ആലപ്പുഴ: യുഡിഎഫ്-എല്‍ഡിഎഫ് പഞ്ചായത്ത് ഭരണസമിതികള്‍ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പ് അട്ടിമറിച്ച് അതിന്റെ പാപഭാരം നരേന്ദ്രമോദി സര്‍ക്കാരിന്റെ മേല്‍ ചുമത്തുകയാണെന്ന് ബിജെപി ജില്ലാ നേതൃയോഗം കുറ്റപ്പെടുത്തി. തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പ് നിര്‍മ്മാണ മേഖലയില്‍ നടപ്പാക്കണമെന്ന നയത്തിന്റെ മറവില്‍ പദ്ധതി നടത്തിപ്പ് അട്ടിമറിച്ച് തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെടുത്തുന്നതിനെതിരെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകള്‍ക്ക് മുന്നില്‍ നവംബര്‍ 15ന് മുമ്പ് ജനകീയ ധര്‍ണ നടത്താന്‍ യോഗം തീരുമാനിച്ചു.
പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന അശാസ്ത്രീയമായ നികുതി വര്‍ദ്ധനവില്‍ യോഗം പ്രതിഷേധിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ.ജെ.ആര്. പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ. സോമന്, കൊട്ടാരം ഉണ്ണികൃഷ്ണന്, ജില്ലാ വൈസ് പ്രസിഡന്റുമാരായ പാലമുറ്റത്ത് വിജയകുമാര്‍, എസ്. ഗിരിജ, വത്സലക്കുഞ്ഞമ്മ, പി.കെ. വാസുദേവന്‍, ട്രഷറര്‍ കെ.ജി. കര്‍ത്ത, സെക്രട്ടറിമാരായ ഗീതാ രാംദാസ്, എം.വി. ഗോപകുമാര്‍, ജി. ജയദേവ്, ടി.കെ. അരവിന്ദാക്ഷന്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ. സാജന്, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് സുഷമ വി.നായര്‍, പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.ബി. ഷാജി, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് എബ്രഹാം മാത്യു വാഴത്തറ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: