മാവേലിക്കര: പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ പേരില്‍ സിപിഎം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ജനപിന്തുണ നഷ്ടപ്പെട്ട സിപിഎം അണികളെയും പൊതുസമൂഹത്തെയും ഒപ്പം നിര്‍ത്താനാണ് ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ കമ്മറ്റികള്‍ വിളിച്ചുകൂട്ടുന്നത്. പാര്‍ട്ടി നേരിട്ട് നടത്തിയാല്‍ ആരും പങ്കെടുക്കില്ലെന്നതിനാല് സമൂഹത്തില്‍ സ്വാധീനമുള്ള വ്യക്തികളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. എല്ലാ രാഷ്ട്രീയക്കാരെയും പരിപാടിയിലേക്ക് വിളിക്കുന്ന പുതിയ അടവു നയമാണ് പ്രയോഗിക്കുന്നത്.
പഞ്ചായത്ത് അടിസ്ഥാനത്തില്‍ കമ്മറ്റി വിളിച്ചു ചേര്‍ക്കുകയും അതില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ കമ്മറ്റികള്‍ രൂപീകരിക്കുകയുമാണ് ചെയ്യുന്നത്. പഞ്ചായത്ത്, വാര്‍ഡ് കണ്‍വീനര്‍മാരായി പാര്‍ട്ടിക്കാരെ നിശ്ചയിക്കുന്നു. രക്ഷാധികാരി, പ്രസിഡന്റ് തുടങ്ങിയ പോസ്റ്റുകളില്‍ സമൂഹത്തില്‍ സ്വാധീനമുള്ളവരെ ഉള്‍പ്പെടുത്തുന്നു. എല്ലാവരും പദ്ധതിയില്‍ അംഗത്വമെടുക്കണം. 500 രൂപയാണ് കുറഞ്ഞ നിരക്ക്. പ്രമുഖരില്‍ നിന്നും വന്‍തുക സംഭാവയായും സ്വീകരിക്കുന്നുണ്ട്. ആംബുലന്‍സ് സര്‍വ്വീസ്, സൗജന്യ മരുന്നു വിതരണം, കിടപ്പു രോഗികളെ ചികിത്സിക്കല്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കുമെന്നാണ് ചുമതലക്കാര്‍ യോഗത്തില്‍ പറയുന്നത്. എന്നാല്‍ തെറ്റിദ്ധരിച്ച് യോഗത്തിനെത്തുന്ന പലരും സിപിഎം പദ്ധതിയാണെന്ന് അറിഞ്ഞ് പിന്മാറുന്നു. ജില്ലയില്‍ ഇതിന്റെ ചുമതല സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ നേതാവിനാണ്. പദ്ധതിയുടെ തുടക്കത്തില്‍ തന്നെ സാമ്പത്തിക ആരോപണം നേതാവിനെതിരെ ഉയര്‍ന്നു കഴിഞ്ഞു.
ജനങ്ങളുടെ ഉള്ളില്‍ വളര്‍ന്നു വരുന്ന സേവന മനസ്ഥിതിയെ മുതലെടുത്ത് ചില നേതാക്കന്മാര്ക്ക് പണം ഉണ്ടാക്കാനുള്ള പുതിയ അടവുനയമാണിതെന്നാണ് ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ പറയുന്നത്. ഔദ്യോഗിക വിഭാഗത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ് കമ്മറ്റികള്‍ രൂപീകരിക്കുന്നത്. അതിനാല്‍ വിഎസ് വിഭാഗം കമ്മറ്റികളില്‍ പങ്കെടുക്കാതെ പല സ്ഥലത്തും വിട്ടുനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: