ആലപ്പുഴ: ദേശീയപാതയില്‍ പോലും പോലീസ് പട്രോളിങ് കാര്യക്ഷമമായി നടക്കുന്നില്ലെന്നതിന്റെ പ്രത്യക്ഷോദാഹരണമാണ് എരമല്ലൂരില്‍ വാഹനാപകടത്തില്‍ മണിക്കൂറുകള്‍ ചോര വാര്‍ന്ന് യുവാക്കള്‍ മരിച്ച സംഭവം. ഞായറാഴ്ച പുലര്‍ച്ചെ നാലോടെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിനടിയിലേക്ക് പാഞ്ഞു കയറിയത്. സാരമായി പരിക്കേറ്റ് ഇരുവരും ചോര വാര്‍ന്നാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെ പ്രഭാത സവാരിക്ക് പോയവരാണ് അപകട വിവരം പോലീസിനെ അറിയിക്കുന്നത്. എന്നാല്‍ പുലര്‍ച്ചെ രണ്ടിനാണ് അപകടം നടന്നതെന്ന് പറയപ്പെടുന്നു. അതായത് ഇത്രയും സമയം പോലീസ് പട്രോളിങ് ദേശീയപാതയിലുണ്ടായിരുന്നില്ലെന്ന് വ്യക്തം.
ദേശീയപാതയില്‍ നിന്ന് അര മീറ്റര്‍ പോലും അകലെയല്ല അപകടം നടന്നത്. ഇതുവഴി കടന്നുപോകുന്ന വാഹന യാത്രക്കാരും അപകടത്തില്‍പ്പെട്ട് യുവാക്കള്‍ ചോര വാര്‍ന്ന് മരണത്തോട് മല്ലടിക്കുന്ന കാഴ്ച കാണാതിരിക്കില്ല. നൂറുകണക്കിന് വാഹനങ്ങളാണ് ഇത്രയും സമയത്തിനുള്ളില്‍ ഇതുവഴി കടന്നുപോയിട്ടുള്ളത്. ആരെങ്കിലും ഒരാള്‍ വിചാരിച്ചിരുന്നെങ്കില്‍ രണ്ട് യുവാക്കളുടെ ജീവന് രക്ഷിക്കാന്‍ കഴിയുമായിരുന്നു.
സ്വന്തം തിരക്കിനിടയില്‍ സഹജീവികളുടെ ജീവന് യാതൊരു വിലയും നമ്മള് കല്പ്പിക്കുന്നില്ലായെന്നതിന്റെ തെളിവു കൂടിയാണ് ഈ ദാരുണ സംഭവം. അപകടത്തില്‍ പരിക്കേല്‍ക്കുന്നവരെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കില്ലെന്നും വാഹനക്കൂലി വരെ നല്‍കുമെന്നും ആഭ്യന്തരമന്ത്രി പ്രസ്താവിച്ചിരുന്നു. എന്നാല്‍ യാതൊരു ഫലവുമുണ്ടായില്ല. റോഡുകളിലെ അമിതവേഗത പോലെ തന്നെ അപകടകരമായി മാറുകയാണ് ഈ നിസംഗതയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: