ആലപ്പുഴ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ റോഡുകള്‍ക്കു സമീപം ചില സ്വകാര്യ കടയുടമകള്‍ നടത്തിയ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു. കളക്ടറുടെ ചേംബറില്‍ ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുദേ്യാഗസ്ഥരുമായി നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഒഴിപ്പിക്കുന്നതിന്റെ ആദ്യപടിയായി റോഡുകള്‍ക്കു സമീപമുള്ള അനധികൃതകൈയേറ്റങ്ങള്‍ അളന്നു തിരിച്ച് തിട്ടപ്പെടുത്തും. ഇതിനുവേണ്ടി സര്‍വേ ഉദേ്യാഗസ്ഥരെ ചുമതലപ്പെടുത്തും. കൈയേറ്റങ്ങള്‍ അളന്നുതിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നവംബര്‍ നാലിനു തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. അളന്നു തിരിക്കുന്നതിനൊപ്പം കടയുടമകള്‍ക്ക് നോട്ടീസും നല്‍കും. പ്രധാനമായും റോഡിലെ കൈയേറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത് സീറോ ജങ്ഷനും കൈചൂണ്ടി ജങ്ഷനും ഇടയിലും കല്ലുപാലം- എ-സി റോഡിനു സമീപവും ബോട്ടുജെട്ടിയുടെ എതിര്‍വശത്തുമാണ്. നോട്ടീസ് ലഭിച്ച ശേഷവും കടയുടമകള്‍ കൈയേറിയ സ്ഥലം ഒഴിഞ്ഞില്ലെങ്കില്‍ കെഎല്‍സി ആക്ട് പ്രകാരം പിഴയും തടവും ലഭിക്കുന്ന വകുപ്പുകള്‍ ചുമത്താന്‍ നടപടി സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: