കുട്ടനാട്: ബാറുകള്‍ക്ക് പൂട്ട് വീണതോടെ കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളില്‍ വ്യാജവാറ്റും ഊറ്റിക്കൊടുപ്പ് സംഘങ്ങളും സജീവമായി. വ്യാജമദ്യ വേട്ടയ്ക്കായിസംസ്ഥാന സര്‍ക്കാര്‍ എക്സൈസിന് നല്കിയ ജാഗ്രതായാനം പേരിനു പോലും എക്സൈസ് ഉദ്യോഗസ്ഥര്‍ പട്രോളിങ് നടത്തുന്നില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കുട്ടനാട്ടിലെ വാറ്റു കേന്ദ്രങ്ങളുടെ തലസ്ഥാനം എന്നറിയപ്പെടുന്നത് ആര് ബ്ലോക്ക് പ്രദേശമാണ്. ഇവിടെ വ്യാജവാറ്റിന് നേതൃത്വം നല്കുന്നവര് തന്നെ തുറന്നുപറയുന്നത് എക്സൈസിന് മാസപ്പടി നല്‍കുന്നുവെന്നാണ്. ഇത്തരക്കാര്‍ക്ക് വേണ്ടവിധത്തില്‍ സഹായം ചെയ്ത് എങ്ങനെ പണം ഉണ്ടാക്കാമെന്ന് പഠിക്കുന്ന തിരക്കിലാണ് കുട്ടനാട് എക്സൈസ് റേഞ്ച് ഓഫീസിലെ ജീവനക്കാര്‍.
ഒരുമാസത്തിനുള്ളില്‍ വെളിയനാട്, പുളിങ്കുന്ന്, കാവാലം, നീലംപേരൂര്‍, മുട്ടാര്‍ പ്രദേശങ്ങളില്‍ ഊറ്റിക്കൊടുപ്പ് സംഘങ്ങള്‍ സജീവമായിരിക്കുകയാണ്. ഫോണിലൂടെ മദ്യം ആവശ്യപ്പെട്ടാല്‍ അത് വീട്ടിലെത്തിച്ച് കൊടുക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. വിദേശമദ്യഷാപ്പുകളിലെ ജീവനക്കാരുമായി ഒത്തുകൊണ്ടാണ് ഇവരുടെ പ്രവര്‍ത്തനം. ഇത്തരം പ്രവര്‍ത്തികള്‍ സജീവമാകുമ്പോഴും ഇതൊന്നും കണ്ടഭാവം അധികൃതര്‍ നടിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: