അടിമാലി : അടിമാലി ഇരുട്ടുകാനത്ത് ആനസവാരി കേന്ദ്രത്തില്‍ യുവതി ആനയുടെ ചവിട്ടേറ്റ് മരിച്ച സംഭവത്തെ തുടര്‍ന്നുള്ള അന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി സൂചന. ഇരുട്ടുകാനത്തേതടക്കം മാട്ടുപ്പെട്ടി, ഈട്ടിസിറ്റി, തേക്കടി എന്നീ സ്ഥലങ്ങളില്‍ വിവിധ റിസോര്‍ട്ടുകളില്‍ 30ല്‍പ്പരം ആനകളാണ് സവാരിയ്ക്കായുള്ളത്. ഇതില്‍ മിക്കവയ്ക്കും ലൈസന്സില്ലെന്നുള്ളതാണ് വാസ്തവം. ഇരുട്ടുകാനത്ത് ഉണ്ടായിരുന്ന ആനകള്‍ക്കും ലൈസന്‍സില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്. 1972-ലെ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം വന്യജീവികളെ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2004 ല്‍ വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പുതുക്കിയ നിയമപ്രകാരം ആനയുടെ ഉടമസ്ഥര്‍ക്ക് ഉടമസ്ഥത തെളിയിക്കുന്നതിന് ഒരു വര്‍ഷം സമയപരിധി കൊടുത്തിരുന്നു. തുടര്‍ വര്‍ഷങ്ങളില്‍ കേരളത്തിന് പുറത്തുനിന്നും ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ കൊണ്ടുവന്നിട്ടുള്ള ആനകള്‍ക്ക് ലൈസന്‍സ് ഇല്ലെന്നുള്ളതാണ് വസ്തുത. മിക്ക റിസോര്‍ട്ടുകളിലും പഞ്ചായത്തില്‍ അടയ്ക്കേണ്ട വിനോദ നികുതി പോലും അടയ്ക്കാതെയാണ് ആനകളെ സവാരിയ്ക്ക് ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: