വൈപ്പിന്‍: പള്ളിപ്പുറം കോണ്‍വെന്റ് കടവില്‍ പാലം നിര്‍മ്മിക്കണമെന്ന തീരദേശത്തുകാരുടെ ആവശ്യത്തോട് മനുഷത്വം കാണിക്കണമെന്ന് കേന്ദ്ര ബാലസാഹിത്യ പുരസ്കാര ജേതാവ് സിപ്പി പള്ളിപ്പുറം സര്‍ക്കാരിനോടും ജനപ്രതിനിധികളോടും ആവശ്യപ്പെട്ടു. കോണ്‍വെന്റ് കടവില്‍ പാലം വേണമെന്നാവശ്യപ്പെട്ട് ഈ ഭാഗത്തെ വീട്ടമ്മമാര്‍ സംഘടിച്ച് രൂപീകരിച്ച ജനകീയ സമരസമിതി നടത്തി വരുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരത്തിന്റെ ഇരുപത്തിയഞ്ചാം ദിവസമായ ശനിയാഴ്ച സംഘടിപ്പിച്ച ജനകീയ സംഗമം ഉല്‍ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തീരദേശത്തെ യാത്രാദുരിതംകൊണ്ട് പൊറുതിമുട്ടിയ ഇവര്‍ നാലു പതിറ്റാണ്ട് കാലമായി ആവശ്യപ്പെടുന്ന ഒന്നാണ് ബീച്ച് പാലം. ഇവിടെ രാഷ്ട്രീയമില്ല. ആവശ്യത്തിനു മുന്നില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. ഇവരുടെ കുഞ്ഞുമക്കള്‍ക്കും മറ്റും സുരക്ഷിത യാത്രയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. എന്നാല്‍ പാലത്തിനായുള്ള രാഷ്ട്രീയ ഇഛാശക്തി ഇല്ലാതെ പോയതാണ് ഇതുവരെ പാലം യാഥാര്‍ഥ്യമാകാതിരുന്നതെന്ന് സിപ്പി പറഞ്ഞു .
എഴുപത്തിയഞ്ചു കാരിയായ ഭൈമി കാര്‍ത്തികേയനാണ് ശനിയാഴ്ച സമരപ്പന്തലില്‍ നിരാഹാരമനുഷ്ഠിച്ചത്. ഇവരെ സിപ്പി ഹാരമണിയിച്ചു . സംഗമത്തില്‍ സമര സമിതി പ്രസിഡന്റ് ഡെയ്സി ജോണ്സണ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ 24 ദിവസം നിരാഹാരം അനുഷ്ഠിച്ച വീട്ടമ്മമാര്‍ ഹാരം അണിഞ്ഞ് സമരപ്പന്തലില്‍ അണി നിരന്നു. നാളിതുവരെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു. പാലത്തിന്റെ ആവശ്യകതയും നാട്ടുകാരുടെ ദുരിതങ്ങളും പ്രതിപാദിക്കുന്ന ഗാനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ജനകീയ ഗാനമേള സംഗമത്തിനു കൊഴുപ്പുകൂട്ടി. ബിജെപി മത്സ്യപ്രവര്‍ത്തക സെല്‍ സംസ്ഥാന കണ്‍വീനര്‍ കെ കെ വേലായുധന്, കോണ്‍ഗ്രസ് ഐ ബ്ലോക്ക് പ്രസിഡന്റ് വിഎസ് സോളിരാജ്, ഫാ.പ്രിന്‍സ് പടമാട്ടുമ്മല്‍, പോള്‍ ജെ മാമ്പിള്ളി, അലക്സ് താളൂപ്പാടത്ത്,അബ്ദുള്‍ റഹ്മാന്, വി.വി അനില്‍, ഗോപി മുനമ്പം ,ബാബു കുഞ്ഞന്‍, ജോസഫ്പനക്കല് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: