അബുദാബി: പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്ട്രേലിയ പരാജയത്തിലേക്ക്. രണ്ടാം ഇന്നിംഗ്സില്‍ വിജയിക്കാന്‍ 603 റണ്‍സ് വേണ്ടിയിരുന്ന ഓസ്ട്രേലിയ നാലാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്ത് പരാജയത്തിന്റെ വക്കിലാണ്. ഒരു ദിവസവും ആറ് വിക്കറ്റും കയ്യിലിരിക്കെ ഓസ്ട്രേലിയക്ക് വിജയിക്കാന്‍ 460 റണ്‍സ് കൂടി വേണം. 38 റണ്‍സോടെ സ്മിത്തും 26 റണ്‍സുമായി മിച്ചല്‍ മാര്‍ഷുമാണ് ക്രീസില്‍.
നേരത്തെ 61ന് രണ്ട് എന്ന നിലയില്‍ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച പാക്കിസ്ഥാന് മിസ്ബയുടെ അതിവേഗ സെഞ്ചുറിയുടെയും (57 പന്തില്‍ പുറത്താകാതെ 101), അസ്ഹര്‍ അലി (100 നോട്ടൗട്ട്) കരുത്തില്‍ 60.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സെടുത്ത് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. 56 പന്തില്‍ നിന്ന് സെഞ്ച്വറി തികച്ച് 28 വര്‍ഷം മുമ്പ് വിന്‍ഡീസ് താരം വിവിയന്‍ റിച്ചാര്‍ഡ് റെക്കോര്‍ഡിനൊപ്പമാണ് മിസ്ബ എത്തിയത്. ക്യാപ്റ്റനൊപ്പം അസ്ഹര്‍ അലിയും സെഞ്ചുറിയോടെ പുറത്താകാതെ നിന്നു. ഇരുവരും ആദ്യ ഇന്നിംഗ്സിലും സെഞ്ചുറി നേടിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരു ടീമിന്റെ രണ്ട് ബാറ്റ്സ്മാന്മാര് രണ്ടു ഇന്നിംഗ്സിലും സെഞ്ചുറി നേടുന്നത് ഇത് രണ്ടാം തവണയാണ്. 1974-ല്‍ ന്യൂസിലാന്റിനെതിരേ വെല്ലിംഗ്ടണില്‍ ഓസ്ട്രേലിയയുടെ ഗ്രേഗ് ചാപ്പല്‍-ഇയാന്‍ ചാപ്പല്‍ സഖ്യമാണ് മുന്‍പ് നേട്ടം കൊയ്തത്.
തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഓസ്ട്രേലിയക്ക് സ്കോര്‍ 43 റണ്‍സായപ്പോഴേക്കും മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. രണ്ട് റണ്‍സെടുത്ത റോജേഴ്സും നാല് റണ്‍സെടുത്ത മാക്സ്വെല്ലും അഞ്ച് റണ്‍സെടുത്ത ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കുമാണ് മികച്ച ഇന്നിംഗ്സ് നടത്താന്‍ കഴിയാതെ മടങ്ങിയത്. പിന്നീട് സ്കോര്‍ 101-ല്‍ എത്തിയപ്പോള്‍ 58 റണ്‍സെടുത്ത വാര്‍ണറും മടങ്ങി. പാക്കിസ്ഥാന് വേണ്ടി സുള്‍ഫിഖര്‍ ബാബര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: