ന്യൂയോര്‍ക്ക്: ബഹിരാകാശത്ത് വിനോദ സഞ്ചാരികളെ കൊണ്ടുപോകാന്‍ ഒരുക്കിയ സ്പേസ് ഷിപ്പ് 2 (ബഹിരാകാശ നൗക) പരീക്ഷണ പറക്കലിനിടെ തകര്‍ന്നുവീണ് പൈലറ്റുമാരില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ബഹിരാകാശ വിനോദയാത്രാ കമ്പനിയായ വിര്‍ജിന്‍ ജെലക്റ്റിക്കിനുവേണ്ടി സ്കെയില്‍ഡ് കോംപോസൈറ്റ്സ് എന്ന സ്ഥാപനം നിര്‍മ്മിച്ച സ്പേസ് ഷിപ്പാണ് പരീക്ഷണത്തിനിടെ കാലിഫോര്‍ണിയയിലെ മോജാവോ മരുഭൂമിയില്‍ കഴിഞ്ഞദിവസം തകര്‍ന്നുവീണത്.
പ്ലാസ്റ്റിക്കില്‍ നിന്ന് തയ്യാറാക്കിയ ഇന്ധനം ഉപയോഗിച്ചായിരുന്നു റോക്കറ്റിന്റെ സഹായത്തോടെ പറക്കുന്ന സ്പേസ് ഷിപ്പിന്റെ പരീക്ഷണം. ബഹിരാകാശ നൗക തകരുന്നതിന് തൊട്ടുമുന്‍പ് പൈലറ്റുമാരില്‍ ഒരാള്‍ പാരച്യൂട്ടില്‍ രക്ഷപ്പെട്ടു. ചെറിയ പരിക്കുകളേറ്റ ഇയാളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബഹിരാകാശ വിനോദസഞ്ചാര രംഗത്ത് പുത്തന്‍ സാധ്യതകള്‍ തേടുന്ന വിര്‍ജിന്‍ ജെലക്റ്റിക് അടുത്തവര്‍ഷം ആദ്യയാത്ര സംഘടിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നു. വാനശാസ്ത്രജ്ഞര്ക്കൊപ്പം ഹോളിവുഡ് താരങ്ങളായ ലിയനാര്‍ഡോ ഡി കാപ്രിയോ, എയ്ഞ്ചലീന ജോളി, പോപ് സ്റ്റാര്‍ ജസ്റ്റിന് ബീബര്‍ തുടങ്ങിയവരും യാത്രക്കാരുടെ പട്ടികയില്‍ ഉണ്ടാകുമെന്നും കരുതപ്പെട്ടു. ഇതിനകം 700ല്‍ അധികംപേര്‍ യാത്രക്കായി ടിക്കറ്റ് റിസര്‍വ് ചെയ്തുകഴിഞ്ഞു.
2,00,000 മുതല്‍ 2,50,000 ഡോളര്‍ വരെ നല്‍കിയാണ് അവരെല്ലാം സ്പേസ് ഷട്ടിലില്‍ സീറ്റ് ഉറപ്പിച്ചത്.
അതേസമയം, വ്യാവസായിക അടിസ്ഥാനത്തില്‍ ബഹിരാകാശ ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തുന്ന സ്വകാര്യ കമ്പനികളുടെ ആശങ്ക വര്‍ധിപ്പിക്കുന്നതായി ഇപ്പോഴത്തെ അപകടം. ഒരാഴ്ചയ്ക്കിടെയുള്ള രണ്ടാമത്തെ ബഹിരാകാശ ദുരന്തമാണിത്. ചൊവ്വാഴ്ച, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള വസ്തുക്കളുമായി കുതിച്ചുയര്‍ന്ന ആളില്ലാ റോക്കറ്റ് തകര്‍ന്നുവീണിരുന്നു. നാസയ്ക്കുവേണ്ടി വിര്‍ജീനിയയിലെ സ്വകാര്യ കമ്പനിയായ ഓര്‍ബിറ്റല്‍ സയന്‍സ് കോര്പ്പറേഷന് ഏറ്റെടുത്ത ദൗത്യം അങ്ങനെ ലക്ഷ്യം കാണാതെ പോകുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: