷണം പോലും നടക്കാറില്ല. ബന്ധുക്കള്‍ നടത്തുന്ന അന്വേഷണത്തില്‍ ആളെ കണ്ടുകിട്ടിയാലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: