ചേര്‍ത്തല: കുണ്ടും കുഴിയും നിറഞ്ഞ് ചേര്‍ത്തല-തണ്ണീര്‍മുക്കം റോഡ് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. മെറ്റില് ഇളകി വന്‍കുഴികള്‍ റോഡില്‍ രൂപപ്പെട്ടതോടെ കാല്‍നടയാത്രപോലും ദുസഹമായി. ചേര്‍ത്തല കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് മുതല്‍ തണ്ണീര്‍മുക്കം വരെ റോഡിന്റെ വിവിധ ഭാഗങ്ങള്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതിനാല്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവായി. താലൂക്കിന്റെ വിവിധഭാഗങ്ങളില്‍ നിന്നും കോട്ടയത്തേക്ക് പോകുവാനുള്ള എളുപ്പവഴിയാണ് ഈ റോഡ്. കൂടാതെ മണ്ഡലകാലം തുടങ്ങിക്കഴിഞ്ഞാല്‍ അയ്യപ്പന്മാര് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നതും ഈ റോഡിനെ തന്നെയാണ്. മണ്ഡലകാലത്തിന് രണ്ട് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേ റോഡിന്റെ ശോച്യാവസ്ഥയ്ക്ക് നേരെ അധികൃതര്‍ കണ്ണടയ്ക്കുകയാണെന്ന് പരക്കെ പരാതി ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ തവണയും മണ്ഡലകാലത്ത് റോഡ് ഇതേ അവസ്ഥയിലായിരുന്നു. നാട്ടുകാരുടെ നിരന്തരമായ പരാതികളെ തുടര്‍ന്ന് മണ്ഡല കാലത്തിന് ശേഷമാണ് റോഡ് അറ്റകുറ്റപ്പണി ചെയ്യുവാന്‍ അധികൃതര്‍ തയ്യാറായത്. ഒരു കോടി മുടക്കി ആറു കിലോമീറ്റര്‍ നീളമുള്ള റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും ആറുമാസം കഴിയും മുന്‍പേ റോഡ് വീണ്ടും പഴയ അവസ്ഥയിലായി.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താതെ റോഡിലെ കുഴിയടക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് നാട്ടുകാരുടെ പരാതി. വെള്ളംനില്ക്കുന്ന പ്രദേശമായതിനാല്‍ തന്നെ ശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താതെ റോഡ് നിര്‍മ്മാണം വിജയിക്കില്ലെന്നാണ് പൊതുമരാമത്ത് അധികൃതര്‍ പറയുന്നത്. ഇന്റര്‍ലോക്ക് കട്ടകള്‍ ഉപയോഗിക്കുന്നതുള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ക്കായി അനുമതി തേടിയിട്ടുണ്ടെങ്കിലും ലഭിച്ചിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ശബരിമല തീര്‍ത്ഥാടനം തുടങ്ങുന്നതിനു മുന്‍പായി റോഡിലെ കുഴികള്‍ അടച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: