ആലപ്പുഴ: കേരളപ്പിറവി ദീനാഘോഷം ആര്യാട് തെക്ക് ഗവ. വിവിഎസ്ഡി എല്‍പി സ്കൂളില്‍ വിപുലമായി ആഘോഷിച്ചു. കുട്ടികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കേരളത്തനിമ പ്രദര്‍ശനം വേറിട്ട അനുഭവമായി. പരമ്പരാഗത കേരളീയ ഗൃഹോപകരണങ്ങളും കാര്‍ഷിക ഉപകരണങ്ങളും കൗതുക വസ്തുക്കളുമാണ് കുട്ടികളുടെ നേതൃത്വത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചെമ്പ്, ഓട്, പിത്തള എന്നിവയില്‍ തീര്‍ത്ത പാത്രങ്ങള്‍, വിവിധതരം മണ് പാത്രങ്ങള്‍, പനമ്പിലും ചിരട്ടയിലും നിര്‍മ്മിച്ച ഉപകരണങ്ങള്‍, തടിയില്‍ നിര്‍മ്മിച്ച അടുക്കള ഉപകരണങ്ങള്‍, വിവിധ കാര്‍ഷിക ഉപകരണങ്ങള്‍, അളവു പാത്രങ്ങള്‍, പഴയകാല കളിപ്പാട്ടങ്ങള്‍, ഇന്ത്യയിലും വിദേശത്തുമുള്ള നാണയങ്ങള്‍, ക്ലോക്കുകള്‍, അലങ്കാര സാമഗ്രികള്‍ തുടങ്ങി എഴുത്തോലയും ഗ്രാമഫോണും ആറന്മുളക്കണ്ണായിയും അടക്കം അറുന്നൂറോളം വസ്തുക്കളാണ് കുട്ടികള്‍ ശേഖരിച്ചത്. ഇവയില്‍ പലതും അതിപുരാതനവും ഇന്നത്തെ തലമുറയ്ക്ക് കേട്ടുകേള്‍വി മാത്രമുള്ളവയുമായിരുന്നു. ഓരോ വസ്തുവിന്റെയും പേരും ഉപയോഗവും എഴുതി പ്രദര്‍ശിപ്പിച്ചിരുന്നു. ഓലയിലും പ്ലാവിലയിലും കുട്ടികള്‍ നിര്‍മ്മിച്ച കളിപ്പാട്ടങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും അടക്കം നൂറുകണക്കിനാളുകള്‍ പ്രദര്‍ശനം നിരീക്ഷിക്കാന്‍ എത്തി.
ആഘോഷപരിപാടിയുടെ ഉദ്ഘാടനം രാവിലെ എസ്ഡി കോളേജ് മലയാളവിഭാഗം മേധാവി പ്രൊഫ. അജയകുമാര്‍ നിര്‍വഹിച്ചു. നാടന്‍പാട്ട് കലാകാരന് പുന്നപ്ര ജ്യോതികുമാര്‍ മുഖ്യാതിഥിയായിരുന്നു. എസ്എംസി അംഗം അജയന് അദ്ധ്യക്ഷത വഹിച്ചു. ടി.ആര്. മിനിമോള്‍, ശ്രീജയ ജി.നായര്‍, ഷിബു എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു. പ്രധാനാദ്ധ്യാപിക പ്രീതി ജോസ്, എസ്എംസി പ്രസിഡന്റ് വിനോദ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: