എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് പരമ്പരാഗത കാനനപാതയായി ഉപയോഗിച്ചിരുന്ന അയ്യപ്പന്‍താര പാത ഏറ്റെടുക്കുന്നത് സംബന്ധിച്ച് യാതൊരുവിധ തുടര്‍നടപടികളും ഉണ്ടായിട്ടില്ലെന്ന് പൊതുമാരമത്ത് വകുപ്പിന്റെ റിപ്പോര്‍ട്ട്.
അയ്യപ്പന്‍താര റോഡ് ഏറ്റെടുക്കന്നതു സംബന്ധിച്ച് പൊതുപ്രവര്‍ത്തകനായ ലൂയിസ് ഡേവിസ് കണ്ടത്തില്‍ വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയിന്മേല് പൊതുമരാമത്ത് വകുപ്പ് നല്കിയ മറുപടിയിലാണ് ഏറ്റെടുക്കല്‍ അനാസ്ഥ വ്യക്തമാകുന്നത്.
എരുമേലി ഗ്രാമപഞ്ചായത്തിന്റെ റോഡ് രജിസ്റ്ററിലുള്ള 36 റോഡുകളില്‍ പത്താം നമ്പറിലുള്ള നേര്‍ച്ചപ്പാറ-പേരൂര്‍ത്തോട് പരമ്പരാഗത അയ്യപ്പന്താരറോഡ് ഏറ്റെടുത്ത് സഞ്ചാരയോഗ്യമാക്കുന്നതിനായി 2003-04ല്‍ ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും നല്‍കിയിരുന്നു. റോഡ് നവീകരിക്കുന്നതിനായി ജനകീയ കമ്മറ്റി കൂടിയെങ്കിലും പണികളൊന്നും നടന്നില്ല. 2010-11ല്‍ സര്‍ക്കാര്‍ അയ്യപ്പന്‍താര റോഡിന്റെ പണികള്‍ക്കായി ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി പിഡബഌുഡിയെ ചുമതലപ്പെടുത്തി എഎസ് നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്കായില്ല.
മൂന്നര കിലോമീറ്ററിലധികം ദൂരവും 15 അടിയിലധികം വീതിയുമുണ്ടായിരുന്ന പരമ്പരാഗത അയ്യപ്പന്‍താര പാത ചില എസ്റ്റേറ്റ് മുതലാളിമാരും സ്വകാര്യ വ്യക്തികളും കയ്യേറിയതോടെ അയ്യപ്പന്‍താര അപ്രത്യക്ഷമാകുകയായിരുന്നു. അയ്യപ്പന്‍താര റോഡ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് താലൂക്ക് സഭയില്‍ നല്കിയ അപേക്ഷയിന്മേലുള്ള തുടര്‍നടപടികളാണ് ഒരു വര്‍ഷമായി അനിശ്ചിതത്വത്തിലായിരിക്കുന്നത്. അയ്യപ്പന്‍താര ഏറ്റെടുക്കുന്നതു സംബന്ധിച്ച് എരുമേലി ഗ്രാമപഞ്ചായത്തിന്റെയോ റവന്യൂ വകുപ്പിന്റെയോ യാതൊരുവിധ അറിയിപ്പും നല്‍കിയിട്ടില്ലെന്നും മരാമത്ത് വ്യക്തമാക്കുന്നു. എന്നാല്‍ സ്വകാര്യവ്യക്തികള്‍ കയ്യേറിയ റോഡ് തിരിച്ചു പിടിക്കാനോ മന്ത്രിയും ആര്‍ഡിഒയും നിര്‍ദ്ദേശം നല്കിയ റോഡിന്റെ തുടര്‍ നടപടികള്‍ സ്വീകരിക്കാനോ റവന്യൂവകുപ്പും തയ്യാറിയില്ലെന്നുള്ളതും വ്യക്തമായിരിക്കുകയാണ്. ഇതിനിടെ കഴിഞ്ഞ വര്‍ഷം അയ്യപ്പന്‍താര ഏററെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും ബിജെപി പ്രവര്‍ത്തകരും നടത്തിയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ കേസു നല്കി ഭീഷണിപ്പെടുത്താനുള്ള നീക്കവും അണിയറയില്‍ നടക്കുകയാണ്. അയ്യപ്പന്‍താര റോഡ് ഏറ്റെടുക്കുന്നതു സംബന്ധിച്ചുള്ള വകുപ്പുകളുടെ പരസ്പരമുള്ള പഴിചാരലും കടുത്ത അനാസ്ഥയും ജനകീയ പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. പഞ്ചായത്തുവക റോഡില്‍ കൃഷിയിറക്കി ആദായം എടുക്കുകയും അയ്യപ്പന്‍താര ഏറ്റെടുക്കല്‍ നടപടി അനിശ്ചിതത്വത്തിലാക്കുന്നതിനു പിന്നിലും വിവിധ വകുപ്പുകളുടെ ഒത്താശയും രാഷ്ട്രീയ സ്വാധീനവുമാണെന്നും നാട്ടുകാര്‍ പറഞ്ഞു.
വര്‍ഷങ്ങള്‍ക്കു മുമ്പ് ശബരിമല തീര്‍ത്ഥാടകര്‍ പരമ്പരാഗത കാനനപാതയായി ഉപയോഗിച്ചിരുന്ന അയ്യപ്പന്‍താര ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ബിജെപി പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് വി.സി. അജികുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: