അമ്പലപ്പുഴ: നിയന്ത്രണം തെറ്റിയ ബൈക്ക് ബസ് സ്റ്റോപ്പില്‍ നിന്ന യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞു കയറി സ്കൂള്‍ കുട്ടികളടക്കം എട്ടുപേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രികനായ പുന്തല പത്തിന്റെ കളത്തില്‍ പുരുഷന്റെ മകന് അനില്‍കുമാര്‍ (32), ആറാട്ടുപുഴ വലിയഴീക്കല്‍ അഴിയക്കകത്ത് മണ്ണേല്‍ ശിവരാജിന്റെ ഭാര്യ രാജമ്മ (42), അമ്പലപ്പുഴ ഗവ മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളായ അരുണ്‍ഘോഷ് (16), ശ്രീലാല്‍ (17), പുറക്കാട് എസ്എന്‍എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളായ നന്ദനപ്രദീപ് (16), അഞ്ജു (15), അശ്വതി (16), അഖില്‍ (16) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ എട്ടേകാലോടെ ദേശിയപാതയില്‍ തോട്ടപ്പള്ളി സ്പില്‍വേയ്ക്ക് തെക്ക് ഭാഗത്തായിരുന്നു അപകടം. അമിത വേഗതയില്‍ ഇടറോഡില്‍ നിന്ന് ദേശിയപാതയിലേക്ക് കയറിയ മിനിലോറിയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ബൈക്ക് നിയന്ത്രണം തെറ്റി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അടിയന്തരമായി ചികിത്സ ലഭിച്ചില്ലെന്ന് രക്ഷാകര്‍ത്താക്കളും അദ്ധ്യാപകരും ആരോപിച്ചു. ഇതിനെതിരെ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: