സ്വന്തം ലേഖകന്‍
കോട്ടയം: കാടമുറി നരസിംഹസ്വാമി ക്ഷേത്രത്തിന്റെ ചരിത്ര പ്രാധാന്യം തേടി വീണ്ടും ഗവേഷകരെത്തി. പ്രമുഖ ചരിത്ര ഗവേഷകനായ എം.ആര്. രാഘവവാര്യര് കോഴിക്കോട് ഗവണ്മെന്റ് കോളേജിലെ ചരിത്ര വിഭാഗം അദ്ധ്യാപകന് എസ്. ശ്രീജിത്ത്, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം സെക്രട്ടറി അജിത് കെ. ശ്രീധര്‍, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും ചലച്ചിത്ര അക്കാദമിയുടെയും അംഗമായ രാജാ ശ്രീകുമാരവര്‍മ്മ എന്നിവരടങ്ങുന്ന സംഘമാണ് ഇന്നലെ ക്ഷേത്രത്തിലെത്തി ശിലാരേഖകള്‍ പരിശോധിച്ചത്.
നേരത്തെ ഒരാഴ്ച മുമ്പും ഇവര്‍ ക്ഷേത്രത്തിലെത്തി പരിശോധന നടത്തിയിരുന്നു. ക്ഷേത്രത്തിന്റെ വട്ടശ്രീകോവിലിനു ചുറ്റുമുള്ള അധിഷ്ഠാനത്തില്‍ നിറയെ ശിലാലിഖിതങ്ങളാ
ണെന്ന് ഇന്നലെ ഗവേഷകസംഘം കണ്ടെത്തി. അതേസമയം ശിലാലിഖിതങ്ങളുടെ മേല്‍ നിരവധി തവണ ചായം പൂശിയതിനാല്‍ ഭൂരിപക്ഷവും വായിക്കാനും തിരിച്ചറിയാനും കഴിയാത്ത വിധം മറയ്ക്കപ്പെട്ടിരിക്കുന്നു.
ശ്രീകോവിലിനു സമീപം ചെമ്പുപാളി പാകിയത് കുറച്ചുഭാഗം പൊളിച്ചുനീക്കി ശിലാലിഖിതം തെളിയിച്ചിരുന്നു. കലിവര്‍ഷമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഊരാണ്മക്കാരായ താമരച്ചേരി, വടശ്ശേരി എന്നീ രണ്ട് ഇല്ലങ്ങളുടെ പേരുകളും വായിച്ചെടുക്കാനായി. പരമേശ്വരന് കൃഷ്ണന് എന്ന പരമന് കിട്ടന് എന്ന നാമധേയവും കാടമുറിയുടെ പ്രാചീന നാമമായ കാടമറുകെന്ന പ്രയോഗവും വായിച്ചെടുക്കാനായി. പുരാവസ്തു വകുപ്പിന്റെ ഉദ്യോഗസ്ഥരെത്തി, ശാസ്ത്രീയമായി ചായം നീക്കി ശിലാരേഖകള്‍ തെളിയിച്ചെടുത്താല്‍ മാത്രമേ പൂര്‍ണവിവരം
അറിയാന്‍ കഴിയൂവെന്ന് ചരിത്ര ഗവേഷകനായ രാഘവ വാര്യര്‍ പറഞ്ഞു. ക്ഷേത്രത്തിന്റെ ഉരാണ്മക്കാരെപ്പറ്റിയും സ്വത്തുവകകളെപ്പറ്റിയും അടക്കം ചരിത്രത്തിലേക്ക് വിരല്‍ ചൂണ്ടുന്ന നിരവധി വിവരങ്ങള്‍ ഒളിഞ്ഞുകിടപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രത്തിലെ ആല്‍വിളക്കിലും ബലിക്കല്ലിലും രേഖപ്പെടുത്തിയിരുന്ന വിവരങ്ങളും ചരിത്രാന്വേഷക സംഘം വായിച്ചെടുത്തു. ക്ഷേത്ര നിര്‍മ്മാണത്തിനുശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ പണിതീര്‍ത്ത ആനക്കൊട്ടിലിലെ തുലാത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള എടത്തില്‍പറമ്പില്‍ അയ്യപ്പന് വക വഴിപാട് എന്ന എഴുത്തും രാഘവ വാര്യര്‍ വായിച്ചെടുത്തു.
വടശ്ശേരി, താമരശ്ശേരി, തുരുത്തി, നാരായണമംഗലം, പോളശേരി, പിണക്കാമറ്റം, എന്നീ ഏഴ് ഇല്ലങ്ങളാണ് ക്ഷേത്രത്തിന്റെ ഊരാണ്മക്കാര്. പഞ്ചപ്രാകാരവും മഹാപ്രാകാരവുമുള്ള ഈ ക്ഷേത്രത്തിന്റെ ശ്രീലകത്തിന് 12, 13 നൂറ്റാണ്ടിലെ ഘടനയാണുള്ളത്. ഉഗ്രനരസിംഹമൂര്‍ത്തി പ്രതിഷ്ഠയുള്ള ഈ ക്ഷേത്രത്തിന്റെ ഉടമകള്‍ വേദാധികാരമുള്ള നമ്പൂതിരി ഗ്രാമങ്ങളില്‍ തെക്കേയറ്റത്തുള്ളവരാണ്.
ക്ഷേത്രം മാനേജര്‍ ഇളങ്ങള്ളൂര്‍ കൃഷ്ണന് നമ്പൂതിരി, ഊരാണ്മക്കാരായ തുരുത്തിയില്ലത്ത് നാരായണന് നമ്പൂതിരി, താമരശ്ശേരി ഇല്ലത്ത് മധുസൂദനന് നമ്പൂതിരി, ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ പി.കെ. രാധാകൃഷ്ണന്, സുകുമാരന്‍ നായര്‍, എം.എസ്. ശ്രീകുമാര്‍ എന്നിവരും ചരിത്രാന്വേഷണ സംഘത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: