മട്ടാഞ്ചേരി: ദീപാവലി മുഹൂര്‍ത്ത കച്ചവടം ഇന്ന് നടക്കും. സംസ്കൃതിയുടെ വാണിജ്യവര്ഷം സംവത് 2017ന് സ്വാഗതമേകിക്കൊണ്ടുള്ള മുഹൂര്‍ത്തകച്ചവടം സാമ്പത്തിക രംഗത്ത് ഒട്ടേറെ പ്രതീക്ഷകളാണുയര്‍ത്തുന്നത്. ആഭ്യന്തര രംഗത്തെ വ്യവസായിക വളര്‍ച്ച മുന്നേറ്റവും നാണയപ്പെരുപ്പത്തിലെ കുറവും ഇന്ധവില കുറയുന്നതും അന്താരാഷ്ട്ര രംഗത്തെ മാറ്റങ്ങളും, രാഷ്ട്രീയ മാറ്റങ്ങളുമെല്ലാം
ഇന്ത്യന്‍ വാണിജ്യ രംഗത്തിന് കരുത്തു പകരുമ്പോള്‍, വാണിജ്യരംഗത്തും ഓഹരി വിപണിയിലും നടക്കുന്ന മുഹൂര്ത്തകച്ചവടത്തില് നല്ലമാറ്റം പ്രകടമാകുമെന്നാണ് വാണിജ്യ- വ്യവസായ വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നത്. വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 6 വരെയുള്ള മുഹൂര്‍ത്ത വിപണി ഇടപാടുകള്‍ക്കായി വാണിജ്യ വ്യാപാര സമൂഹം തയ്യാറായികഴിഞ്ഞു. ലക്ഷ്മീ ഗണേശ പൂജകള്‍ക്ക് ശേഷമാണ് മുഹൂര്‍ത്ത വിപണി തുടങ്ങുക.
ഭാരത സംസ്കൃതിയിലെ സാമ്പത്തിക വര്‍ഷത്തിന് തുടക്കമാണ് മുഹൂര്‍ത്ത കച്ചവടമെന്നാണ് പഴമക്കാര്‍ പറയുന്നത്. 1980-കള്‍ വരെ ദീപാവലി മുതല്‍ ദീപാവലിവരെയായിരുന്നു ഭാരതത്തിലെ വാണിജ്യ- വ്യവസായ- നികുതി വിഭാഗങ്ങളുടെ സാമ്പത്തിക വര്‍ഷം. ഉദാരവല്ക്കരണവും സ്വകാര്യവല്‍ക്കരണവും വിദേശ വല്ക്കരണവും മാറ്റിമറിച്ച സാഹചര്യത്തിലാണ് ഏപ്രില്‍- മാര്‍ച്ച് കാലഘട്ടം സാമ്പത്തിക വര്ഷമായതെന്ന് പഴയകാല വ്യാപാരികള്‍ പറയുന്നു.
ശ്രാവണ പൂര്ണ്ണിമനാളില് പത്തേമാരികളിലൂടെ ഉല്പന്നങ്ങള് ലക്ഷ്യസ്ഥാനത്തേയ്ക്ക് നീക്കി ദീപാവലി മുഹൂര്‍ത്തവിപണിയില്‍ കച്ചവടം നടത്തുന്ന പഴയകാലസ്മൃതികളെ അനുസ്മരിച്ചാണ് ഇന്നും ദീപാവലി മുഹൂര്‍ത്ത കച്ചവടം നടക്കുന്നത്. പുതിയ സാമ്പത്തിക വര്‍ഷത്തേക്കാവശ്യമായ കണക്കുപുസ്തകങ്ങള്‍ അന്നേദിവസം രാവിലെ ലക്ഷ്മീ- ഗണേശ പൂജ നടത്തി തയ്യാറാക്കിവെയ്ക്കും. നിശ്ചിത മുഹൂര്‍ത്തത്തില്‍ നടക്കുന്ന മുഹൂര്‍ത്തവിപണിയില്‍ ഒരു യൂണിറ്റിന്റെയെങ്കിലും ഇടപാടുകള്‍ നടത്തുന്ന പരമ്പരാഗതശൈലി ഇന്നും വാണിജ്യ- വ്യാപാരകേന്ദ്രങ്ങള്‍ പിന്തുടരുന്നു.
ഇന്ത്യയിലെ 32 ഓളം ഉല്പന്നങ്ങള്ക്ക് മുഹൂര്ത്തവിപണിയിലാണ് കച്ചവടം നടക്കുന്നത്. ഒപ്പം ഓഹരിവിപണിയിലും മുഹൂര്‍ത്തകച്ചവടം നടക്കും. കേരളത്തില്‍ കൊച്ചി കേന്ദ്രീകരിച്ച് കുരുമുളക്, വെളിച്ചെണ്ണ കൊപ്ര, മഞ്ഞള്‍, റബ്ബര്‍ എന്നിവയാണ് മുഹൂര്ത്തകച്ചടത്തിലുള്ളത് കൂടാതെ സ്വര്‍ണ്ണം, വെള്ളി എന്നിവയിലും വ്യാപാരം നടക്കുന്നുണ്ട്. ഒരുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഉല്പന്നാടിസ്ഥാന മുഹൂര്‍ത്ത വിപണിയില്‍ കോടികളുടെ ഇടപാടാണ് നടക്കുന്നത്.
ഇന്ത്യയിലെ സുസ്ഥിര സര്‍ക്കാര്‍ ഭരണത്തിന്റെ പ്രതീക്ഷയില്‍ മുഹൂര്‍ത്തവിപണിയില്‍ വന്‍ കുതിപ്പുണ്ടാകുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ കരുതുന്നത്. ഓഹരി വിപണിയിലെ കഴിഞ്ഞകാല മുന്നേറ്റം വിപണിയ്ക്ക് കരുത്തേകിയിട്ടുണ്ട്. കുരുമുളക്, മഞ്ഞള്‍ ഉല്പന്നമേഖല കുതിപ്പിന്റെ പ്രതീക്ഷയിലാണ്. വെളിച്ചെണ്ണ, റബ്ബര്‍ വ്യാപാരരംഗം മുഹൂര്ത്തവിപണിയിലെ മാറ്റങ്ങള്‍ നിരീക്ഷിക്കുകയാണ്. വിലകളിലെ ഏറ്റകുറച്ചിലുകള്ക്കൊപ്പം വിപണിയിലെ ഭാവിമാറ്റങ്ങളും മുഹൂര്‍ത്തവിപണിയില്‍ പ്രകടമാകുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: