കായംകുളം: മദ്യലഹരിയില്‍ രണ്ടാം ഭാര്യയെ കല്ലുകൊണ്ട് മര്‍ദ്ദിച്ച് കൊന്ന കേസില്‍ യുവാവിന് ജീവപര്യന്തം തടവും 25,000രൂപ പിഴയും ശിക്ഷ വിധിച്ചു. ബംഗളൂരു നിജഹള്ള ഹൊസഹള്ളി 12-ബാറ്റഡ് ഏലമ്മ (മഞ്ജു-32)യെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് തമിഴ്നാട് വേളാങ്കണ്ണി പുത്തന്‍പുരയില്‍ സേവ്യറി (42) നെയാണ് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് 2 കെ.കെ. സുജാത ശിക്ഷിച്ചത്. പിഴ തുക മഞ്ജുവിന്റെ ആദ്യ വിവാഹത്തിലെ മക്കള്‍ക്ക് നല്‍കണം.
2013 ജൂണ്‍ ഏഴിന് രാത്രി 7.30ന് കായംകുളം റെയില്‍വേ സ്റ്റേഷനു സമീപമാണ് സംഭവം. പുതിയതായി പണിതുകൊണ്ടിരുന്ന സ്വകാര്യ ബസ് സ്റ്റാന്‍ഡിലുള്ള വെയിറ്റിങ് ഷെഡില്‍ വച്ച് മഞ്ജുവിന്റെ മുഖത്തും നെഞ്ചിനും വയറ്റിലും ചവിട്ടിയും ഇടിച്ചും പാറക്കല്ല് കൊണ്ട് നാഭിക്ക് ഇടിച്ചും കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. കൊല്ലപ്പെട്ട മഞ്ജു ബംഗളൂരു സ്വദേശിയായ ചിന്ന സ്വാമിയെ നേരത്തെ വിവാഹം കഴിച്ചിരുന്നു. ആ ബന്ധത്തില്‍ മൂന്നു കുട്ടികളുണ്ട്. പിന്നീട് മഞ്ജു സേവ്യറുമായി പ്രണയത്തിലായി ഒളിച്ചോടി. സേവ്യറും നേരത്തെ വിവാഹിതനാണ്. സംഭവത്തിന് രണ്ടുവര്‍ഷം മുന്‍പ് മുതല്‍ സേവ്യറും മഞ്ജുവും കായംകുളത്തും പരിസരപ്രദേശങ്ങളിലും കഴിഞ്ഞുവരികയായിരുന്നു.
രോഗികളുടെ പേരില്‍ പണപ്പിരിവു നടത്തിയാണ് ഇരുവരും കഴിഞ്ഞിരുന്നത്. സംഭവ ദിവസം മദ്യത്തെ ചൊല്ലി ഇരുവരും വഴക്കിടുകയും മഞ്ജു കൊല്ലപ്പെടുകയുമായിരുന്നു. ഇതിനു ശേഷം സേവ്യര്‍ സുഹൃത്തുക്കളായ അനീഷ്, ഭാര്യ ജാസ്മിന്, ജയിംസ് ജോസഫ് എന്നിവരെ മൃതദേഹം ഉപേക്ഷിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ഇവര്‍ തയ്യാറായില്ല. തുടര്‍ന്ന് മരണവിവരം പോലീസില്‍ അറിയിക്കാമെന്ന് കൂട്ടായി തീരുമാനിച്ചു. അപസ്മാരം വന്ന് മരിച്ചതാണെന്ന് പോലീസില്‍ അറിയിക്കാമെന്നുമായിരുന്നു ധാരണ. എന്നാല്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ സേവ്യറിന്റെ സുഹൃത്തുക്കള്‍ സത്യം പറയുകയും സേവ്യറെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കേസ് അന്വേഷിച്ച കായംകുളം സിഐ: ടി. രാജപ്പന് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. ഇതിനാല്‍ സേവ്യറിന് ജാമ്യം ലഭിച്ചിരുന്നില്ല. പ്രോസിക്യൂഷന് ഭാഗത്തുനിന്നും 26 സാക്ഷികളെ വിസ്തരിക്കുകയും 16 തൊണ്ടിമുതലുകള്‍ ഹാജരാക്കുകയും ചെയ്തു. പ്രതിഭാഗത്തുനിന്നും വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് അടക്കം മൂന്നു സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.രമണന്‍പിള്ള ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: