ആലപ്പുഴ: മങ്കൊമ്പ് അവിട്ടം തിരുനാള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച ഇരുനില കെട്ടിടം തകര്‍ന്നുവീണ് രണ്ടുമാസം പിന്നിട്ടിട്ടും കുട്ടികള്‍ക്ക് പഠനം നടത്താന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ അധികൃതര്‍ ഒളിച്ചുകളിക്കുന്നതില്‍ പ്രതിഷേധമുയരുന്നു. ഇതോടെ ദുരിതത്തിലായ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി.
ആഗസ്റ്റ് 16നാണ് സ്കൂള്‍ കെട്ടിടം തകര്‍ന്ന് വീണത്. കെട്ടിടം തകര്‍ന്നുവീണതിനെ തുടര്‍ന്ന് ഭൗതികസാഹചര്യം താറുമാറായ സ്കൂളില്‍ ഇപ്പോള്‍ താത്കാലിക സംവിധാനം ഏര്‍പ്പെടുത്തിയാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. സമീപത്തെ ഗവ. എല്‍പി സ്കൂളിലെ ഒഴിഞ്ഞുകിടന്ന ഇടുങ്ങിയ ക്ലാസ് മുറികളിലും സ്കൂള്‍ പരിസരത്തെ മരച്ചുവടുകളിലുമായാണ് ആറ് മുതല്‍പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ നടക്കുന്നത്. കമ്പ്യൂട്ടര്‍ പഠനത്തിനുള്ള ലാബ്, വിഎസ്എസ്ഇ വിഭാഗത്തിലെ സയന്‍സ് അഗ്രിക്കള്‍ച്ചര്‍ ലാബുകള്‍, സ്കൂള്‍ ലൈബ്രറി എന്നിവ പ്രവര്‍ത്തിക്കുന്നില്ല.
പുളിങ്കുന്ന്, ചമ്പക്കുളം പഞ്ചായത്തുകളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന നിരവധി കുട്ടികളുടെ ആശ്രയമായ സ്കൂളാണ് പ്രവര്‍ത്തനം പ്രതിസന്ധിയിലായത്. കെട്ടിടം തകര്‍ന്നുവീണതിനെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച എംപി, എല്‍എഎ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, കളക്ടര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സ്കൂളിന് ഭൗതികസാഹചര്യം മെച്ചപ്പെടുത്തിന് തീരുമാനം എടുത്തിരുന്നു. എന്നാല്‍ രണ്ടരമാസം പിന്നിട്ടിട്ടും ഒരു നടപടിയും ഉണ്ടാവാത്തത് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അദ്ധ്യാപകരെയും വിഷമത്തിലാക്കുകയാണ്.
സ്കൂളിലെ പഴയകെട്ടിടം മേജര്‍ മെയിന്റനന്‍സ് ചെയ്ത് അടിയന്തരമായി താത്ക്കാലിക സംവിധാനം ഉണ്ടാക്കണമെന്ന ജില്ലാപ്പഞ്ചായത്തിന്റെ തീരുമാനം പ്രാവര്‍ത്തികമായിട്ടില്ല. സ്കൂളിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള അടിയന്തര സാഹചര്യം ഉണ്ടാക്കണമെന്നും തകര്‍ന്നുവീണ കെട്ടിടത്തിന് പകരം പുതിയകെട്ടിടം നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: