ന്യൂയോര്‍ക്ക്: ഭാരത വംശജനായ വിദ്യാര്‍ത്ഥിക്ക് അമേരിക്കയിലെ യുവ ശാസ്ത്ര പുരസ്കാരം. പതിനാലുകാരനായ സാഹില്‍ ദോഷിയാണ് യുഎസിലെ ഏറ്റവും മികച്ച യുവശാസ്ത്രജ്ഞനുള്ള അവാര്‍ഡിന് അര്‍ഹനായത്. ഹരിതഗൃഹവാതകങ്ങളുടെ പ്രസരണം കുറയ്ക്കാന്‍ സഹായിക്കുന്ന പരിസ്ഥിതിസൗഹൃദ ബാറ്ററിയിലൂടെ സാഹില്‍ നേട്ടത്തിന്റെ നെറുകയിലെത്തുകയായിരുന്നു.
മിനസോട്ടയിലെ 3എം ഇന്നൊവേഷന് സെന്ററില്‍ നടന്ന മത്സരത്തിലാണ് ഒമ്പതാം ക്ലാസുകാരനായ സാഹില്‍ തന്റെ കണ്ടുപിടിത്തം അവതരിപ്പിച്ചത്. ‘ഡിസ്കവറി എഡ്യൂക്കേഷന്‍ യങ് സയന്റിസ്റ്റ് 2014’ എന്ന പേരിലെ ശാസ്ത്ര മത്സരത്തില്‍ സാഹിലിനൊപ്പം മറ്റ് ഒമ്പത് ഫൈനലിസ്റ്റുകളും മാറ്റുരച്ചു. മൂന്നുമാസത്തോളം 3എമ്മിലെ ശാസ്ത്രജ്ഞരോടൊപ്പം ചെലവിടാനും ഈ യുവപ്രതിഭകള്‍ക്ക് അവസരം നല്‍കിയിരുന്നു.
തത്സമയ ഫൈനലില്‍, കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ വൈദ്യുതോര്ജ്ജമാി പരിവര്‍ത്തനം ചെയ്യുന്ന ബാറ്ററിയുടെ (പൊല്യൂസെല്) മാതൃക സാഹില്‍ ജൂറിക്ക് മുന്നില്‍വച്ചു. വികസ്വര രാജ്യങ്ങളിലെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുന്ന പൊല്യൂസെല് ഭൂമിയിലെ കാര്‍ബണിന്റെ അളവു കുറയ്ക്കാനും സഹായിക്കുമെന്ന് പുരസ്കാര നിര്‍ണയ സമിതി വിലയിരുത്തി. 1000 ഡോളിന്റെ സമ്മാനത്തുകയ്ക്കൊപ്പം കോസ്റ്റാറിക്ക പോലുള്ള ഏതെങ്കിലുമൊരിടത്തേക്ക് സാഹസിക സഞ്ചാരത്തിനും അവാര്‍ഡ് നേട്ടം സാഹിലിന് അവസരമൊരുക്കിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: