പ്രധാനമന്ത്രി പദം ഏറ്റെടുത്തശേഷം നരേന്ദ്രമോദി ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ആദ്യ യോഗത്തില്‍ പറഞ്ഞത് ജോലി സ്ഥലത്തെ അന്തരീക്ഷത്തെക്കുറിച്ചും ജോലിയുടെ ശൈലീമാറ്റത്തെക്കുറിച്ചുമാണ്. വെടിപ്പും വൃത്തിയുമുള്ള ഓഫീസും പരിസരവും. ഫയലുകള്‍ കൂട്ടിവയ്ക്കാത്ത മേശകള്‍. മുന്നിലിരുന്ന ഫയലുകളില്‍ ഉടന്‍ തീര്‍പ്പുകല്‍പ്പിക്കുന്ന ഉദ്യോഗസ്ഥര്‍. ഇതായിരുന്നു മോദിയുടെ സ്വപ്നം. മോദിയുടെ ആഗ്രഹം ദല്‍ഹിയിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ നടപ്പിലാക്കുന്നതാണ് പിന്നീട് വാര്‍ത്തയായത്. മാറാല കെട്ടിയ ഓഫീസ് മുറികളും പൊടിപിടിച്ച അലമാരകളും അപ്രത്യക്ഷമായി. ജോലി സ്ഥലത്തെ അന്തരീക്ഷം മാറി എല്ലാതട്ടിലുമുള്ള ഓഫീസര്‍മാര്‍ക്ക് ജോലിയോട് കൂടുതല്‍ ഇഷ്ടം. കാര്യങ്ങള്‍ക്കെല്ലാം ഒരു തീര്‍പ്പും സുതാര്യതയും. സര്‍ക്കാര്‍ സംവിധാനത്തിന്റെ ചടുലതയ്ക്ക് മോദി മുന്നോട്ടു വെച്ച ‘ചെറിയ കാര്യം’ വലിയ പങ്കാണ് വഹിക്കുന്നത്.
മോദിയുടെ ആഗ്രഹം നേരത്തെ നടപ്പിലാക്കിയ ഒരു കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമുണ്ട്. അതും കേരളത്തില്‍. ഹിന്ദുസ്ഥാന്‍ ലാറ്റക്സ് എന്ന പൊതുമേഖലാ കമ്പനി.
കമ്പനിയുടെ ഓഫീസും ഫാക്ടറികളും നരേന്ദ്രമോദിയുടെ മനസ്സിലുള്ള ഓഫീസുകളുടെ നേര്‍ക്കാഴ്ചകളാണ്. സ്വീകരണ മുറി മുതല്‍ ചെയര്‍മാന്റെ ഓഫീസുവരെ എല്ലായിടത്തും അന്താരാഷ്ട്ര നിലവാരം. വൃത്തിയും വെടിപ്പും മാത്രമല്ല പ്യൂണ്‍ മുതല്‍ മുകളിലോട്ടുള്ള എല്ലാവരുടെയും പെരുമാറ്റം അതീവ ഹൃദ്യം. ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ് നടപ്പിലാക്കിക്കൊടുക്കാന്‍ തയ്യാറായ ജീവനക്കാര്‍. ഗര്‍ഭ നിരോധന ഉറ നിര്‍മ്മാണ കമ്പനി എന്ന നിലയില്‍ നിന്ന് ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ക്ക് ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ ലഭ്യമാക്കുന്ന സ്ഥാപനമെന്ന നിലയിലേക്കുള്ള ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്റെ വളര്‍ച്ചയ്ക്ക് അടിസ്ഥാനം ഈ ശൈലിമാറ്റമാണെന്ന് പറയുമ്പോള്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം. അയ്യപ്പന് ആത്മാഭിമാനം. കാരണം ഈ മാറ്റത്തിനു തുടക്കം കുറിച്ചതും നേതൃത്വം നല്‍കുന്നതും അയ്യപ്പനാണ്.
ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്റെ വളര്‍ച്ച അയ്യപ്പന്റെ വിജയഗാഥകൂടിയാണ്. 2003ല്‍ 163 കോടി രൂപ മാത്രം വിറ്റുവരവുള്ളപ്പോഴാണ് അയ്യപ്പന് മാനേജിംഗ് ഡയറക്ടറായി നിയമിതനായത്. എംഡി സ്ഥാനത്തേയ്ക്കുള്ള അഭിമുഖത്തിനെത്തിയ അയ്യപ്പനോട് സ്ഥാനം ലഭിച്ചാല്‍ എന്തുചെയ്യും എന്നു ചോദിച്ചു. 2010 ഓടെ കമ്പനിയെ 1000 കോടി വിറ്റുവരവുള്ളതാക്കും എന്ന തന്റെ ഉത്തരത്തെ പരിഹാസം കലര്‍ന്ന ചിരിയോടെയാണ് അഭിമുഖം ചെയ്തവര്‍ എതിരിട്ടത് എന്നു പറയുമ്പോള്‍ അയ്യപ്പന്റെ മനസ്സില്‍ ഇപ്പോള്‍ ചിരി. കാരണം 2010ലെ ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്റെ വിറ്റുവരവ് 1016 കോടി. ഇപ്പോഴത് 1200 കോടിയിലെത്തി നില്ക്കുന്നു. 2020ഓടെ 10,000കോടി വിറ്റുവരവ് നേടണമെന്നതാണ് അദ്ദേഹത്തിന്റെ സ്വപ്നം. അയ്യപ്പന്റെ രീതിയും പ്രവര്‍ത്തനവും അറിയാവുന്ന ജീവനക്കാര്‍ അത് അസാധ്യമല്ലെന്ന് പറഞ്ഞു തുടങ്ങി.എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിനെ ഒരു ബ്ലൂ ചിപ്പ് ആരോഗ്യസുരക്ഷാ കമ്പനിയാക്കി മാറ്റുകയും ഒരു പതിറ്റാണ്ടായി ഗുണമേന്മയില് ആഗോളതലത്തില്‍ തന്നെ പ്രകീര്‍ത്തിക്കപ്പെടുന്ന ഉല്പാദകരായി പൊതുജനാരോഗ്യരംഗത്ത് ഇടപെടാന്‍ പ്രാപ്തമാക്കുകയും ചെയ്തത് അദ്ദേഹമാണ്.
കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ ലാറ്റക്സില്‍ മാര്‍ക്കറ്റിംഗ് മാനേജരായി 1991ല്‍ പ്രവേശിച്ച ഡോ. അയ്യപ്പന് 2003ലാണ് മാനേജിംഗ് ഡയറക്ടറായത്. 2005 ല്‍ സിഎംഡിയായി. ഗര്‍ഭനിരോധന ഉറ നിര്‍മാണ കമ്പനിയെ ആരോഗ്യസംരക്ഷണ രംഗത്ത് വലിയ സ്ഥാപനമാക്കിയത് അയ്യപ്പനാണ്. കണ്‍സല്‍ട്ടന്‍സി, ആരോഗ്യസുരക്ഷാ ഉല്പന്നങ്ങളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും നിര്‍മാണം, ചെറുകിട വില്പന, ചികില്‍സ, ബ്ലഡ് ബാഗ്, ഡയഗ്നോസ്റ്റിക് സേവനങ്ങള്‍ തുടങ്ങിയവയിലൂടെയാണ് ഇത് സാധിച്ചത്. വളര്‍ച്ചയില്‍ വേഗം കൈവരിച്ച എച്ച്എല്‍എല്‍ ബിസിനസ് 1000 കോടിയിലധികമാക്കി ഉയര്‍ത്തിയത് അയ്യപ്പന്റെ വേറിട്ട ആശയങ്ങളും മാര്‍ക്കറ്റിംഗ് മാനേജ്മെന്റിലെ അനുഗ്രഹീതമായ കൈത്തഴക്കവുമാണ്. എച്ച്എല്‍എല്‍ കേന്ദ്ര പൊതുമേഖലയിലെ ഷെഡ്യൂള്‍ ബി കമ്പനിയായും മിനിരത്ന പദവിയുള്ള സ്ഥാപനമായും വളര്‍ന്നു. 35 ശതമാനം വര്‍ധനയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം വിറ്റുവരവിലും ലാഭത്തിലും ഉണ്ടായിരിക്കുന്നത്.
ഗര്‍ഭനിരോധന ഉറ, റാപ്പിഡ് ഡയഗ്നോസ്റ്റിക് കിറ്റ്, ഫാര്‍മ ഉല്പന്നങ്ങളും സാനിട്ടറി നാപ്കിനുകളും, കൊച്ചിയിലെയും ഹരിയാനയിലെ മാനെസറിലെയും മധ്യപ്രദേശിലെ ഇന്‍ഡോറിലെയും ദേശീയ തലസ്ഥാനമായ ദല്‍ഹിയിലെയും പ്രത്യേക സാമ്പത്തിക മേഖലകളില്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഉപകരണ നിര്‍മാണം തുടങ്ങി വ്യത്യസ്തങ്ങളായ മേഖലകളിലേക്ക് എച്ച്എല്‍എല്ലിനെ നയിച്ച അയ്യപ്പന് സ്ഥാപനത്തിന്റെ വളര്‍ച്ച വേഗത്തിലാക്കി. ജനക്ഷേമകരവും വ്യത്യസ്തങ്ങളുമായ നിരവധി പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതികളുടെ പിന്നില്‍ പ്രവര്‍ത്തിച്ചതും അയ്യപ്പനാണ്. വാക്സിന് സുരക്ഷ ലക്ഷ്യമാക്കി ആരംഭിച്ച സംയോജിത വാക്സിന് ഉല്പാദന പദ്ധതി, കേന്ദ്ര സര്‍ക്കാരുമായിചേര്‍ന്ന് മെഡിപാര്‍ക്ക് എന്നിവ ഇതില്‍ പ്രധാനപ്പെട്ടവയാണ്. ഇതിനൊക്കെപ്പുറമേയാണ് ഹിന്‍ഡ്ലാബ്സ്, മെറിഗോള്‍ഡ്ഹെല്‍ത്ത് കെയര്‍ എന്ന പേരില്‍ ഉത്തര്‍പ്രദേശില്‍ ആരംഭിച്ച ഡയഗ്നോസ്റ്റിക് ചെയിന്‍. പുതിയ സംയുക്ത സംരംഭങ്ങള്‍ വഴി ലൈഫ്സ്പ്രിംഗ് ആശുപത്രികളും സ്വതന്ത്ര ലാഭരഹിത ഫൗണ്ടേഷനും ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ലാനിംഗ് പ്രമോഷന് ട്രസ്റ്റും അദ്ദേഹത്തിന്റെ കാലത്തെ വളര്‍ച്ചയുടെ നാഴികക്കല്ലുകളാണ്.
xറീജ്യണല്‍ ഓഫീസുകളുടെ ശൃംഖല കൂടാതെ കമ്പനിയുടെ നിര്‍മാണ യൂണിറ്റുകള്‍ ഇപ്പോള്‍ രാജ്യത്തുടനീളം സ്ഥാപിതമായിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, മധ്യപ്രദേശിലെ ഇന്‍ഡോര്‍, ഹരിയാനയിലെ മാനേസര്‍, ആന്ധ്രപ്രദേശിലെ ഗജ്വാള്‍, കര്‍ണാടകയിലെ ബെല്‍ഗാം എന്നിവിടങ്ങളിലെല്ലാം യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. എച്ച്എല്‍എല്ലിന്റെ അടിസ്ഥാന സൗകര്യവികസന വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ പ്രധാനമന്ത്രിയുടെ സ്വാസ്ഥ്യ സുരക്ഷായോജന ഒന്നാം ഘട്ടത്തിനു കീഴില്‍ അനവധി സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രികള്‍ സ്ഥാപിക്കുകയും റോത്തക്, അലിഗര്‍, മധുര എന്നിവിടങ്ങളില്‍ ആശുപത്രികളുടെ നിര്‍മാണം നടത്തിവരികയും ചെയ്യുന്നു.
ഇതൊക്കെയാണെങ്കിലും തന്റെ കാലത്തെ ഏറ്റവും വലിയ നേട്ടം തിരുവനന്തപുരത്ത് ആരംഭിച്ച ലോകോത്തര നിലവാരത്തിലുള്ള ഗവേഷണവികസന കേന്ദ്രമാണെന്ന് അയ്യപ്പന് പറയുന്നു. ഗവേഷണ മികവിന് ബില്‍ഗേറ്റ്സ് ഫൗണ്ടേഷന്റേതുള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ചുരുങ്ങിയ നാളുകൊണ്ട് ഈ കേന്ദ്രം നേടിക്കഴിഞ്ഞു. ഒരുകോടിയിലധികം രൂപയുടെ ധനസഹായമാണ് ബില്‍ഗേറ്റ്സ് ഫൗണ്ടേഷന് നല്‍കിയത്. പൊതുമേഖലയില്‍ ഭാരതത്തിനുള്ള മികച്ച ഗവേഷണകേന്ദ്രമായി എച്ച്എല്‍എല്‍ ഗവേഷണകേന്ദം മാറുമ്പോള്‍ അത് അയ്യപ്പന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ വിജയം കൂടിയാണ്. ശക്തമായ എതിര്‍പ്പുകളെ അവഗണിച്ചാണ് അയ്യപ്പന് ഗവേഷണകേന്ദ്രം യാഥാര്‍ത്ഥ്യമാക്കിയത്
തികച്ചും നൂതനവും എന്നാല്‍ ലളിതവുമായ പ്രവര്‍ത്തന ശൈലിയിലൂടെയാണ് അയ്യപ്പന് എച്ച്എല്‍എല്ലിലെ ജീവനക്കാരെ ഏക ലക്ഷ്യത്തിലേക്ക് നയിച്ചത്. ഏത് തീരുമാനമെടുക്കുമ്പോഴും കമ്പനിയിലെ ജീവനക്കാരുടെ താല്‍പ്പര്യങ്ങള്‍ക്കാവും മുന്‍തൂക്കം നല്‍കുക.
firm and fair ഇതാണ് എച്ച്എല്‍എല്ലിന്റെ ഗവേണന്‍സ് സംവിധാനത്തിന്റെ മുഖമുദ്ര. ഇതിനെതിരെ ആദ്യകാലത്ത് രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നടക്കം എതിര്‍പ്പ് രൂക്ഷമായിരുന്നു. പിന്നീട് മാനേജ്മെന്റിന്റെ നീതിയുക്തമായ നിലപാട് ഏവര്‍ക്കും സ്വീകാര്യമായി. കമ്പനിയുടെ ഫിലോസഫി, തന്ത്രങ്ങള്‍, ലക്ഷ്യം എന്നിവയെല്ലാം എല്ലാതലത്തിലുമുള്ള ജീവനക്കാരിലേക്ക് വ്യക്തമായി എത്തി. ഇതിനായി ഇന്‍ ഹൗസ് മാഗസിനും കൃത്യമായ മീറ്റിംഗുകളും ആശയവിനിമയവും എല്ലാം ഫലപ്രദമായി വിനിയോഗിച്ചു.
ഏതൊരു കോര്‍പ്പറേറ്റ് സ്ഥാപനത്തിനും അതിന്റേതായ മൂല്യ സംവിധാനമുണ്ടായിരിക്കണമെന്ന നിലപാടാണ് അയ്യപ്പന്റേത്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ട്രിപ്പിള്‍ ടി (TTT) സിസ്റ്റം അയ്യപ്പന് കമ്പനിയില്‍ സ്വീകരിച്ചു. Trust (വിശ്വാസം), Transparent (സുതാര്യത), Teamwork (കൂട്ടായ പ്രവര്‍ത്തനം) ഇതാണ് എച്ച്എല്‍എല്ലിന്റെ വാല്യു സിസ്റ്റത്തിന്റെ അടിത്തറ. ഈ വാല്യു ചാര്‍ട്ടറില്‍ കമ്പനിയിലെ എല്ലാ ഓഫീസര്‍മാരും ഒപ്പുവെച്ചിരിക്കണമെന്ന നിബന്ധനയുണ്ട്. അതുപോലെ തന്നെ ടീമംഗങ്ങളെ പ്രചോദിപ്പിക്കുന്ന കോര്‍പ്പറേറ്റ് ഗാനവും കൊണ്ടുവന്നു. എല്ലാ ഔദ്യോഗിക ചടങ്ങുകളിലും എല്ലാ ജീവനക്കാരും കൈകള്‍ കോര്‍ത്ത് പിടിച്ച് ഈ ഗാനം ആലപിക്കും.
കമ്പനിയിലെ ഓരോ ജീവനക്കാരനും അവരുടെ ആശയങ്ങള്‍ സിഎംഡിയുമായി നേരിട്ട് പങ്കിടുന്നതിനുള്ള സംവിധാനമായാണ് ഹാര്‍ട്ട് ടു ഹാര്‍ട്ട് നടപ്പാക്കിയത്. ജീവനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, അഭിനന്ദനങ്ങള്‍ എന്നിവയെല്ലാം കമ്പനിയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി നേരിട്ട് പങ്കുവെയ്ക്കാം. ഇതിനായി കമ്പനിയില്‍ മെയ്ല് ബോക്സുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രത്യേക ഇ മെയ്ല് വിലാസവും ഉണ്ട്. ഈ കത്തുകള്‍ അങ്ങേയറ്റം രഹസ്യ സ്വഭാവത്തോടെ സിഎംഡി നേരിട്ടാണ് കൈകാര്യം ചെയ്യുന്നതും.
സ്വകാര്യമേഖലയ്ക്കു പോലും മാതൃകയാക്കാവുന്ന ശൈലീമാറ്റത്തിലൂടെ നേട്ടങ്ങളില്‍ നിന്ന് നേട്ടങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന കമ്പനിയുടെ വിജയരഹസ്യത്തെക്കുറിച്ച് ചോദിച്ചാല്‍ അയ്യപ്പന് വ്യക്തമായ ഉത്തരമുണ്ട്. ബിസിനസ് അത്ര ബുദ്ധിമുട്ടേറിയ സംഗതിയുമല്ല. എന്നാല്‍ കാലത്തിനൊത്ത മാറ്റത്തിനു തയ്യാറാണോ എന്നതാണ് പ്രശ്നം. പരിവര്‍ത്തനം വരേണ്ടത് അതിന്റെ നേതൃത്വത്തില്‍നിന്നു തന്നെയാണ്. ജീവനക്കാരെ മാറ്റത്തിനായി പ്രചോദിപ്പിക്കുകയാണ് പ്രധാനം. എല്ലാ ജീവനക്കാരെയും പ്രചോദിപ്പിക്കുന്ന ഒരു ഉദ്ദേശ ലക്ഷ്യം കമ്പനിക്കുണ്ടായിരിക്കണം.
മാറ്റത്തിന്റെ ആവശ്യകത, അത് സംഭവിച്ചാലുണ്ടാകുന്ന മെച്ചങ്ങള്‍, ഗുണഫലങ്ങള്‍, ദീര്‍ഘകാല മെച്ചങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം അവബോധം സൃഷ്ടിച്ചുകൊണ്ടായിരിക്കണം ജീവനക്കാരെ ഇതിനായി പ്രചോദിപ്പിക്കേണ്ടത്. പരിവര്‍ത്തനത്തിന്റെ ആത്യന്തിക ഫലം ജീവനക്കാരുടെ ഉന്നതി തന്നെയാകണം. മാത്രമല്ല മാറ്റത്തിന്റെ എല്ലാ ഘട്ടത്തിലും ജീവനക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയും വേണം. മാറ്റത്തിന് പ്രചോദനമേകുന്ന ഏറ്റവും ലളിതവും ഫലപ്രദവുമായ വഴിയാണ് ആശയവിനിമയം. മികച്ച പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയെന്നത് നല്ലൊരു കീഴ്വഴക്കമാണ്. സഹായഹസ്തം നീട്ടുക: തടസങ്ങള്‍ മറികടന്ന് മുന്നേറാന്‍ ആര്‍ക്കു മുന്നിലും ഒരു സഹായഹസ്തം നീട്ടാന്‍ മാനേജ്മെന്റ് തയാറാകണം. എപ്പോഴും ആവോളം പിന്തുണയും നല്‍കുക.വിജയത്തിന് സഹായകരമാകുന്ന മാറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുക. മാറ്റം എന്നത് കമ്പനിയുടെ സംസ്കാരത്തിന്റെ ഭാഗമാക്കി മാറ്റുക. കമ്പനിയിലുണ്ടാകുന്ന മാറ്റങ്ങള്‍ എങ്ങനെ ഓരോ ജീവനക്കാരനും മെച്ചമാകുമെന്ന കാര്യം ഓരോരുത്തരെയും ധരിപ്പിച്ചു. ഇതോടെ കമ്പനിയുടെ ലക്ഷ്യവുമായി ജീവനക്കാര്‍ക്ക് ആത്മബന്ധം ഉടലെടുക്കാന്‍ തുടങ്ങി. പടിപടിയായി കമ്പനിയിലെ ജീവനക്കാര്‍ എല്ലാവരും വിജയം ശീലമാക്കിയ ഒരു ടീമിന്റെ ഭാഗമായി മാറുകയായിരുന്നു. ഉപഭോക്തൃ കേന്ദ്രീകൃതമായിരിക്കണം കമ്പനി. അതുപോലെ മികവാര്‍ജ്ജിക്കുന്നതിനുള്ള അദമ്യമായ ആഗ്രഹവും വേണം. അയ്യപ്പന് പറഞ്ഞു. ഈ മാറ്റങ്ങളുടെ തുടര്‍ച്ചയായാണ് കമ്പനി അതിന്റെ പേരും ലോഗോയും മാറ്റിയത്. അങ്ങനെ എച്ച്എല്‍എല്‍, എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡായി രൂപാന്തരം പ്രാപിച്ചു ”ഇതുതന്നെ കമ്പനിയുടെ രൂപാന്തരണത്തിനുള്ള ഏറ്റവും വലിയ തെളിവായിരുന്നു. ജീവനക്കാരില്‍ വന്ന പരിവര്‍ത്തനത്തിന്റെ ഫലം മാത്രമായിരുന്നു കമ്പനിയുടെ പരിവര്‍ത്തനം. 1966ല്‍ പ്രകൃതിദത്ത റബര്‍ ഏറെ ലഭ്യമായ കേരളത്തില്‍ ഗര്‍ഭ നിരോധന ഉറ നിര്‍മിക്കാന്‍ സ്ഥാപിക്കപ്പെട്ട എച്ച്എല്‍എല്‍ ഇന്ന് ഏഴ് അത്യാധുനിക ഫാക്റ്ററികള്‍ സ്വന്തമായുള്ള, ഭാരതത്തിലെമ്പാടുമായി 22 റീജ്യണല്‍ ഓഫീസുകളുള്ള, ലോകത്തെ 115 രാജ്യങ്ങളിലെ വിപണികളില്‍ സാന്നിധ്യമുള്ള വന്‍കിട കമ്പനിയായി മാറിയിരിക്കുന്നു. ലോകത്തുതന്നെ ഗര്‍ഭ നിരോധനവുമായി ബന്ധപ്പെട്ട് സമ്പൂര്‍ണമായ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്ന ഏക കമ്പനിയാണ് എച്ച്എല്‍എല്‍.,” അയ്യപ്പന് വ്യക്തമാക്കുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളെ രാഷ്ട്രീയക്കാര്‍ ചൂഷണം ചെയ്യുകയാണെന്ന ധാരണ പരക്കേയുണ്ട്. അത്തരമൊരു സാഹചര്യമുണ്ടെങ്കില്‍ അതിന് ചീഫ് എക്സിക്യൂട്ടിവ് ഓഫീസറും ഉത്തരവാദിയാണ്. മൂല്യങ്ങളില്‍ അടിയുറച്ചു നിന്നുകൊണ്ട് ശരിയായ വിധത്തില്‍ പ്രവര്‍ത്തിച്ചാല്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ വൃന്ദവും അതിനെ പിന്തുണയ്ക്കും. എന്റെ അനുഭവം അതാണ്. കമ്പനിയില്‍ തികച്ചും അനുയോജ്യരായ ജീവനക്കാരെ ലഭിക്കാന്‍ പുറത്തുനിന്നുള്ള ഇടപെടലുകള്‍ പരമാവധി ഒഴിവാക്കി. അഭിമുഖം കഴിഞ്ഞ് കഴിയുന്നതും അതേ ദിവസം തന്നെ നിയമനക്കത്ത് നല്കാന് ശ്രമിച്ചു. പുറത്തുനിന്നുള്ള സ്വാധീനം ഉപയോഗിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നത് തന്നെ ഉദ്യോഗാര്‍ത്ഥികളെ അയോഗ്യരാക്കുമെന്ന സന്ദേശം എല്ലാ കോണുകളിലും എത്തിച്ചു. സ്ഥാനക്കയറ്റങ്ങളും യോഗ്യതയുടെ മാത്രം അടിസ്ഥാനത്തിലാക്കി. തുടക്കത്തില്‍ ഈ തീരുമാനം എതിര്‍പ്പുണ്ടായി. രാഷ്ടീയക്കാരെ ബോധ്യപ്പെടുത്തിയതോടെ പ്രശ്നം തീര്‍ന്നു. അയ്യപ്പന് പറഞ്ഞു.
പബ്ലിക് ലിമിറ്റഡ് കമ്പനിയായ എച്ച്എല്‍എല്ലിന്റെ ഓഹരി അടിത്തറ 15 കോടിയില്‍ നിന്ന് 300 കോടിരൂപയായി ഉയര്‍ന്നുകഴിഞ്ഞു. തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടില്‍ 100 ഏക്കര്‍ സ്ഥലത്ത് 595 കോടിരൂപ മുടക്കി നിര്‍മിക്കുന്ന ഇന്റഗ്രേറ്റഡ് വാക്സിന് കോംപ്ലക്സ് പദ്ധതി എച്ച്എല്‍എല്ലിന്റെ സബ്സിഡിയറി സ്ഥാപനമായ എച്ച്എല്‍എല്‍ ബയോടെക്ലിമിറ്റഡിനു കീഴിലാണ്സ്ഥാപിക്കുന്നത്. രാജ്യത്തിന്റെ വാക്സിന് സുരക്ഷ ലക്ഷ്യമിട്ട്സ്ഥാപിക്കുന്ന ഈ പദ്ധതി ദേശീയ പ്രാധാന്യമുള്ള ഒന്നാണ്. എച്ച്എല്‍എല്ലിന്റെ പര്യായമായിത്തന്നെ വിശേഷിപ്പിക്കപ്പെടുന്ന മൂഡ്സ്’ ഗര്‍ഭനിരോധന ഉറകള്‍ കമ്പനിയുടെ വിപണിയിലെ മേധാവിത്തത്തെ വളരെയധികം സഹായിക്കുന്ന സൂപ്പര്‍ ബ്രാന്‍ഡായി മാറിയിട്ടുണ്ട്. ഇന്ന് രാജ്യമെമ്പാടുമായി അഞ്ച് ലക്ഷത്തിലേറെ റീട്ടെയ്ല്‍ ഔട്ട്ലെറ്റുകളിലൂടെ വില്‍പ്പന നടത്തുന്നു. 600 ലേറെ മാര്‍ക്കറ്റിംഗ് ജീവനക്കാരാണ് കമ്പനിക്കുള്ളത്. 115 രാജ്യങ്ങളില്‍ എച്ച്എല്‍എല്‍ ഇപ്പോള്‍ തങ്ങളുടെ ഉല്പന്നങ്ങളുമായി സജീവമാണ്. രാജ്യാന്തര വിപണിയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ദുബായ്, ബ്രസീല്‍, കെനിയ, നൈജീരിയ എന്നിവിടങ്ങളില്‍ എക്സിക്യൂട്ടിവുകളുമുണ്ട്. വളരെ കുറഞ്ഞ കാലംകൊണ്ട് രാജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങള്‍ക്കെല്ലാം മാതൃകയാകാന്‍ എച്ച്എല്‍എല്ലിനു കഴിഞ്ഞിട്ടുണ്ട്.
പൊതുമേഖലയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ത്തന്നെ മാറ്റി എഴുതി എച്ച്എല്‍എല്‍ കുതിക്കുമ്പോള്‍ കേരളത്തിനും അഭിമാനിക്കാം. കേരളത്തിലെ കേന്ദ്ര സ്ഥാപനത്തിന്റെ മലയാളിയായ പ്രൊഫഷണലിന്റെ വിജയമാണിത്. മലയാളം സ്കൂളില്‍ പഠിച്ച് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ബിരുദമെടുത്ത അയ്യപ്പന് സാക്ഷാല്‍ ശബരിമല അയ്യപ്പന്റെ അടിയുറച്ച ഭക്തനുമാണ്. മലയാളമാസം ഒന്നിന് എം.അയ്യപ്പന് ശബരിമല സന്നിധിയിലുണ്ടാകും. തിരുവനന്തപുരം പാല്‍കുളങ്ങര സ്വദേശിയായ അയ്യപ്പന്റെ രണ്ടു മക്കളും അച്ഛന്റെ വഴിയെ തന്നെ, ഗോവിന്ദ് ദുബായിയിലും നന്ദകുമാര്‍ ഹരിയാനയിലും എഞ്ചിനീയര്‍മാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: